തൃശൂർ> കേരളത്തെ ബോധപൂർവം സാമ്പത്തിക ഞെരുക്കത്തിലാക്കാനുള്ള ശ്രമങ്ങളെ വിഫലമാക്കാൻ സഹകരണ മേഖല മുന്നോട്ടുവരണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. കേരള ബാങ്കിന്റെ മികച്ച റീജണൽ ഓഫീസ്, ക്രെഡിറ്റ് പ്രോസസിങ് സെന്റർ, ശാഖകൾ എന്നിവയ്ക്കുള്ള മിനിസ്റ്റേഴ്സ് റോളിങ് ട്രോഫിക്കുള്ള പുതിയ അവകാശികളെ കണ്ടെത്തുന്നതിനുള്ള ബി ദ നമ്പർ വൺ ഫിനാലേ– 2023 ക്യാമ്പയിൻ പ്രഖ്യാപനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഏഷ്യയിൽ ഒന്നാം സ്ഥാനത്താണ് കേരള ബാങ്ക്. ലോകത്ത് ഏഴാം സ്ഥാനത്തും. പുതിയ ക്യാമ്പയിൽ കഴിയുന്നതോടെ, ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നുവരാൻ കേരള ബാങ്കിന് കഴിയണം. നാടിന്റെയും ജനങ്ങളുടെയും താൽപ്പര്യം സംരക്ഷിച്ചുവേണം ബാങ്ക് വളർച്ചയിലേക്ക് കുതിക്കാൻ. സഹകരണ പ്രസ്ഥാനത്തെ മലയാളികൾക്ക് നല്ല വിശ്വാസമുണ്ട്. ആ വിശ്വാസ്യത കാത്തു സൂക്ഷിച്ച് മുന്നോട്ട് പോകാൻ കഴിയണം. ചില സഹകരണ സ്ഥാപനങ്ങളെ കുറിച്ച് ആക്ഷേപവും ഉയർന്നുവന്നിട്ടുണ്ട്. ആ ആക്ഷേപങ്ങൾ പൂർണമായും പരിഹരിക്കാൻ സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതികൾക്കും ജീവനക്കാർക്കും കഴിയണം. ഉദ്യോഗസ്ഥരും ഉയർന്നു പ്രവർത്തിക്കണം.
കൂടുതൽ പണം സമാഹരിക്കുക എന്നത് മാത്രമല്ല, സമാഹരിക്കുന്ന പണം കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തംകൂടി ഏറ്റെടുക്കണം. കേരളത്തെ എങ്ങനെ സാമ്പത്തികമായി ഞെരുക്കാം എന്നുള്ള നീക്കങ്ങൾ നടത്തുന്നതുകൂടി കണ്ടുള്ള പ്രവർത്തനം നാം ഏറ്റെടുക്കണം. നമ്മുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കഴിയണം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ദരിദ്രരുടെ എണ്ണം 50 ശതമാനത്തോളമാണ്. എന്നാൽ, കേരളത്തിൽ ഇത് 0.70 ശതമാനം മാത്രമാണ്. അവരെകൂടി ദാരിദ്ര്യമില്ലാതാക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. വിശപ്പില്ലാത്ത നാടായി കേരളത്തെ മാറ്റാനും സഹകരണപ്രസ്ഥാനങ്ങൾ മുന്നോട്ടു വരണമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..