20 March Wednesday

ശശികല: വിഷംചീറ്റൽ പതിവ‌്; കേസുകൾ 7

സ്വന്തം ലേഖകൻUpdated: Sunday Nov 18, 2018

തിരുവനന്തപുരം > ശബരിമലയിൽ പൊലീസ‌് അറസ‌്റ്റ‌ുചെയ‌്ത ഹിന്ദുഐക്യവേദി പ്രസിഡന്റ‌് കെ പി ശശികലക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ‌് സ‌്റ്റേഷനുകളിൽ നിലവിലുള്ളത‌് ആറ‌് കേസുകൾ. ഇതിൽ കൂടുതലും വർഗീയ ചേരിതിരിവും സാമുദായിക സംഘർഷവുമുണ്ടാക്കിയ കുറ്റത്തിന‌്. ശബരിമലയിലേതുകൂടിയാകുമ്പോൾ കേസുകൾ ഏഴായി.
ന്യൂനപക്ഷങ്ങൾക്ക‌് നേരെയുള്ള ഭീഷണി മാത്രമല്ല, ദേശീയ പതാകയേയും ദേശീയഗാനത്തേയും അപമാനിച്ചും ലോകം ആദരിക്കുന്ന മദർ തെരേസയെ മോശം ഭാഷയിൽ  കുറ്റപ്പെടുത്തിയും കുപ്രസിദ്ധയാണ‌് ഇവർ. പാലക്കാ‌ട‌് ജില്ലയിലെ വല്ലപ്പുഴ സ‌്കൂൾ അധ്യാപികയായിരുന്ന അവർ ആ നാടിനും സ‌്കൂളിനുമെതിരെ വിഷം ചീറ്റിയപ്പോൾ സ്വന്തം വിദ്യാർഥികൾ  അവരെ ബഹിഷ‌്കരിച്ചതും കേരളം കണ്ടു.

നോർത്ത‌് പറവൂർ, പട്ടാമ്പി, എലത്തൂർ, കോഴിക്കോട‌് കസബ, ചേവായൂർ, തിരുവനന്തപുരം മെഡിക്കൽ കോളേജ‌് എന്നീ പൊലീസ‌് സ‌്റ്റേഷനുകളിലാണ‌് ഇവർക്കെതിരെ കേസുള്ളത‌്. കലാപാഹ്വാനത്തിനാണ‌് പട്ടാമ്പി, തിരുവനന്തപുരം മെഡിക്കൽ കോളേജ‌് പൊലീസ‌് ശശികലക്കെതിരെ കേസെടുത്തത‌്. മതസ‌്പർധ ഇളക്കിവിടുന്ന പ്രസംഗത്തിനാണ‌് കസബ പൊലീസ‌് കേസെടുത്തത‌്. വധഭീഷണിയുയർത്തിയുള്ള പ്രസംഗത്തിനാണ‌് നോർത്ത‌് പറവൂർ പൊലീസിന്റെ കേസ‌്. മാർഗ തടസ്സം അടക്കമുള്ള കുറ്റത്തിനാണ‌് എലത്തൂർ, ചേവായൂർ പൊലീസ‌് കേസെടുത്തത‌്. എൽഡിഎഫ‌് സർക്കാർ വന്നശേഷമാണ‌് കേസുകൾ രജിസ‌്റ്റർ ചെയ‌്തത‌്.

ന്യൂനപക്ഷങ്ങൾക്കെതിരെ വിഷം വമിക്കുന്നതും വംശഹത്യക്ക‌് ആഹ്വാനം ചെയ്യുന്നതുമാണ‌് ശശികലയുടെ മിക്ക പ്രസംഗങ്ങളും. സംഘപരിവാറിന്റെ അസഹിഷ‌്ണുതയും ഹിംസയും അവരുടെ എല്ലാ പ്രസംഗങ്ങളിലും കാണാം. ആർഎസ‌്എസ‌് വേദികളിലെ സ്ഥിരം പ്രാസംഗികയാണവർ. ക്ഷേത്രങ്ങളിലെ ഫണ്ട‌് സർക്കാർ അടിച്ചുമാറ്റുന്നുവെന്ന‌് കള്ള പ്രചാരണം ആദ്യം അടിച്ചിറക്കിയത‌് ഇവരാണ‌്.

സ‌്കൂൾ അധ്യാപികയായിരിക്കെ അനധികൃതമായി അവധിയെടുത്ത‌് പ്രസംഗിക്കാൻ പോയത‌് പിടിക്കപ്പെട്ടപ്പോൾ സർക്കാർ ശക്തമായ നിലപാട‌് സ്വീകരിച്ചു. ഇതോടെ വിആർഎസ‌് എടുത്ത‌് ജോലി മതിയാക്കി. ഒരിക്കൽ താൻ അധ്യാപികയായ വല്ലപ്പുഴ സ‌്കൂളിനെയും സ്ഥലത്തെയും പാകിസ്ഥാൻ എന്ന‌് വിളച്ചത‌് വിവാദമായിരുന്നു. വിദ്യാർഥികൾ അവരെ ബഹിഷ‌്കരിച്ച സാഹചര്യമുണ്ടായി.

വിവാദ പ്രസംഗങ്ങളിൽ ചിലത്‌

‘‘ ഹിന്ദു ഉണർന്നാൽ എന്താകും അവസ്ഥയെന്ന‌് ഇവിടത്തെ ന്യൂനപക്ഷക്കാർ ചിന്തിച്ചിട്ടുണ്ടോ. നമ്മൾ മനസ്സൊന്ന‌് വിചാരിച്ചാൽ ഏതെങ്കിലും പള്ളിയുടെ അടുത്തൂകൂടി നടക്കാൻ പറ്റുമോ ഇവർക്ക‌്?’’

 

‘‘മഹാത്മാഗാന്ധി തിലക‌് സ്വരാജ‌് ഫണ്ടെടുത്ത‌് ദുരുപയോഗംചെയ‌്ത‌് ഖിലാഫത്ത‌് പ്രസ്ഥാനത്ത‌ിന‌് കൊടുത്തു. ആ പണം കൊണ്ടാണ‌് മലപ്പുറത്ത‌് 1921ൽ നടന്ന കൂട്ടക്കൊലയിൽ അനേകം ഹിന്ദുക്കൾ കൂട്ടക്കൊലക്കിരയായത‌്’’

 

‘‘ അൽബേനിയയിൽനിന്ന‌് പാവങ്ങളുടെ അമ്മ എന്ന‌് പറഞ്ഞ‌് ഇന്ത്യയിലേക്ക‌് കയറ്റുമതി ചെയ്യപ്പെട്ട മദർ തെരേസ മരിച്ചപ്പോൾ പട്ടാള മേധാവികളെക്കൊണ്ട‌് നിങ്ങൾ ആ ശവം എടുപ്പിച്ചില്ലേ. ഹിന്ദുക്കൾ പ്രതികരിച്ചോ. ഭാരതത്തിന്റെ മാനം കാക്കേണ്ട മൂന്ന‌് സൈനിക മേധാവികളെക്കൊണ്ട‌് മദർ തെരേസയുടെ ശവം ചുമപ്പിച്ചു’’

 

‘‘ ബ്രിട്ടീഷ‌്  ചക്രവർത്തിയുടെ സ‌്‌‌തുതിഗീതമാണ‌് ജനഗണമന..’’


പ്രധാന വാർത്തകൾ
 Top