20 May Friday
കോൺഗ്രസ്‌ കൂടുതൽ ദുർബലമാകും

ചോരകുടിക്കുന്ന ‘സെമികേഡർ ’ ; അക്രമവും കൊലവിളിയും പതിവ്‌

പ്രത്യേക ലേഖകൻUpdated: Wednesday Jan 12, 2022


തിരുവനന്തപുരം
കെ സുധാകരൻ കെപിസിസി അധ്യക്ഷനായപ്പോൾ മുതിർന്ന നേതാക്കൾ പ്രകടിപ്പിച്ച ഭയപ്പാട്‌ യാഥാർഥ്യമെന്ന്‌ തെളിയുന്നു. കൊലക്കത്തിക്ക്‌ മൂർച്ച കൂട്ടി എതിരാളികളെ അരിഞ്ഞുവീഴ്‌ത്തുന്ന സുധാകര ശൈലി കോൺഗ്രസിനെ കീഴ്‌പ്പെടുത്തുകയാണ്‌. മുൻ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ളവർ നൽകിയ മുന്നറിയിപ്പ്‌ ശരിയാവുകയാണ്‌.

ജനപിന്തുണ നഷ്ടപ്പെടുകയും പ്രവർത്തകർ ഉപേക്ഷിക്കുകയും ചെയ്ത പാർടിയെ ഭീതിയുടെ നിഴലിൽ വളർത്തുകയെന്ന തന്ത്രമാണ്‌ സുധാകരൻ പയറ്റുന്നത്‌. പാർടി പരിപാടികളിലും പ്രകടനങ്ങളിലും മുദ്രാവാക്യത്തിലും അക്രമശൈലിയും കൊലവിളിയും പതിവായി. അക്രമത്തിന് ഇരയായവരെ ആക്ഷേപിക്കുന്ന സുധാകരൻ രക്തസാക്ഷികളെയും അപമാനിക്കുന്നു. ഇടുക്കിയിൽ എസ്‌എഫ്‌ഐ പ്രവർത്തകനെ അതിദാരുണമായി കൊന്നപ്പോഴും അതിനെ അപലപിക്കാതെ സിപിഐ എമ്മിനെതിരെ ആക്രോശിച്ചു. ചീമേനി കൂട്ടക്കൊല, നാണു, നാൽപ്പാടി വാസു കൊലകൾ, ഇ പി ജയരാജനെ വെടിവച്ച്‌ കൊലപ്പെടുത്താൻ നടത്തിയ ശ്രമം തുടങ്ങി സുധാകരന്റെ ക്രിമിനൽ പശ്ചാത്തലം കേരളത്തിന്‌ മനപ്പാഠമാണ്‌.  ‘സെമികേഡർ’ എന്ന ഓമനപ്പേരിന്റെ പിന്നിലുള്ളത്‌ ചോരകുടിക്കുന്ന ‘ഹെവികേഡർ’തന്നെ. ആർഎസ്‌എസ്‌, എസ്‌ഡിപിഐ ‘കേഡർ’മാരെയടക്കം വാടകയ്‌ക്കെടുത്ത്‌ എല്ലാ ജില്ലയിലും പ്രത്യേക സംഘങ്ങൾ രൂപീകരിച്ച്‌ പരിഷ്കാരം നടപ്പാക്കുന്നു.സുധാകരന്റെ വിദ്യാർഥികാലത്തെ കെഎസ്‌യു നേതൃത്വമാണ്‌ ക്യാമ്പസുകളിൽ ചോരക്കളി രൂക്ഷമാക്കിയത്‌.

ഭുവനേശ്വരൻ, സി വി ജോസ്‌,  എം എസ്‌ പ്രസാദ്‌, കെ വി കൊച്ചനിയൻ, അനീഷ്‌ രാജൻ തുടങ്ങി ഒട്ടേറെ എസ്‌എഫ്‌ഐ പ്രവർത്തകർ കെഎസ്‌യുവിന്റെ കത്തിക്ക്‌ ഇരയായി. മഹാരാജാസ്‌ കോളേജിൽ കെഎസ്‌യു നടത്തിയ ആക്രമണമാണ്‌ സൈമൺ ബ്രിട്ടോയെ ജീവിതകാലം മുഴുവൻ ദുരിതത്തിലാഴ്‌ത്തിയത്‌.

ക്യാമ്പസുകളെ അതേ സംഘർഷാവസ്ഥയിലേക്ക്‌ എത്തിക്കാനാണ്‌ വീണ്ടും ശ്രമം. ചോരവീഴ്‌ത്തി വിജയം കൊയ്യാമെന്ന തന്ത്രം കോൺഗ്രസിനെ ഇന്നുള്ള അവസ്ഥയിൽനിന്ന്‌ എത്ര ദുർബലമാക്കുമെന്ന്‌ കേരളം കാണാൻ പോവുകയാണ്‌.

കൊലപാതകികളെ സംരക്ഷിച്ച്‌ 
കോൺഗ്രസ്‌ നേതൃത്വം
ധീരജ്‌ രാജേന്ദ്രനെ കൊലപ്പെടുത്തിയ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ അടക്കമുള്ളവരെ സംരക്ഷിച്ച്‌ നേതൃത്വം. ധീരജിനെ കൊലപ്പെടുത്തിയത്‌ താനാണെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ വാഴത്തോപ്പ്‌ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പൈലി പൊലീസിനോട്‌ സമ്മതിച്ചശേഷവും ഇയാൾക്കെതിരെ സംഘടനാ നടപടി എടുക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറായിട്ടില്ല.  വാഴ്‌ത്തുപാട്ടുകൾ കൊഴുപ്പിക്കുകയുമാണ്‌. ‘തള്ളിപ്പറയാനല്ല, ചേർത്തു പിടിക്കാനാണ്‌ ഇഷ്ട’മെന്ന്‌ കൊലപാതകിയെ ന്യായീകരിച്ച്‌ കോൺഗ്രസിന്റെ സൈബറിടത്തിൽ പോസ്റ്റുകൾ നിറയുമ്പോഴും ഇടുക്കി ജില്ലാനേതൃത്വം മൗനത്തിലാണ്‌.

കുറ്റകൃത്യത്തിൽ പങ്കെടുത്തവരെല്ലാം യൂത്ത്‌ കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും സജീവനേതാക്കളും പ്രവർത്തകരുമാണ്‌. യൂത്ത്‌ കോൺഗ്രസ്‌ ഇടുക്കി നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ജെറിൻ ജോജോയാണ്‌ അറസ്റ്റിലായ മറ്റൊരാൾ. ഇയാളെയും നേതൃത്വം സംരക്ഷിക്കുന്നു. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട കെഎസ്‌യു  കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറി അലക്‌സ്‌ റാഫേലിനെ പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽനിന്നാണ്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. വധത്തിൽ ഇയാളുടെ പങ്കാളിത്തവും വ്യക്തമാണ്‌. മൊബൈൽഫോണിലൂടെ പ്രതികൾ പരസ്‌പരം ബന്ധപ്പെട്ടതിന്റെ തെളിവുകളുടെയടക്കം അടിസ്ഥാനത്തിലാണ്‌ അന്വേഷണം. ജെറിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലെ വിശേഷണംതന്നെ ‘പി ടിയുടെ ശിഷ്യൻ’ എന്നാണ്‌. ഇടുക്കിയിൽ  പ്രമുഖ കോൺഗ്രസ്‌ നേതാക്കൾക്ക്‌ ഗുണ്ടാസംഘത്തെ വളർത്തിയെടുക്കുന്നതിൽ പങ്കുണ്ടെന്ന്‌ പണ്ടേ ആരോപണമുണ്ട്‌.  ഗ്രൂപ്പ്‌ താൽപ്പര്യാർഥം വളർത്തിയെടുത്ത ഇവരെ രാഷ്‌ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്യാനും നിയോഗിക്കാറുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top