13 May Thursday

കെ എം ഷാജിയുടെ അനധികൃത സ്വത്ത്‌ : അന്വേഷണം ബിനാമി ഇടപാടിലേക്കും

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021


കോഴിക്കോട്
മുസ്ലിംലീഗ്‌ നേതാവ്‌ കെ എം ഷാജി എംഎൽഎ പ്രതിയായ അനധികൃത സ്വത്ത്‌ സമ്പാദനക്കേസ്‌ അന്വേഷണം ബിനാമി  ഇടപാടിലേക്കും. വയനാട്‌, കണ്ണൂർ അടക്കമുള്ള ജില്ലകളിലും സംസ്ഥാന അതിർത്തി പ്രദേശങ്ങളിലും പലരുടെ പേരിലായി ഷാജി ഭൂമി വാങ്ങിക്കൂട്ടിയെന്ന വിവരം അന്വേഷകസംഘത്തിനുണ്ട്‌. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ്‌ ഉദ്യോഗസ്ഥർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നുണ്ട്. കണ്ണൂരിലെ മുസ്ലിംലീഗ്‌ നേതാവ്‌, കുട്ടയിലെ മലഞ്ചരക്ക്‌ വ്യാപാരി തുടങ്ങിയവരിലേക്ക്‌ അന്വേഷണം നീളും.

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വയനാട്ടിൽ രണ്ടേക്കർ ഭൂമിയും കണ്ണൂരിൽ പത്ത്‌ സെന്റും മാത്രമാണ്‌ താൻ വാങ്ങിയതെന്നാണ്‌ വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിൽ ഷാജി മൊഴി നൽകിയത്‌. മാധ്യമപ്രവർത്തകർക്ക്‌ മുന്നിലും ഇതേവാദം ഉന്നയിച്ചു. എന്നാൽ ഇത്‌  വിശ്വസനീയമാണെന്ന്‌ അന്വേഷകസംഘം കരുതുന്നില്ല.

ബിനാമി പേരിൽ ഭൂമിയും വാഹനങ്ങളും വാങ്ങിയിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്‌ ഷാജിയുടെ നീക്കങ്ങൾ. സ്ഥിരമായി സഞ്ചരിക്കുന്ന എംഎൽഎ ബോർഡ്‌ വച്ച ഇന്നോവ ക്രിസ്‌റ്റ കാർ ആരുടേതാണെന്ന്‌ ഇനിയും വ്യക്തമാക്കിയിട്ടില്ല. ഈ വാഹനം ഇതുവരെ ഷാജിയുടെയോ ഭാര്യയുടെയോ പേരിൽ ഉള്ളതായി പറയുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ്‌ നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്‌മൂലത്തിൽ തന്റെ പേരിൽ വാഹനങ്ങളൊന്നും ഇല്ലെന്നാണ്‌ നൽകിയിരിക്കുന്നത്‌‌. ഭാര്യയുടെ പേരിൽ ഒരു കാറും സ്‌കൂട്ടറുമുണ്ടെന്ന്‌‌ വ്യക്തമാക്കിയിട്ടുണ്ട്‌‌.   തളിപ്പറമ്പിലെ മുസ്ലിംലീഗ്‌ നേതാവിന്റെ പേരിലും ഷാജി ഭൂമി വാങ്ങിയതായി ഉദ്യോഗസ്ഥർക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇയാളുടെ സ്വത്തിലുണ്ടായ വളർച്ചയുടെ കാരണവും വിജിലൻസ് അന്വേഷിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top