05 December Thursday

മുനമ്പത്തുനിന്ന്‌ ആരെയും ഇറക്കിവിടില്ല , അത്‌ സർക്കാർ നയമല്ല : റവന്യു മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024


കൽപ്പറ്റ
മുനമ്പത്തുനിന്ന്‌ ആരെയും ഇറക്കിവിടില്ലെന്ന്‌ റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. അത്‌ സർക്കാർ നയമല്ല.  അവിടെ താമസിക്കുന്നവർക്കൊപ്പമാണ്‌ സർക്കാർ. 16ന്‌ യോഗത്തോടെ കൂടുതൽ വ്യക്തത വരും. മുനമ്പം വിഷയത്തിൽ അനാവശ്യമായ വർഗീയ ചേരിതിരിവുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്‌. അത്‌ വിജയിക്കില്ല.  600ലധികം വ്യക്തികൾ വഖഫ്‌ ഭൂമി കൈവശംവയ്‌ക്കുന്നതിനാൽ നികുതിയീടാക്കാൻ പാടില്ല എന്ന ആവശ്യം മുമ്പ്‌ ഉണ്ടായിരുന്നു. ഈ സർക്കാരിന്റെ  കാലത്ത്‌ ഈ വിഷയം അവിടുത്തെ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു. പ്രശ്‌നം ഗൗരവമായി ചർച്ചചെയ്‌തു. തുടർന്ന്‌ കുഴപ്പള്ളി, പള്ളിപ്പറം വില്ലേജ്‌ ഓഫീസർമാർക്ക്‌  കൈവശക്കാരിൽനിന്ന്‌  നികുതി സ്വീകരിക്കാൻ തഹസിൽദാർ വഴി നിർദേശം നൽകി. എന്നാൽ ഇതിനെതിരെ രണ്ടുപേർ കോടതിയെ സമീപിച്ചു. തുടർന്ന്‌  നികുതി സ്വീകരിക്കാനുള്ള  ഉത്തരവ്‌ കോടതി റദ്ദാക്കി.

ഇതിനെതിരെ സർക്കാർ സത്യവാങ്‌മൂലം സമർപ്പിച്ചു. പോക്കുവരവ്‌ നടത്താനും റവന്യു സർട്ടിഫിക്കറ്റ്‌ നൽകാനും തടസ്സമില്ലെന്ന്‌ ഹൈക്കോടതി പറഞ്ഞു.  എന്നാൽ കക്ഷികൾ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.  സർക്കാരിന്റെ നിലപാട്‌ വ്യക്തമാണ്‌. ആവശ്യമെങ്കിൽ അടിസ്ഥാന രേഖകൾ വീണ്ടും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top