ഇടുക്കി> എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എ രാജ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കെ ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയത് ബിജെപിയെ തൃപ്തിപ്പെടുത്താനെന്ന് ആക്ഷേപം. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽനൽകാൻ കോൺഗ്രസ് തയ്യാറാകുമ്പോഴാണ് കേരളത്തിൽ ഇരട്ടത്താപ്പ് സ്വീകരിക്കുന്നത്.
ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയാൽ മേൽക്കോടതികളിൽ അപ്പീൽപോകാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട്. ഹൈക്കോടതി വിധി തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും നിരീക്ഷണം നിയമപരമല്ലെന്നും ചൂണ്ടിക്കാണിച്ചാണ് രാജയുടെ അപ്പീൽ. 30 ദിവസത്തിനകം കേസ് ഫയൽചെയ്‌താൽമതി. കേസ് സംബന്ധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാകുന്നു. സ്‌റ്റേ നിലനിൽക്കുകയും സുപ്രീംകോടതിവിധി വരാനിരിക്കുകയും ചെയ്യുമ്പോഴാണ് രാഷ്‌ട്രീയ മുതലെടുപ്പ് ലക്ഷ്യംവച്ച് കെപിസിസി പ്രസിഡന്റിന്റെ ഇടപെടൽ.
വിവിധ രേഖകളുടെ അടിസ്ഥാനത്തിലാണ് വരണാധികാരി രാജയുടെ പത്രിക സ്വീകരിച്ചതും ദേവികുളത്ത് മത്സരിച്ച് വിജയിച്ചതും. പട്ടികജാതി ഹിന്ദുപറയ വിഭാഗക്കാരൻ എന്ന് തെളിയിക്കുന്ന രേഖകളും നൽകിയിരുന്നു. എന്നാൽ, പത്രിക വരണാധികാരി തള്ളേണ്ടിയിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് നിയമപരമായി ശരിയല്ലെന്നും അപ്പീലിൽ ബോധിപ്പിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..