13 May Thursday

ഷാജിയുടെ അനധികൃത സമ്പാദ്യം : ലീഗ്‌ നിസ്സഹായതയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 13, 2021


കോഴിക്കോട്‌
സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ  വീട്ടിൽനിന്ന്‌ കള്ളപ്പണവും സ്വർണവുമായി അനധികൃത സമ്പാദ്യത്തിന്റെ  ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമ്പോഴും ലീഗ്‌ നേതൃത്വത്തിന്‌ മൗനം. വരുമാനത്തിൽ കവിഞ്ഞ വൻ സ്വത്ത്‌ സമ്പാദിച്ചതായി തെളിയുന്ന എംഎൽഎയെ തള്ളാനോ ന്യായീകരിക്കാനോ ആകാത്ത നിസ്സഹായതയിലാണ്‌ ലീഗ്‌ നേതൃത്വം. ഷാജിയുടെ ശൈലിയിൽ അസംതൃപ്‌തിയുള്ള കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും മറ്റും ലീഗിന്റെ നിലപാടറിഞ്ഞ ശേഷം‌ പ്രതികരണം എന്ന സമീപനത്തിലാണ്‌. സമീപ കാലത്തൊന്നും കേരളം കാണാത്ത അഴിമതി സമ്പാദ്യശേഖരത്തിന്റെ ഉടമയാണ്‌ ഷാജിയെന്നാണ്‌ പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്‌. സ്വർണാഭരണ തട്ടിപ്പിൽ അകത്തായ എം സി ഖമറുദ്ദീനും പാലാരിവട്ടം അഴിമതിയിൽ അഴിയെണ്ണിയ വി കെ ഇബ്രാഹിംകുഞ്ഞിനും പിൻഗാമിയാവുകയാണ്‌ ഷാജി. 

വിജിലൻസ്‌ കണ്ടെത്തൽ നിരാകരിക്കാത്ത ലീഗ്‌ നേതൃത്വത്തിൽ പലർക്കും ചെറിയൊരാശ്വാസവുമുണ്ട്‌‌. വോട്ടെടുപ്പിന്‌ മുമ്പായിരുന്നെങ്കിൽ  എന്താകുമായിരുന്നു കഥയെന്നാണ്‌ നേതാക്കളുടെ ചോദ്യം. ഷാജിയുടെ ശൈലിയോട്‌ വിയോജിപ്പുള്ള നല്ലൊരു വിഭാഗം ലീഗിനകത്തുണ്ട്‌.  ആദർശവാദി ചമഞ്ഞ്‌ പല നേതാക്കളെയും വെട്ടിലാക്കിയിരുന്ന ഷാജിയുടെ യഥാർഥ മുഖവും വഞ്ചനയും അണികൾ തിരിച്ചറിയട്ടെ എന്ന നിലപാടാണ്‌ ഒരുവിഭാഗം നേതാക്കൾക്ക്‌. നിയമസഭാ സീറ്റിനായി ഉന്നത നേതാവിനെതിരായ ആരോപണം പാർടിയിൽ പാട്ടാക്കിയതും ബ്ലാക്ക്‌‌‌മെയിൽ ചെയ്‌ത്‌ സീറ്റ്‌ സംഘടിപ്പിച്ചതുമെല്ലാം ഈ  നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ സർക്കാർ രാഷ്‌ട്രീയം കളിച്ചെന്ന വാദം പാർടിയുടെ വിശ്വാസ്യത കളയുമെന്ന്‌ ഇവർ വിലയിരുത്തുന്നു. രാഷ്‌ട്രീയമാണെങ്കിൽ തെരഞ്ഞെടുപ്പിനു‌ മുമ്പ്‌ വിജിലൻസിനെ ഉപയോഗിക്കാമായിരുന്നു. അതിനാൽ ഇപ്പോൾ സർക്കാരിനോട്‌ നന്ദിയുണ്ടെന്നാണ്‌ ഷാജിയുടെ വാദത്തെ പരിഹസിച്ച്‌ നേതാക്കൾ പറയുന്നത്‌.

-പറഞ്ഞതും പാരയാകും
തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിനായി ശേഖരിച്ച പണമെന്ന്‌ മനോരമ. ഭൂമി ഇടപാടിനായി ബന്ധു തന്ന പണമെന്ന്‌  ഷാജി പറഞ്ഞതായി മാതൃഭൂമി. രേഖകളുള്ള പണമെന്ന്‌ ലീഗ്‌ പത്രം ചന്ദ്രിക.   മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ കണ്ണൂരിലെ  വീട്ടിൽനിന്ന് വിജിലൻസ്  കണ്ടെത്തിയ അനധികൃത പണത്തിന്റെ സ്രോതസ്സ്‌ സംബന്ധിച്ച് യുഡിഎഫ് പത്രങ്ങൾ നൽകുന്ന വിശദീകരണം പരസ്‌പരവിരുദ്ധവും എംഎൽഎയെയും ലീഗിനെയും ദുരൂഹതയിലാക്കുന്നതും.

തെരഞ്ഞെടുപ്പു സമയത്ത് ശേഖരിച്ചതും പാർടിയിൽ നിന്ന് ‌ലഭിച്ചതുമായ പണമാണെന്നാണ്‌ മലയാള മനോരമയുടെ കണ്ടെത്തൽ. പത്രത്തിന്റെ ഒന്നാം പേജിലെ വാർത്തയിലാണ് ഈ വിശദീകരണം."തെരഞ്ഞെടുപ്പിന് ചെലവായ തുക മുഴുവൻ കൊടുത്തുതീർത്തിരുന്നില്ല. ചെലവ് കണക്കും സമർപ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായി ശേഖരിച്ച തുക വീട്ടിലുണ്ട് എന്നറിഞ്ഞുതന്നെ വിജിലൻസ് സംഘം എത്തിയതാണ്'-–-ഇങ്ങനെ ഷാജി പറഞ്ഞതായാണ് മനോരമയുടെ  വിശദീകരണം. 

എന്നാൽ ലീഗ്‌ മുഖപത്രം ചന്ദ്രിക  പറയുന്നത് പണത്തിന്‌ രേഖയുണ്ട് എന്നുമാത്രം. എന്നാൽ മാതൃഭൂമിയും മാധ്യമവും കേരളകൗമുദിയും അടക്കമുള്ള പത്രങ്ങൾ പറയുന്നത്  ബന്ധുവിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പണമാണ് വീട്ടിൽ സൂക്ഷിച്ചതെന്ന്‌ ഷാജി അറിയിച്ചു എന്നാണ്.

ഷാജിയെ രക്ഷിക്കാൻ പത്രങ്ങൾ ഒരുക്കിയ ഈ വിശദീകരണങ്ങൾ   കൂടുതൽ വെട്ടിലാക്കുന്നതാണ്. തെരഞ്ഞെടുപ്പിനുള്ള പണമാണ് വീട്ടിൽ എന്ന മനോരമ  വാദം ശരിയെങ്കിൽ ഷാജി തെരഞ്ഞെടുപ്പ് അഴിമതിക്കേസിൽ കൂടി പ്രതിയാകും. നിയമസഭയിലേക്ക് ഒരു സ്ഥാനാർഥിക്ക്‌   ചെലവാക്കാവുന്നത് 30.8 ലക്ഷം രൂപയാണ്. അപ്പോഴാണ്  വോട്ടെടുപ്പിനു ശേഷവും അരക്കോടിയോളം രൂപ ഷാജി വീട്ടിൽ സൂക്ഷിച്ചുവെന്ന മനോരമയുടെ ന്യായവാദം. 

ഭൂമി ഇടപാടുകൾക്കാണെന്ന വാദവും കെണിയാകും. ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം എന്നിവ ഉപയോഗിച്ചേ 20,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾ നടത്താവൂവെന്ന നിയമമുണ്ട്‌. ഇത്തരം സാഹചര്യത്തിൽ ജനപ്രതിനിധിയായ നേതാവ്‌ ഭൂമി ഇടപാടിനായി അരക്കോടി രൂപ വീട്ടിൽ സൂക്ഷിച്ചതായ വിശദീകരണവും കുടുക്കുന്നതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top