03 December Tuesday
ചേലക്കരയിൽ മുരളിയും
 അനുയായികളുമില്ല

നോമിനി രാഷ്ട്രീയം ഗുണംചെയ്യില്ല , താൻ വലിയവൻ അല്ല , ഇപ്പോഴുള്ള നേതാക്കളാണ്‌ വലുത് : കെ മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024


തിരുവനന്തപുരം
നോമിനി രാഷ്ട്രീയം കോൺഗ്രസിനു ഗുണം ചെയ്യില്ലെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനിയാണെന്ന കെപിസിസി പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ്‌ പ്രതികരണം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ താൻ വലിയവൻ അല്ലെന്നും ഇപ്പോഴുള്ള നേതാക്കളാണ്‌ വലുതെന്നും മുരളീധരൻ വി ഡി സതീശനെ പരിഹസിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല.  പാലക്കാട് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്‌. ബിജെപിക്ക് ഒന്നാം സ്ഥാനത്ത് എത്താൻ കഴിയില്ല. പാലക്കാട്‌ പ്രചാരണത്തിന് പോകാൻ ആരും വിളിച്ചിട്ടില്ല. തൃശൂർ പൂരം കലങ്ങിയതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയിൽ മുരളിയും
 അനുയായികളുമില്ല
കെപിസിസി സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാത്തതിൽ പ്രകോപിതരായ കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും ചേലക്കരയിൽ പ്രചാരണത്തിനില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വോട്ടുമറിച്ച്‌ തൃശൂരിൽ മുരളീധരനെ തോൽപ്പിച്ചവർക്കെതിരെ നടപടിയെടുത്തില്ലെന്നാണ്‌ ഇവരുടെ പരാതി.

ചേലക്കരയിലും പാലക്കാട്ടും പ്രചാരണത്തിനില്ലെന്ന്‌ പ്രഖ്യാപിച്ച കെ മുരളീധരന്റെ പാത പിന്തുടരാനാണ്‌ പ്രവർത്തകരുടെയും തീരുമാനം. ടി എൻ പ്രതാപനും അനിൽ അക്കരയും ജോസ്‌ വള്ളൂരും കുറ്റക്കാരെന്ന്‌ കണ്ടെത്തിയ സമിതി നടപടിക്ക്‌ ശുപാർശ ചെയ്തതാണ്‌. എന്നാൽ റിപ്പോർട്ട്‌ പുറത്തുവിടാതെ കെപിസിസി നേതൃത്വം നടപടി വൈകിപ്പിച്ചു. കുറ്റക്കാർക്ക്‌ ചേലക്കരയിൽ തെരഞ്ഞെടുപ്പ്‌ ചുമതലയും നൽകി. 

തെരഞ്ഞെടുപ്പ്‌ തോൽവിയുടെ പേരിൽ ഡിസിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലിൽ നടപടിക്കിരയായ മുരളി വിഭാഗത്തിലെ നേതാക്കളെ നേതൃത്വം ഗൗനിക്കുന്നില്ല. ഉപതെരഞ്ഞെടുപ്പ്‌ സമയത്ത്‌ നടപടി പിൻവലിക്കുമെന്ന്‌ കരുതിയെങ്കിലും ഉണ്ടായില്ല. മുരളീധരനെയും കൂട്ടരെയും ഗൗനിക്കേണ്ടെന്നാണ്‌ കെപിസിസി, ഡിസിസി നേതൃത്വം പറയുന്നത്‌. തങ്ങളെ അവഗണിക്കുന്ന നേതൃത്വത്തിന്‌ മറുപടി ചേലക്കരയിൽ ഉണ്ടാകുമെന്ന്‌ മുരളീധരൻ വിഭാഗം നേതാവ്‌ പറഞ്ഞു. മുരളീധരൻ ചേലക്കരയിൽ പ്രചാരണത്തിനുണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്ന് യുഡിഎഫ്‌ കൺവീനർ എം എം ഹസൻ മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top