28 May Saturday

ഒന്നും മറയ്ക്കാനില്ലെന്ന്‌ സർക്കാർ; ഡിപിആർ കണ്ട്‌ കളംമാറ്റി പ്രതിപക്ഷം

പ്രത്യേക ലേഖകൻUpdated: Sunday Jan 16, 2022

തിരുവനന്തപുരം > സിൽവർലൈൻ ഡിപിആർ പുറത്തുവന്നതോടെ പദ്ധതിയിൽ കുത്തിത്തിരുപ്പുണ്ടാക്കാനുള്ള അവസാന കച്ചിത്തുരുമ്പും നഷ്‌ടപ്പെട്ട്‌ പ്രതിപക്ഷം. സ്ഥലം നഷ്ടപ്പെടുന്നവർക്ക്‌ അർഹമായ നഷ്ടപരിഹാരമില്ലെന്നായിരുന്നു ആദ്യവാദം. എന്നാൽ, പാക്കേജ്‌ പ്രഖ്യാപിച്ചതോടെ അത്‌ പൊളിഞ്ഞു. നാലിരട്ടിവരെ വിലയാണ്‌ ഭൂമി നഷ്‌ടമായവർക്ക്‌ കിട്ടുക.

കെട്ടിടങ്ങൾക്കും തൊഴുത്തിനുംവരെ പാക്കേജ്‌ പ്രഖ്യാപിച്ചു. അതോടെ സ്ഥലം വിട്ടുകൊടുക്കാൻ ജനം സന്നദ്ധരായി. അവരെ വച്ച്‌ സമരമെന്ന മോഹവും പൊലിഞ്ഞു. പിന്നെ പദ്ധതി പാരിസ്ഥിതികമായും സാമ്പത്തികമായും നഷ്ടമാകുമെന്ന വ്യാഖ്യാനവുമായിറങ്ങി. മുഖ്യമന്ത്രിയുടെയും കെ–- റെയിലിന്റെയും വിശദീകരണങ്ങളിൽ ഇതും പൊളിഞ്ഞടുങ്ങി. പദ്ധതി നടന്നാൽ ഇടതുപക്ഷസർക്കാരിന്‌ നേട്ടമുണ്ടാകും എന്നതാണ്‌ ഇവരുടെ എതിർപ്പിന്റെ പ്രധാനലക്ഷ്യം.

യുഡിഎഫും ബിജെപിയും കളിക്കുന്നതും ഇത്‌ തിരിച്ചറിഞ്ഞാണ്‌. സമ്പൂർണ ഡിപിആർ പുറത്തുവിട്ടതിലൂടെ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന നിലപാട്‌  സർക്കാർ ആവർത്തിച്ചു. ഗതാഗത താരതമ്യ പഠന റിപ്പോർട്ടും ഇതിലുണ്ട്‌. സമാന്തര റെയിൽപാത, ദേശീയപാത വീതികൂട്ടൽ തുടങ്ങിയവ ഒന്നുകൊണ്ടും ഈ നേട്ടം ഉണ്ടാകില്ലെന്ന്‌ സമർഥിക്കുകയാണ്‌ പഠനം. കെപിസിസിയും യുഡിഎഫ്‌ പഠന പ്രഹസന റിപ്പോർട്ടും പറഞ്ഞത്‌ സമാന്തര മാർഗങ്ങളാണ്‌ ലാഭം എന്നാണ്‌.

ഡിപിആർ പുറത്തുവിട്ട സ്ഥിതിക്ക്‌ അത്‌ പരിശോധിച്ച്‌ നിർമാണാത്മകമായ നിർദേശങ്ങളോ പരിഹാരങ്ങളോ സമർപ്പിക്കുകയല്ല, ഡിപിആറേ കളവാണെന്നായി വി ഡി സതീശന്റെ പുതിയ വാദം. അതിരുകല്ലുകൾ പിഴുതെറിയുമെന്ന കെ സുധാകരന്റേതിൽനിന്ന്‌ വ്യത്യസ്‌തമല്ല ഈ നിലപാടും. കേരളത്തിന്റെ വികസനം നടക്കണമെന്നല്ല, മറിച്ച്‌ വികസനം തടഞ്ഞിട്ടായാലും എൽഡിഎഫിനെ എതിർക്കണം എന്ന നിലപാടിനാണ്‌ പ്രാമുഖ്യം.

പാറ ഉപയോഗിക്കും; സർവേക്ക്‌ തടസ്സമില്ല

അർധഅതിവേഗ പാതയുടെ നിലവിലുള്ള അലൈൻമെന്റ്‌ പ്രകാരം സാമൂഹ്യാഘാതപഠനത്തിനായി സ്ഥലം അളന്നുതിട്ടപ്പെടുത്തൽ തുടരും. കോടതി വിലക്കുള്ളതിനാൽ കെ–- റെയിൽ എന്നെഴുതിയ  കോൺക്രീറ്റ്‌ തൂണുകൾ തൽക്കാലം ഉപയോഗിക്കില്ല. പകരം നേരത്തെ ശേഖരിച്ച പാറത്തൂണുകൾ ഉപയോഗിക്കും.  20ന്‌ കേസ്‌ വീണ്ടും പരിഗണിക്കുമ്പോൾ കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന്‌ കെ–- റെയിൽ അധികൃതർ പറഞ്ഞു.

പദ്ധതിക്ക്‌ തത്വത്തിൽ അംഗീകാരം നൽകിയ കേന്ദ്ര സർക്കാർ വായ്പ കണ്ടെത്തുന്നതുൾപ്പെടെ മുൻകൂർ നടപടികൾക്ക്‌ അനുവാദം നൽകിയിട്ടുണ്ട്‌. ഇപ്രകാരമാണ്‌ സ്ഥലം അളക്കലും മണ്ണ്‌ –- സുരക്ഷാ പരിശോധനകളും ആരംഭിച്ചത്‌.  എന്നാൽ, ഏതാനും മാധ്യമങ്ങളും പ്രതിപക്ഷ പാർടികളും തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിച്ചതോടെ ചില പ്രദേശത്തുള്ളവർ കോടതിയെ സമീപിച്ചു. തുടർന്നാണ്‌ ഹൈക്കോടതി കെ–- റെയിൽ എന്നെഴുതിയ കോൺക്രീറ്റ്‌ തൂൺ സ്ഥാപിക്കുന്നത്‌ താൽക്കാലികമായി തടഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top