07 July Tuesday

പട്ടികയായി ; വടകരക്ക‌് ഒടുവിൽ ‘തോറ്റ മന്ത്രി’

കെ ശ്രീകണ‌്ഠൻUpdated: Wednesday Mar 20, 2019

കിട്ടിയ അവസരങ്ങളിലെല്ലാം സ്വന്തം പാർടിക്കാർ തന്നെ ആവോളം ‘കൈകാര്യം’ ചെയ‌്ത ചരിത്രമുള്ള കെ മുരളീധരനാണ‌് ഒടുവിൽ വടകരയിൽ കുറി വീണത‌്. സംസ്ഥാനമന്ത്രിയായിരിക്കെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച‌് തോറ്റ റെക്കൊഡിന‌് ഉടമയുമാണ‌് അദ്ദേഹം.   ചുരുങ്ങിയ കാലയളവിൽ മൂന്ന‌് പാർടികളുടെ അധ്യക്ഷനുമായി.

ലോക‌്സഭയിലേക്ക‌് ആറുവട്ടം മത്സരിച്ചു. മൂന്ന‌ു തവണ തോറ്റു. 1996ൽ കോഴിക്കോട‌് എംപി വീരേന്ദ്രകുമാറിനോടും 98ൽ തൃശൂരിൽ വി വി രാഘവനോടുമാണ‌് തോറ്റത‌്. 2004ൽ കെപിസിസി പ്രസിഡന്റ‌് ആയിരിക്കെയാണ‌് രാജിവച്ച‌് എ കെ ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായത‌്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിരുന്ന വടക്കാഞ്ചേരിയിൽ അന്നത്തെ എംഎൽഎ വി ബലറാമിനെ രാജിവയ‌്പിച്ച‌്  ഉപതെരഞ്ഞെടുപ്പിന‌് കളമൊരുക്കി. സിപിഐ എമ്മിലെ എ സി മൊയ‌്തീനോട‌് സുന്ദരമായി തോറ്റു. മന്ത്രിസ്ഥാനം രാജിവച്ച മുരളീധരനും അച്ഛൻ കെ കരുണാകരനും നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 

എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന അഹമ്മദ‌് പട്ടേലിനെ ‘അലുമിനിയം പട്ടേൽ’ സോണിയ ഗാന്ധിയെ ‘മദാമ്മ’ എന്നൊക്കെ വിശേഷിപ്പിച്ച‌ത‌് ഈ യുദ്ധത്തിനിടെയാണ‌്. അതിന‌ുമുമ്പ‌് എ കെ ആന്റണിയെ ‘മുക്കാലിയിൽ കെട്ടി’ അടിക്കണമെന്ന ആവശ്യവും മുരളിയുടെ വകയായി കാണാം.

2004ലെ തോൽവിയെത്തുടർന്ന‌് ഡിഐസി രൂപീകരിച്ചപ്പോൾ അതിന്റെ അധ്യക്ഷപദവി വഹിച്ചതും മുരളിയായിരുന്നു. ഡിഐസി എൻസിപിയിൽ ലയിച്ച‌പ്പോൾ എൻസിപി സംസ്ഥാന പ്രസിഡന്റായി.  2006ൽ ഡിഐസി സ്ഥാനാർഥിയായി കൊടുവള്ളിയിൽനിന്ന‌് നിയമസഭയിലേക്കും 2009ൽ വയനാട്ടിൽനിന്ന‌് ലോക‌്സഭയിലേക്കും ജനവിധി തേടിയെങ്കിലും നിലം തൊട്ടില്ല.

നിരന്തരമുള്ള തോൽവിയും കോൺഗ്രസിന്റെ വേട്ടയാടലിലും സഹികെട്ട‌് ഒടുവിൽ കോൺഗ്രസിൽ അഭയം തേടി. 2011ൽ വട്ടിയൂർക്കാവിൽനിന്ന‌് നിയമസഭയിലേക്ക‌് മത്സരിച്ച‌് ജയിച്ചു. 2016ലും വിജയം ആവർത്തിച്ചു. 1989ൽ ആന്റണിയും കെ കരുണാകരനും കടുത്ത ഗ്രൂപ്പ‌് വൈരികളായിരിക്കെയാണ‌് കോഴിക്കോട്ട‌് മുരളീധരൻ സ്ഥാനാർഥിയായത‌്. കെ കരുണാകരൻ മൂത്രം ഒഴിക്കാൻപോയ തക്കംനോക്കി എ കെ ആന്റണി മുരളിയുടെ പേര‌് പറയുകയായിരുന്നുവെന്നത‌് ഇപ്പോഴും പ്രചാരമുള്ള വാമൊഴിയാണ‌്.

2011ൽ മന്ത്രിസഭയിൽ കയറിപ്പറ്റാൻ ആവതും നോക്കിയെങ്കിലും ഉമ്മൻചാണ്ടി അടുപ്പിച്ചില്ല. മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രി ആവശ്യത്തെ ‘ആക്രാന്തം’ എന്നാണ‌് മുരളീധരൻ അന്ന‌് വിമർശിച്ചത‌്. വട്ടിയൂർക്കാവിൽ അടുത്ത തവണ എന്താവും സ്ഥിതിയെന്ന‌് മുരളിക്ക‌് നന്നായി അറിയാം. അതിനാലാണ‌് ലോക‌്സഭയിലേക്ക‌് ചാടിവീണത‌്. വയനാട‌് സീറ്റിനായി തന്ത്രം മെനഞ്ഞെങ്കിലും ഫലിച്ചില്ല.

എംഎൽഎമാരെ ലോക‌്സഭാ സ്ഥാനാർഥിക‌ളാക്കിയത‌് എൽഡിഎഫ‌ിന്റെ ഗതികേട‌ുകൊണ്ടാണെന്ന‌് ഏതാനും ദിവസംമുമ്പ‌് കെ മുരളീധരൻ നടത്തിയ പരിഹാസം. കെ മുര‌ളീധരന്റെ പ്രസംഗം ഇപ്പോൾ കോൺഗ്രസിനെ തിരിഞ്ഞുകൊത്തുകയാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top