08 June Thursday
കല്ലിടൽ സമ്മതമുള്ള സ്ഥലങ്ങളിൽമാത്രം

കെ റെയില്‍: സാമൂഹ്യാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022


തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിയുടെ വേഗം കൂട്ടാൻ സംസ്ഥാന സർക്കാർ. സാമൂഹ്യാഘാത പഠനത്തിന് ജിയോടാഗിങ്‌ സംവിധാനവും  ഉപയോഗിച്ചാണ്‌ പദ്ധതി ത്വരിതഗതിയിലാക്കുന്നത്‌. കെ–-റെയിൽ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്‌ ജിയോ ടാഗിങ്‌ ഉപയോഗിച്ച്‌ അതിരുകൾ നിശ്ചയിക്കാൻ റവന്യു വകുപ്പ്‌ ഉത്തരവായത്‌.

ജിയോ ടാഗിങ്‌ സംവിധാനമുള്ള സോഫ്‌റ്റ്‌വെയറോ മൊബൈൽ ആപ്ലിക്കേഷനോ ഉപയോഗിച്ച്‌ അതിര്‌ നിർണയിക്കാം. സിൽവർ ലൈൻ അലൈൻമെന്റും പദ്ധതിബാധിത വ്യക്തികളെയും തിരിച്ചറിയാനും വിവരശേഖരണത്തിനും ഡിഫ്രൻഷ്യൽ ഗ്ലോബൽ പൊസിഷനിങ്‌ സിസ്റ്റം സർവേ ഉപകരണങ്ങളോ ജിപിഎസുള്ള മൊബൈൽഫോണുകൾ വഴിയോ സാമൂഹ്യാഘാത പഠനസംഘത്തെ കെ–-റെയിൽ സഹായിക്കണമെന്നും ഉത്തരവിലുണ്ട്‌. 

സാമൂഹ്യാഘാത പഠനത്തിനുള്ള സർവേ ഉപേക്ഷിച്ചിട്ടില്ലെന്നും ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട്‌ പോകുമെന്നും കെ–- റെയിൽ എംഡി അജിത്‌ കുമാർ വ്യക്തമാക്കി. കല്ലിടുന്ന രീതിയും തുടരാനാകും. അഞ്ചിന്‌ റവന്യു വകുപ്പിന്‌ നൽകിയ അപേക്ഷയിൽ അതിര്‌ നിർണയത്തിന്‌ പുതിയ സാങ്കേതികവിദ്യകളുടെ പ്രയോഗം സഹായകരമാകുമെന്ന്‌ ചൂണ്ടിക്കാട്ടിയിരുന്നു.

കല്ലിടൽ നിർത്തിയിട്ടില്ല
സാമൂഹ്യാഘാത പഠനത്തിനുള്ള കല്ലിടൽ നിർത്തിയതായി റവന്യു വകുപ്പ്‌ ഉത്തരവിട്ടിട്ടില്ലെന്ന്‌  മന്ത്രി കെ രാജൻ. സർവേ നടപടികൾ വേഗത്തിലാക്കാനാണ് നടപടി. സമ്മതമുള്ള സ്ഥലങ്ങളിൽ കല്ലിടാം. സർവേ രീതികൾ വിപുലീകരിക്കാൻ മൂന്നുതരം രീതി അനുവദിക്കണമെന്ന്‌  കെ–--റെയിൽ ആവശ്യപ്പെടുകയും അത്‌ അംഗീകരിക്കുകയുമായിരുന്നു. തർക്കമില്ലാത്ത ഭൂമിയിൽ കല്ലിടാനും അലൈൻമെന്റിലെ സ്ഥാവര ജംഗമ വസ്‌തുക്കളിൽ അതിരടയാളങ്ങൾ സ്ഥാപിക്കാനും ജിയോടാഗിങ് രീതിയും ഉപയോഗിക്കാനുമാണ്‌ കെ–- റെയിൽ ആവശ്യപ്പെട്ടത്‌.

ഏതാണോ വേഗത്തിൽ ചെയ്യാവുന്നത് അത് സ്വീകരിക്കാം.  ഭൂമിയേറ്റെടുക്കാൻ ഇന്ത്യയിലാകെ ഒരു നിയമം മാത്രമേയുള്ളൂവെന്നും മന്ത്രി പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top