28 January Tuesday

ഗൗരിയമ്മയുടെ ജീവിതം അസാധാരണവും താരതമ്യമില്ലാത്തതും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019

ആലപ്പുഴ > അനുഭവങ്ങളുടെ അതിസമ്പന്നമായ പശ്ചാത്തലത്തോടെ നമ്മുടെ സാമൂഹ്യജീവിതത്തിനു മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിയുന്ന മാതൃകാ വ്യക്തിത്വമാണ് കെ ആര്‍ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്ര ദീര്‍ഘമായ, തീവ്രമായ അനുഭവങ്ങളുള്ള മറ്റൊരാള്‍ കേരളത്തിലില്ല. ആ നിലയ്ക്ക് അങ്ങേയറ്റം അസാധാരണവും താരതമ്യമില്ലാത്തതുമാവുന്നു ഗൗരിയമ്മയുടെ ജീവിതം. ഗൗരിയമ്മയുടെ നൂറ്റിയൊന്നാം പിറന്നാള്‍ ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. ഇങ്ങനെ, നാടിന്റെയും ജനങ്ങളുടെയും ചരിത്രമാക്കി സ്വന്തം ജീവിതത്തെ മാറ്റിയ അധികം പേര്‍ ലോകചരിത്രത്തില്‍ പോലും ഉണ്ടാവില്ല. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേര്‍ന്ന ജീവിതമായി ഗൗരിയമ്മയുടേത്. അതുകൊണ്ടുതന്നെയാണ്, ഗൗരിയമ്മയുടെ പിറന്നാള്‍ നാടിന്റെയും ജനങ്ങളുടെയും ആഘോഷമായി മാറുന്നത്.

സ്വന്തം ജീവിതം സഫലമാവുന്നത്, അന്യജീവന് ഉതകുമ്പോഴാണ്. ഇതു മാനദണ്ഡമാക്കിയാല്‍, ഇതുപോലെ സഫലമായ ജീവിതം മറ്റ് അധികം പേര്‍ക്കുമുണ്ടായിട്ടുണ്ടാവില്ല. വിദ്യാര്‍ത്ഥി ജീവിതഘട്ടത്തില്‍ തന്നെ കര്‍മരംഗത്തേക്കും സമരരംഗത്തേയ്ക്കുമിറങ്ങി. നൂറുവയസ്സായ ഈ ഘട്ടത്തിലും ഗൗരിയമ്മ ജനങ്ങള്‍ക്കിടയില്‍ തന്നെ. വെള്ളത്തില്‍ മത്സ്യം എന്ന പോലെ, ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നു ഇന്നും എന്നും ഗൗരിയമ്മ.

ഗൗരിയമ്മ ഇന്ന് രാഷ്ട്രീയ അധികാരസ്ഥാനത്തൊന്നുമില്ല. എങ്കിലും ഏതു വിഷയത്തിലും ഗൗരിയമ്മക്ക് എന്താണു പറയാനുള്ളത് എന്നതിനായി അധികാരത്തിലുള്ളവര്‍ കാതോര്‍ക്കുന്നു. അവരുടെ അഭിപ്രായം ആരാഞ്ഞ്, അതു നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. എന്തുകൊണ്ടാണിത്? ഗൗരിയമ്മ ജനങ്ങളുമായി ബന്ധപ്പെട്ട ഏതു വിഷയത്തില്‍ എന്തു പറയുമ്പോഴും അതില്‍ ഒരു ശരിയുണ്ടാവും; അനുഭവത്തിന്റെ സത്യമുണ്ടാവും. ജനങ്ങള്‍ക്കും നാടിനും ഗുണപ്രദമാവുന്നതേ ഗൗരിയമ്മ സാമൂഹ്യ വിഷയങ്ങളില്‍ പറയൂ എന്നതുകൊണ്ടാണത്.

ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വര്‍ത്തമാനകാല രാഷ്ട്രീയഘട്ടവുമായി ബന്ധപ്പെടുത്തുന്ന അപൂര്‍വം കണ്ണികളേ ഇന്നുള്ളു. അതിലെ വിലപ്പെട്ട കണ്ണിയാണു ഗൗരിയമ്മ. അന്നത്തെ അനുഭവങ്ങളെ മനസ്സില്‍വെച്ച് ഭാവിയെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്.
ചെറിയ പ്രായത്തില്‍ തന്നെ, തന്നെ മറന്ന് സാമൂഹ്യസേവനത്തിന്റെ പാതയിലേക്കിറങ്ങിയ വ്യക്തിയാണ് ഗൗരിയമ്മ. സാമ്പത്തികമായും സാമൂഹികമായും സാമാന്യം ഭേദപ്പെട്ട കുടുംബ പശ്ചാത്തലത്തിലാണവര്‍ ജനിച്ചത്. എന്നാല്‍, തന്റെ കാര്യം മാത്രം നോക്കിയാല്‍ പോരല്ലോ എന്ന് അവര്‍ കരുതി. മറ്റുള്ളവര്‍ക്കു മനുഷ്യോചിതമായി ജീവിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാക്കണമെന്ന് അവരുറച്ചു.

മറ്റുള്ളവരെക്കുറിച്ച് ബാല്യത്തിലേ പുലര്‍ത്തിയ ആ കരുതലാണ് അവരെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലേക്കും തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും ഒക്കെ എത്തിച്ചത്. ധീരതയുടെ പ്രതീകമായാണു ഗൗരിയമ്മയെ കേരളം എന്നും കണ്ടിട്ടുള്ളത്. സര്‍ സി പിയുടെ കാലത്തേ പൊലീസിന്റെ ഭേദ്യം അനുഭവിക്കേണ്ടി വന്നിട്ടുള്ള അവര്‍ക്ക്, സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഘട്ടത്തിലും പൊലീസില്‍നിന്ന് ഒട്ടേറെ യാതനാനുഭവങ്ങളുണ്ടായി. ചെറുത്തുനില്‍പ്പിന്റെ കരുത്തുറ്റ ധീരബിംബമായി ഗൗരിയമ്മ അങ്ങനെ മാറി. ആ നിലയ്ക്കുള്ള കവിതകള്‍ പോലും മലയാളത്തില്‍ അവരെക്കുറിച്ചുണ്ടായി.

കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് ഗൗരിയമ്മ. അത്യപൂര്‍വം സ്ത്രീകള്‍ മാത്രം ഉന്നത വിദ്യാഭ്യാസത്തിനെത്തിയിരുന്ന ഒരു കാലത്ത് നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗൗരിയമ്മക്കു വേണമെങ്കില്‍ ഔദ്യോഗിക തലത്തില്‍ തിളക്കമാര്‍ന്ന തലങ്ങളിലേക്കു വളര്‍ന്ന് സ്വന്തം ജീവിതം സുരക്ഷിതവും സമ്പന്നവുമാക്കാമായിരുന്നു. എന്നാല്‍, ആ വഴിയല്ല, തന്റെ വഴിയെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവര്‍ ജനങ്ങളിലേയ്ക്കിറങ്ങി. ഒളിവിലും തെളിവിലും ഒക്കെയായി അവര്‍ ത്യാഗപൂര്‍വമായി ജീവിച്ചു.

ഒന്നാം കേരള മന്ത്രിസഭയില്‍ തന്നെ അംഗമായി അവര്‍. കേരള കാര്‍ഷിക പരിഷ്‌കരണ നിയമം അടക്കമുള്ള സാമൂഹ്യമാറ്റത്തിന്റെ കൊടുങ്കാറ്റു വിതച്ച ബില്ലുകളുടെ നിയമമാക്കലില്‍ ശ്രദ്ധേയമായ പങ്കാണവര്‍ വഹിച്ചത്. രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഒന്നും രണ്ടും നായനാര്‍ മന്ത്രിസഭകളിലും അവര്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

നിര്‍ഭാഗ്യവശാല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തയായ ഗൗരിയമ്മ പാര്‍ടിയില്‍നിന്നു പുറത്താവുന്ന അവസ്ഥയുണ്ടായി. ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിക്കുന്നതും പിന്നീട് രണ്ടാമത്തെ എ കെ ആന്റണി മന്ത്രിസഭയിലും ഒന്നാമത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗമാകുന്നതും മറ്റുമാണ് കേരളം കണ്ടത്. ആ രാഷ്ട്രീയമാറ്റം ഗൗരിയമ്മയെ സ്നേഹിച്ചവരെ വരെ വേദനിപ്പിച്ചിട്ടുണ്ടാവണം. ഏതായാലും സമീപകാലത്ത് ഗൗരിയമ്മ വീണ്ടും പാര്‍ടിയോടു സഹകരിക്കുന്ന നിലയിലേക്കെത്തി. അതാകട്ടെ, പാര്‍ടിയെ പ്രത്യേകിച്ചും ഇടതുപക്ഷത്തെ പൊതുവിലും സ്നേഹിക്കുന്ന പുരോഗമന സാമൂഹ്യശക്തികള്‍ക്കാകെ വലിയ സന്തോഷമാണു പകര്‍ന്നുനല്‍കിയത്.

നിര്‍ണായക ഘട്ടങ്ങളിലൊക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കരുത്തുപകര്‍ന്ന വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടേത്. വലതുപക്ഷ വ്യതിയാനത്തിനെതിരെയും ഇടതു തീവ്രവാദ വ്യതിയാനത്തിനെതിരെയും പൊരുതി പാര്‍ടിയെ ശരിയായ നയപാതയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ അവര്‍ വലിയ സംഭാവന നല്‍കി. വ്യക്തിപരമായ നഷ്ടങ്ങള്‍ പോലും അവര്‍ക്ക് ഉണ്ടായി. ആ ഘട്ടത്തില്‍ പാര്‍ടിയോടുള്ള പ്രതിബദ്ധതയില്‍ അവര്‍ അത് സാരമാക്കാതെ വിട്ടുകളഞ്ഞു.

അസാമാന്യ ദൈര്‍ഘ്യമുള്ള നിയമസഭാ സാമാജിക ജീവിതമാണ് ഗൗരിയമ്മയുടേത്. 1952-53, 1954-56 ഘട്ടങ്ങളിലെ തിരു-കൊച്ചി നിയമസഭകളിലും കേരള രൂപീകരണത്തോടെ അഞ്ചാമത്തേതൊഴികെ ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള നിയമസഭകളിലും അവര്‍ അംഗമായി. മന്ത്രിസഭയിലാകട്ടെ, റവന്യു, വ്യവസായം, കൃഷി, എക്സൈസ്, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലൊക്കെ മൗലികമായ പരിഷ്‌കാരങ്ങള്‍ വരുത്താനും  തനതായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും അവര്‍ ശ്രദ്ധിച്ചു.

ജനങ്ങള്‍ക്ക് ഉപകരിക്കുന്ന എന്തും സ്വീകാര്യമായിരുന്നു അവര്‍ക്ക്. ജനക്ഷേമകരമായ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥ മേധാവിത്വമോ ചുവപ്പുനാട സമ്പ്രദായമോ ഒന്നും തടസ്സമാവുന്നത് അവര്‍ അനുവദിക്കുമായിരുന്നില്ല. അനീതികളോടുള്ള വിട്ടുവീഴ്ച പലപ്പോഴും അവരെ കാര്‍ക്കശ്യക്കാരിയായി കാണുന്നതിനു പലരെയും പ്രേരിപ്പിച്ചു. എന്നാല്‍, നാടിന്റെയും ജനതയുടെയും ക്ഷേമമായിരുന്നു ഗൗരിയമ്മയുടെ മനസ്സിലെന്നും. അതില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനെതിരെയായിരുന്നു അവരുടെ കാര്‍ക്കശ്യം. നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന് വ്യവസായ വികസനത്തിന് പുതിയ പരിപ്രേക്ഷ്യം അവതരിപ്പിക്കുന്നതിന് അവര്‍ക്കു സാധിച്ചു. അങ്ങനെ പല വിധത്തില്‍ ചരിത്രത്തിന്റെ ഭാഗമായ വ്യക്തിത്വമായി ഗൗരിയമ്മ ജനമനസ്സുകളില്‍ അടയാളപ്പെടുത്തപ്പെട്ടു.

പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി തുടങ്ങിയ ഒന്നാം തലമുറ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഗൗരിയമ്മയ്ക്ക്. ആ നിലയ്ക്കു കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വലിയ സംഭാവനയാണ് അവര്‍ക്കൊപ്പം നിന്നു ഗൗരിയമ്മ നല്‍കിയത്.
സ്ത്രീക്ക് സ്വന്തം മുഖവും വ്യക്തിത്വവുമുണ്ട് എന്ന് കേരള സമൂഹത്തില്‍ പൊരുതി സ്ഥാപിച്ച വ്യക്തിയാണു ഗൗരിയമ്മ. അതിന് അവര്‍ക്ക് അക്കാലത്ത് ശക്തിപകര്‍ന്നതു കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ രാഷ്ട്രീയ വീക്ഷണമാണ് അവരെ രാജഭരണത്തിനും  ദിവാന്‍ ഭരണത്തിനും ബ്രിട്ടീഷ് ആധിപത്യത്തിനുമെതിരെ അണിനിരത്തിയത്. അതേ പാര്‍ടി നിലപാടാണ് അവരെ കാര്‍ഷികബന്ധ നിയമത്തിലേക്കും ഒഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സിലേക്കും ഒക്കെ എത്തിച്ചത്. ഫയല്‍ നോക്കേണ്ടതു സാങ്കേതികത്വത്തിന്റെ കണ്ണടയിലൂടെയല്ല, മറിച്ച് ജനങ്ങളുടെ ജീവിതദുരിതത്തിന്റെ കണ്ണടയിലൂടെയാവണമെന്ന് അവര്‍ പഠിപ്പിച്ചു.

പി കൃഷ്ണപിള്ളയ്ക്കടക്കം ഒളിവുജീവിതത്തില്‍ അഭയസ്ഥാനമായ വീടാണു ഗൗരിയമ്മയുടേത്. ദിവാന്‍ ഭരണത്തിനെതിരെ പൊരുതുന്ന ഗൗരിയമ്മയെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ സര്‍ സി പി മജിസ്ട്രേറ്റു സ്ഥാനം വാഗ്ദാനം ചെയ്തതും ഗൗരിയമ്മ അത് നിരാകരിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. അന്ന് എത്ര പണവും അധികാരവും പ്രതാപവും നല്‍കുന്ന സ്ഥാനമാണു ഗൗരിയമ്മ തിരസ്‌കരിച്ചത് എന്ന് ഓര്‍ക്കണം. മജിസ്ട്രേറ്റു പദവി സ്വീകരിച്ച് സര്‍ സി പിയുടെ ന്യായാധിപയാവുന്നതിലായിരുന്നില്ല, സര്‍ സി പിക്കെതിരെ പൊരുതി അദ്ദേഹത്തിന്റെ തടവറയിലെ തടവുപുള്ളിയാവുന്നതിലായിരുന്നു ഗൗരിയമ്മയ്ക്കു താല്‍പര്യം.

ചങ്ങമ്പുഴയുടെ രമണന്‍ കേരളമാകെ ഏറ്റുപാടിക്കൊണ്ടിരുന്ന കാലത്ത് മഹാരാജാസ് കോളേജില്‍ ചങ്ങമ്പുഴയുടെ സഹപാഠിയായിരുന്നിട്ടുണ്ട് ഗൗരിയമ്മ. ഗൗരിയമ്മ അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണു നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോമുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. അവരുടെ പിറന്നാള്‍ വേളയില്‍ സമൂഹത്തെ ഇനിയും മുമ്പോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന നീക്കങ്ങളെ ശക്തിപ്പെടുത്തി മുമ്പോട്ടുപോകുമെന്നു പ്രതിജ്ഞ ചെയ്യുകയാണ് വേണ്ടതെന്നും അതാവണം ഗൗരിയമ്മയ്ക്കുള്ള പിറന്നാള്‍
സമ്മാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top