20 August Tuesday

കെ പി രവീന്ദ്രന്‍ വധക്കേസിൽ ഒമ്പത്‌ ആർഎസ്‌എസ്‌ പ്രവർത്തകർ കുറ്റക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

കണ്ണൂര്‍ > കണ്ണൂർ സെൻട്രൽ ജയിലില്‍ സിപിഐ എം പ്രവർത്തകൻ കക്കട്ടിൽ അമ്പലക്കുളങ്ങര കെ പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത്‌ ആർഎസ്‌എസ്‌, ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന്‌ കോടതി കണ്ടെത്തി. സിപിഐ എം പ്രവര്‍ത്തകനായ നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ കെ പി രവീന്ദ്രന്‍(48) ആണ് 2004 ഏപ്രില്‍ ആറിന് കൊല്ലപ്പെട്ടത്.

ഒന്ന്‌ മുതൽ ഒമ്പതുവരെ പ്രതികളും ആർഎസ്‌എസ്‌, ബിജെപി പ്രവർത്തകരുമായ പാനൂർ സെൻട്രൽ പൊയിലൂരിലെ പവിത്രൻ ,തമ്പാൻ കടവിലെ കാഞ്ഞിരത്തിങ്കൽ ഫൽഗുണൻ, സെൻട്രൽ പൊയിലൂരിൽ  കെ പി രഘു ,അരക്കിണറിലെ സനൽ പ്രസാദ്, കൂത്തുപറമ്പ് നരവൂരിലെ  പി കെ ദിനേശൻ, മൊകേരി യിലെ  കോട്ടക്ക് ശശി കൂത്തുപറമ്പിലെ അനിൽകുമാർ, സെൻട്രൽ പൊയിലൂരിലെ  സുനി, ബാലുശ്ശേരിയിലെ പി വി അശോകൻ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.ശിക്ഷ അൽപസമയത്തിനകം പ്രഖ്യാപിക്കും.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുമ്പുപാര കൊണ്ട്‌ തലക്കടിയേറ്റ രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. കൊലപാതകം നടന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണു തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രഖ്യാപിക്കുന്നത്. 20 ജീവപര്യന്ത തടവുകാരും 11 വിചാരണ തടവുകാരും ഉള്‍പ്പെടെ 31 ആര്‍എസ്എസ് പ്രവര്‍ത്തകരാണു പ്രതികള്‍. ഏഴാം ബ്ലോക്കിന് മുന്നിലുണ്ടായ ആക്രമണത്തില്‍ ജയിലിലെ എട്ടാം ബ്ലോക്കിലെ സ്‌റ്റോര്‍ റൂമില്‍ സൂക്ഷിച്ച ആയുധങ്ങളാണ് ഉപയോഗിച്ചതെന്നു കണ്ടെത്തിയിരുന്നു.

ആക്രമണത്തില്‍ തടവുകാരായ വളയം സ്വദേശി രാജു, പാലക്കാട്ടെ രാഗേഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. മറ്റൊരു കേസില്‍ ആന്ധ്രയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ദിനേശന്‍, മറ്റ് പ്രതികളായ രാകേഷ്, ശ്രീലേഷ് എന്നിവര്‍ വിചാരണയ്ക്ക് ഹാജരാവാത്തതാണു വിചാരണ വൈകാന്‍ കാരണമായത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന ആയുധങ്ങള്‍ ജയിലിനുള്ളില്‍ നിന്നു അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും ഉള്‍പ്പെടെ 71 സാക്ഷികളാണുള്ളത്. ഒന്നാം സാക്ഷി ജയില്‍ ഉദ്യോഗസ്ഥന്‍ പ്രവീണും രണ്ടാംസാക്ഷി ശശീന്ദ്രനുമാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം കെ ദിനേശനാണ്‌ ഹാജരായത്.


പ്രധാന വാർത്തകൾ
 Top