06 October Sunday

പ്രവാസികൾക്ക് ഓൺലൈനായി ഭൂനികുതി അടയ്ക്കാൻ സൗകര്യമൊരുക്കും: മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

പാലക്കാട് > വിദേശ മലയാളികൾക്ക് കേരളത്തിൽ അവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ നികുതി ഓൺലൈനായി അടയ്ക്കാൻ സൗകര്യമൊരുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആലത്തൂർ താലൂക്ക്തല പട്ടയമേളയുടെയും എരിമയൂർ 1 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ സ്മാർട്ട് ആക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ലോക കേരളസഭയിൽ ഉയർന്ന ആവശ്യം പരിഗണിച്ച് 10 രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ഓൺലൈനായി കേരളത്തിലെ അവരുടെ ഭൂമിക്ക് ടാക്സ് അടയ്ക്കാനുള്ള സൗകര്യമൊരുക്കും.

സർക്കാരിന്റെ മൂന്നാം വാർഷികത്തിൻ്റെ ഭാഗമായി നടക്കുന്ന 100 ദിന കർമ്മപരിപാടിയിലൂടെ ജില്ലയിൽ 9176 പട്ടയങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ മൂന്നര വർഷത്തിൽ ജില്ലയിൽ വിതരണം ചെയ്തത് 41879 പട്ടയങ്ങളാണ്. ആലത്തൂർ താലൂക്കിൽ 1212 പട്ടയങ്ങളാണ് ഇന്ന് വിതരണം ചെയ്യുന്നത്. തയ്യാറാവുന്ന മറ്റു പട്ടയങ്ങൾ കൂടി ചേർത്ത് 100ദിന പരിപാടി അവസാനിക്കുമ്പോൾ മണ്ഡലത്തിൽ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം 2045 ആകും. അർഹരായ മുഴുവൻ പേർക്കും പട്ടയം കൊടുക്കുക എന്നാണ് സർക്കാരിന്റെ ദൗത്യം. ഭൂരഹിതരായ ആളുകളെ ഭൂമിയുടെ ഉടമകളാക്കാൻ സാധ്യമായ എല്ലാ വഴികളും തേടുന്നുണ്ട്. ജനപ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് പട്ടയ അസംബ്ലി വഴി ഓരോ പ്രദേശത്തും ഭൂമി ലഭ്യമാവാനുള്ള ആളുകളെ കണ്ടെത്തുകയാണ്. പട്ടയ മിഷൻ മുഖേന ഇത്തരം പ്രവർത്തനങ്ങൾ വലിയ രീതിയിൽ മുന്നോട്ടു പോകുന്നു. അർഹർക്ക് ഭൂമി ലഭ്യമാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനവും പട്ടയമിഷനിലൂടെ സാധ്യമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആലത്തൂർ പവിത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പി പി സുമോദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഡോ. എസ് ചിത്ര, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈനി, എരിമയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പ്രേമ കുമാരൻ, ജില്ലാ പഞ്ചായത്തംഗം പി എം അലി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സി രാമകൃഷ്ണൻ, കെ അൻഷിഫ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top