11 July Saturday

ശബരീനാഥനും ഗുണ്ടകളും പട്ടികവർഗ വികസന ഓഫീസ് അടിച്ചുതകർത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

നെടുമങ്ങാട് > പട്ടികവർഗ വികസന പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തിൽ കെ എസ് ശബരീനാഥൻ എംഎല്‍എയുടെ അഴിഞ്ഞാട്ടം. ഓഫീസറെ കയ്യേറ്റം ചെയ്തു. സമൂഹവിരുദ്ധ സംഘത്തോടൊപ്പം ചേര്‍ന്ന് ഓഫീസിലെ ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു. കേട്ടാലറയ്‌‌ക്കുന്ന അസഭ്യവര്‍ഷത്താല്‍ ജീവനക്കാരെ അപമാനിച്ചു. വെള്ളിയാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം.

ഉച്ചയ്ക്ക് 2.15നാണ് ശബരീനാഥ് നെടുമങ്ങാട് സത്രംജങ്‌ഷന്‌ സമീപമുള്ള ഐറ്റിഡിപി ഓഫീസില്‍ എത്തിയത്. ഓഫീസര്‍ എ റഹീം അന്നേരം ഓഫീസിലുണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതെ വിഷമിക്കുന്ന ജില്ലയിലെ പട്ടികജാതി- പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന്  ജില്ലാപഞ്ചായത്ത് ഏറ്റെടുത്തു നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കുറ്റിച്ചല്‍ മാന്നാംകോട് നടക്കുകയായിരുന്നു അപ്പോള്‍. പദ്ധതിയുടെ സുപ്രധാന ചുമതലക്കാരന്‍ കൂടിയാണ് കെ റഹീം. ആ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ആയിരുന്നു ശബരീനാഥ് നെടുമങ്ങാട് ഓഫീസില്‍ വന്നത്. ഓഫീസിലെത്തിയ അദ്ദേഹം അസഭ്യമായ പെരുമാറ്റ രീതികളാണ്  കാഴ്‌ചവച്ചത്.

ഓഫീസിലെ റിമൈന്‍ഡര്‍ ബോര്‍ഡില്‍ അസഭ്യം എഴുതിവച്ചുകൊണ്ടായിരുന്നു തുടക്കം. ഓഫീസര്‍ എത്തിയശേഷം  അദ്ദേഹത്തിനു നേരേയായി അതിക്രമം. പല ആവര്‍ത്തി കയ്യേറ്റത്തിന്‌ ശ്രമിച്ചു. ആവര്‍ത്തിച്ച് അടിക്കാൻ കൈവീശിയെങ്കിലും ഓഫീസര്‍ ഒഴിഞ്ഞു മാറി. മേശപ്പുറത്തിരുന്ന ഫയലുകളും രേഖകളും വലിച്ചെറിഞ്ഞു. അരിശമടങ്ങാതെ സമൂഹവിരുദ്ധ സംഘത്തെ വിളിച്ചു വരുത്തി  ഫര്‍ണിച്ചറുകൾ അടിച്ചു തകര്‍ത്തു. ഒരു മണിക്കൂറിലധികം സമയമാണ് എംഎല്‍എ അഴിഞ്ഞാടിയത്‌. അതിക്രമത്തിന്റെ കാരണമെന്തെന്ന്‌ വ്യക്തമാക്കാന്‍ എംഎല്‍എയ്‌ക്കും ആകുന്നില്ല.

ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമല്ലാത്ത മണ്ഡലത്തിലെ പട്ടികജാതി- പട്ടികവര്‍ഗവീടുകളുടെ  പട്ടിക ചോദിച്ചിട്ട് കൊടുത്തില്ലെന്നാണ്‌ ആദ്യം കാരണമായി പറഞ്ഞത്. ലിസ്റ്റ് ഡയറക്‌ടര്‍ക്ക്‌ കൈമാറിയതാണെന്നും അവിടെനിന്നും ലഭ്യമാണെന്നും ഒരാഴ്‌ചമുമ്പേ ഫോണിലൂടെ പറഞ്ഞ് തീര്‍പ്പാക്കി സമ്മതിച്ചതാണെന്നുമുള്ള ഐറ്റിഡിപി ഓഫീസറുടെ തീര്‍ച്ചപ്പെടുത്തല്‍ പുറത്തു വന്നു. മാത്രമല്ല ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത്തരം വിദ്യാര്‍ഥികള്‍ക്കായി ചെറുവിരലനക്കാത്ത എംഎല്‍എ ഇപ്പോള്‍ ആശങ്കയുമായി വന്നതിലെ അനൗചിത്യവും ചര്‍ച്ചയായി. തുടര്‍ന്ന് ആ ആരോപണം മുക്കി. പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യത്തിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി ജില്ലാപഞ്ചായത്ത് കുറ്റിച്ചല്‍ മാന്നാംകോണത്തു സംഘടിപ്പിച്ച ചടങ്ങില്‍  പങ്കെടുപ്പിക്കാത്തതാണ് കാരണമെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. അതിനുപിന്നിലെ അനൗചിത്യവും പ്രചരിക്കപ്പെട്ടതോടെ ആ ആരോപണവും മുക്കി. ഇങ്ങനെ കാരണരഹിതമായ ആക്രമണമാണ്‌ എംഎല്‍എ നടത്തിയത്‌.

കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ടി അര്‍ജുനന്‍, എം എസ് ബിനു, കെ ജെ ബിനു, കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിരവധി ക്രിമിനല്‍കേസുകളിലെ പ്രതികളുമായ ഹാഷിം റഷീദ്, അഭിജിത്, ഉണ്ണിക്കുട്ടന്‍ തുടങ്ങി അമ്പതോളം പേരടങ്ങുന്ന സംഘം ലോക്ഡൗണ്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു അതിക്രമം നടത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് ഐറ്റിഡിപി ഓഫീസര്‍ ഉന്നത പൊലീസ് അധികാരികള്‍ക്കും വകുപ്പധികാരികള്‍ക്കും പരാതി നല്‍കി.

ആക്രമണം നടന്ന ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധു, നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, സി പിഐ എം ഏരിയ സെക്രട്ടറി അഡ്വ.ആര്‍ ജയദേവന്‍, വി ബിജുമോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച എല്‍ ഡി എഫ് നെടുമങ്ങാട് കച്ചേരി ജങ്ഷനില്‍ സത്യഗ്രഹ സമരം സംഘടിപ്പിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top