20 April Tuesday

കെ എം മാണി ജനമനസ്സിൽ 
സ്ഥിരപ്രതിഷ്ഠ നേടിയ നേതാവ‌്: സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

കെ എം മാണിയുടെ പ്രതിമ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അനാച്ഛാദനം ചെയ്തതിനുശേഷം പ്രതിമയ്ക്ക് മുന്നിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും അമ്മ കുട്ടിയമ്മയും


പാലാ
സ്വയം രൂപം നൽകിയ രാഷ‌്ട്രീയ ഭൂമികയിലൂടെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സ്ഥിരപ്രതിഷ‌്ഠ നേടിയ വ്യക്തിത്വത്തിനുടമയായിരുന്നു കെ എം മാണിയെന്ന‌് നിയമസഭാ സ‌്പീക്കർ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. കെ എം മാണി ഫൗണ്ടേഷനും യൂത്ത‌്ഫ്രണ്ട‌് എമ്മും ചേർന്ന‌് പാലായിൽ സ്ഥാപിച്ച കെ എം മാണി സ‌്മാരക സ‌്തൂപം അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം  അനുകമ്പയോടെ വിനിയോഗിച്ച കെ എം മാണിക്ക്‌ മറ്റുള്ളവരെ കേൾക്കാനുള്ള സഹിഷ‌്ണുതയും  സവിശേഷ നേതൃഗുണവുമുണ്ടായിരുന്നു.  രാഷ്ട്രീയ, -മത ചിന്തകൾക്കപ്പുറം എല്ലാവരെയും സമഭാവനയോടെയും സ്‌നേഹത്തോടെയുമാണ്‌ അദ്ദേഹം കണ്ടതെന്നും സ്‌പീക്കർ പറഞ്ഞു.

സമ്മേളനത്തിൽ പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ‌് മുരിക്കൻ അധ്യക്ഷനായി. കെ എം  മാണി ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി ആമുഖ പ്രഭാഷണം നടത്തി. എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ ജയരാജ്, മുൻ എംഎൽഎ, വി എൻ വാസവൻ, പ്രൊഫ. വി ജെ പാപ്പു, നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം സി പി ചന്ദ്രൻ നായർ, എസ്എൻഡിപി യോഗം പാലാ ടൗൺ ശാഖാ പ്രസിഡന്റ് പി ജി അനിൽകുമാർ, അഡ്വ. ജോസ് ടോം, ഫിലിപ്പ‌് കുഴികുളം എന്നിവർ സംസാരിച്ചു.

യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക സ്വാഗതവും സ‌്മാരകസ‌്തൂപ നിർമാണ കമ്മിറ്റി ജനറൽ കൺവീനർ ബിജു കുന്നേപ്പറമ്പിൽ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top