Deshabhimani

കേന്ദ്രത്തിന്റേത്‌ 
ദുരിതബാധിതരോടുള്ള വഞ്ചന : കെ രാജൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 01:49 AM | 0 min read


തൃശൂർ
വയനാട്‌ മുണ്ടക്കൈ പുനരധിവാസത്തിന്‌ സംസ്ഥാന ദുരന്ത പ്രതികരണനിധിയിലേക്ക്‌ പണം നൽകിയെന്ന കേന്ദ്ര സഹമന്ത്രിയുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്‌ റവന്യുമന്ത്രി കെ രാജൻ. കേരളത്തിന്‌ 2024–-25ൽ ദുരന്ത പ്രതികരണനിധിയിലേക്ക്‌ 291.20 കോടി രൂപ വേണമെന്ന്‌ 15–-ാം ധനകാര്യ കമീഷനാണ്‌ നിശ്‌ചയിച്ചത്‌. ആ തുകയോടൊപ്പം സംസ്ഥാനത്തിന്റെ 96 കോടിയും ഉൾപ്പെടും. കഴിഞ്ഞവർഷത്തെ ബാക്കിതുകയും ഈ വർഷത്തേക്ക്‌ നീക്കിവയ്‌ക്കും. അത്‌ വയനാടിനായി മാത്രം അനുവദിക്കാനാകില്ല. ഈതുക വയനാട്‌ പുനരധിവാസത്തിന്‌ മാത്രമായി ഉപയോഗിക്കാമെന്ന്‌ രേഖാമൂലം ഉത്തരവിറക്കാൻ  കേന്ദ്രം തയ്യാറുണ്ടോ. വയനാട്‌ ദുരന്തത്തിൽ ഔദാര്യമല്ല, അർഹമായ ധനസഹായമാണ്‌ കേരളം ചോദിക്കുന്നത്‌. ദുരന്തസ്ഥലം സന്ദർശിച്ച കേന്ദ്രസംഘം 110 ദിവസം പിന്നിട്ടിട്ടും ആലോചന പൂർത്തിയാക്കിയിട്ടില്ല. തൃപുരയിൽ സന്ദർശനവേളയിൽ തന്നെ 40 കോടി അധികസഹായം പ്രഖ്യാപിച്ചു.

ദുരന്തനിവാരണ നിയമത്തിന്റെ സെക്ഷൻ 13 പ്രകാരം ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളാൻ എന്തിന്‌ മടിക്കുന്നുവെന്ന്‌ ഹൈക്കോടതി കേന്ദ്രത്തോട്‌ ചോദിച്ചു.  അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ത്‌ കൊണ്ട്‌. സിക്കിം, ഹിമാചൽ, കർണാടകം, തൃപുര സംസ്ഥാനങ്ങൾക്ക്‌ നൽകിയ അധികസഹായം കേരളത്തിന്‌ നൽകാത്തതെന്ത്‌ കൊണ്ടെന്നും ചോദിച്ചു. മറുപടി പറയാൻ 14 ദിവസം വേണമെന്നാണ്‌ അറ്റോർണി ജനറലിന്റെ പ്രതിനിധി ആദ്യം ആവശ്യപ്പെട്ടത്‌. ആ സമയം ഒക്‌ടോബർ 18ന്‌ തീർന്നു. ദുരിതബാധിതരോടുള്ള വഞ്ചനയാണിത്‌– മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home