18 February Tuesday

"ഒരേസമയം അത്ഭുതവും ആശ്വാസവും'; സ്നേഹത്തിന്റെ ഒരു മാതൃക തന്നെയാണ് ടീച്ചർ

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2019

കൽപ്പറ്റ> മന്ത്രി കെ കെ ശൈലജയുടെ മറ്റൊരു ഇടപെടൽകൂടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അരിവാൾ രോഗികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച, ഇതേ രോഗബാധിതയായ വയനാട്ടിലെ സി ഡി സരസ്വതിയെ മന്ത്രി വീട്ടിലെത്തി കണ്ടതുമായി ബന്ധപ്പെട്ട്‌  ഒ ആർ കേളു എംഎൽഎയുടെ പി എ രാജേഷിട്ട ഫേസ്‌ബുക്ക്‌ പോസ്‌റ്റാണ്‌ വൈറലാകുന്നത്‌. അരിവാൾ രോഗികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി  സിക്കിൾസെൽ അനീമിയ പേഷ്യൻസ്‌ അസോസിയേഷൻ സെക്രട്ടറി കൂടിയായ സരസ്വതിയെ ബുധനാഴ്‌ച്ച രാത്രി ഒമ്പതോടെ മന്ത്രി മാനന്തവാടി ചെറ്റപ്പാലത്തെ വീട്ടിലെത്തി കണ്ടു.

അരിവാൾ രോഗചികിത്സക്കായി വയനാട്ടിൽ പ്രത്യേക യൂണിറ്റ്‌ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ച വ്യാഴാഴ്‌ച്ച നിശ്ചയിച്ചിരുന്നു.  സരസ്വതിയോട്‌ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അസുഖം കൂടുതലായതിനാൽ പങ്കെടുക്കാനാവില്ലെന്ന്‌ മന്ത്രിയുടെ പിഎ പ്രമോദിനെ ഫോണിൽ സരസ്വതി അറിയിച്ചിരുന്നു. എന്നാൽ ബുധനാഴ്‌ച്ച രാത്രി മട്ടന്നൂരിൽനിന്നും വയനാട്ടിലേക്ക്‌ തിരിച്ച മന്ത്രി സരസ്വതിയെ വീട്ടിലെത്തി കാണാൻ തീരുമാനിച്ചു.

പ്രമോദ്‌ രാജേഷിനെ വിളിച്ച്‌  മന്ത്രിക്ക്‌ സരസ്വതിയുടെ വീട്ടിൽ പോകണമെന്ന്‌ അറിയിച്ചു. വിവരമറിഞ്ഞ ഒ ആർ കേളു എംഎൽഎ സരസ്വതിയുമായി ഫോണിൽ സംസാരിച്ചു.  രാത്രിയിലെ സന്ദർശനം ബുദ്ധിമുട്ടാണെന്നും വാഹനം വീട്ടിലേക്ക്‌ വരില്ലെന്നും പറഞ്ഞു.  വഴിനിറയെ ചെളിയുമായിരുന്നു. കാര്യം മന്ത്രിയെ അറിയിച്ചെങ്കിലും വീട്ടിൽ പോകണമെന്ന നിർബന്ധത്തിലായിരുന്നു. രാത്രി ഒമ്പതോടെ മാനന്തവാടിയിലെത്തിയ മന്ത്രി സരസ്വതിയുടെ വീട്ടിലേക്ക്‌ യാത്ര തിരിച്ചു. വാഹനമിറങ്ങി മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ വീട്ടിലേക്ക്‌ നടക്കുമ്പോൾ  കനത്ത മഴയായിരുന്നു.

‘മോളേ എന്ന വിളിയോടെ ആണ് ടീച്ചർ അവരുടെ വീട്ടിലേക്ക് കയറിയത്. പിന്നാലെ അവരെ ചേർത്ത് പിടിച്ചു. വിശേഷങ്ങളെല്ലാം തിരക്കി. വിഷമങ്ങളെല്ലാം കേട്ടു. കൂടെ ഉണ്ടായിരുന്ന ഡിഎംഒ ആർ രേണുക, ഡോ. ബിജോയ് എല്ലാവരും ചേർന്ന് സിക്കിൾ സെൽ അനീമിയ രോഗികളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്തു. മുക്കാൽ മണിക്കൂറോളം ടീച്ചർ സരസ്വതിയേച്ചിയെ  കേട്ടു.  ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചാണ്‌  മന്ത്രി മടങ്ങിത്‌’‐ രാജേഷ്‌ ഫെയസ്‌ ബുക്കിൽ കുറിക്കുന്നു.

തനിക്ക്‌ ഒരേസമയം അത്ഭുതവും ആശ്വാസവുമായെന്നാണ്‌ മന്ത്രിയുടെ സന്ദർശനത്തോട്‌ സരസ്വതി പ്രതികരിച്ചത്‌.

ഫേസ്‌ബുക്ക്‌ കുറിപ്പ്‌ ചുവടെ

കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫീൽഡിൽ തന്നെയാണ്. ചെയ്യുന്ന ഓരോ പ്രവൃത്തിയും ഉത്തരവാദിത്തത്തിന്റെ ഭാഗമായതിനാൽ തന്നെ നാട്ടാരെ മുഴുവൻ അറിയിക്കേണ്ടതില്ല എന്ന് തന്നെയാണ് എപ്പോഴും കരുതാറുള്ളത്.
എന്നാലും ചില സ്നേഹം നിറഞ്ഞ മനുഷ്യമുഖങ്ങളെ ഈ ദുരിതകാലത്ത്  അടയാളപ്പെടുത്താതെ പോകുന്നത് ശരിയല്ലെന്ന് തോന്നുന്നു.

ഇന്നലെ വൈകുന്നേരം ഒരു അഞ്ചര മണിയോട് കൂടി മാനന്തവാടി താലൂക്കിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗം കഴിഞ്ഞ് വരുന്ന സമയം .ബഹു: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ പേഴ്സണൽ അസിസ്റ്റന്റ്‌ പ്രമോദേട്ടന്റെ ഫോൺ കോൾ. "രാജേഷേ ടീച്ചർ ഇപ്പോൾ മട്ടന്നൂർ ഉണ്ട്. മാനന്തവാടി വഴി കൽപ്പറ്റയ്ക്ക് പോകുന്നുണ്ട്. രാത്രി മാനന്തവാടി എത്തും. ടീച്ചർക്ക് സരസ്വതി എന്നു പറയുന്ന അവരുടെ വീട്ടിൽ പോകണം'. നീ മാനന്തവാടിയിൽ നിൽക്കുമോ?

"പെട്ടെന്ന് തിരിച്ചു ചോദിച്ചത് സരസ്വതിയേച്ചിക്ക് എന്താ പറ്റിയത് എന്നായിരുന്നു. വളരെ തിരക്കുള്ള സമയമായതിനാൽ കുറേ ദിവസങ്ങളായി സരസ്വതി ചേച്ചിയുടെ വിവരം ഒന്നും തിരക്കാറില്ലായിരുന്നു. ടീച്ചർക്ക് അവരെ കാണണം എന്ന് പറയുന്നു എന്ന മറുപടി ആണ് പ്രമോദേട്ടൻ തന്നത്. വിവരം എംഎൽഎയോട് പറഞ്ഞു. എംഎൽഎ അപ്പോൾ തന്നെ സരസ്വതിയേച്ചിയെ വിളിച്ചു. അസുഖം കുറച്ച് കൂടുതലായതിനാൽ വീട്ടിൽ തന്നെ ആണെന്നും പുറത്തിറങ്ങാൻ കഴിയാത്ത കാലാവസ്ഥ ആണെന്നും പറഞ്ഞു.

സരസ്വതിയേച്ചി വയനാട്ടുകാർക്ക് സുപരിചിതയാണ്. സിക്കിൾസെൽ അനീമിയ രോഗികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരെ സഹായിക്കുന്നതിനും ആയി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ആ രോഗികളിൽ തന്നെ ഒരാളാണ്. ഇപ്പോഴത്തെ കാലാവസ്ഥയിൽ രോഗാവസ്ഥ വളരെ രൂക്ഷമായിരിക്കും. അത് കൊണ്ട് തന്നെ ചേച്ചിക്ക് പുറത്തിറങ്ങാൻ പോലും കഴിയാറില്ല .

ഈ വിവരം നമ്മുടെ ആരോഗ്യ മന്ത്രി അറിഞ്ഞു എന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അത് പോരാഞ്ഞിട്ട് മാനന്തവാടി വഴി രാത്രി കടന്നു പോകുന്ന സമയത്ത് അവരെ വീട്ടിൽ ചെന്ന് കാണാനും തയ്യാറാവുക എന്നത് സ്നേഹത്തിന്റെ കരുതലിന്റെ ഒരു മാതൃക തന്നെയാണ്. ടീച്ചർ എത്തുന്നതിന് മുമ്പേ ഒന്ന് സരസ്വതിയേച്ചിയുടെ വീട് വരെ പോയി. വണ്ടി വീടിന്റെ മുറ്റത്ത് എത്തില്ല. ഒരു ഇടവഴിയിലൂടെ നടക്കണം. നല്ല ചളിയുണ്ട്. വഴുക്കലുണ്ട്. മഴ നന്നായി പെയ്യുന്നുണ്ട്.

സരസ്വതി ചേച്ചിയോട് ടീച്ചർ വരുന്ന കാര്യത്തെ പറ്റി പറഞ്ഞു. ചേച്ചി പറഞ്ഞത് വഴിയും കാലാവസ്ഥയും മോശമല്ലേ രാജേഷേ എന്നായിരുന്നു. ടീച്ചർക്ക് ബുദ്ധിമുട്ടാകും. ഇത്രയും തിരക്കുള്ള ഒരാളെ എന്തിനാ നമ്മൾ ബുദ്ധിമുട്ടിക്കുന്നത്. സരസ്വതി ചേച്ചിയുടെ ഭർത്താവ് ചന്ദ്രേട്ടനും ഇതേ അഭിപ്രായം. ഞാൻ ഇത് പറയാം എന്ന് പറഞ്ഞ് അവിടെ നിന്നും തിരികെ പോന്നു.

മാനന്തവാടി ടൗണിലെത്തി പ്രമോദേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. നല്ല മഴയാണ്. അവരുടെ വീട്ടിലേക്കുള്ള വഴി മോശമാണ്. ടീച്ചർക്ക് ബുദ്ധിമുട്ടാകും. നാളെ പകൽ പോയാൽ പോരേ എന്ന് ചോദിച്ചു. പ്രമോദേട്ടൻ ടീച്ചറോട് സംസാരിച്ചു. എന്തായാലും അവിടെ പോകണം എന്ന മറുപടിയും കിട്ടി. ഞാൻ ഗാന്ധി പാർക്കിൽ കാത്തു നിന്നു. രാത്രി 9 മണി ആയപ്പോഴേക്കും ടീച്ചറുടെ വാഹനം എത്തി. നേരെ സരസ്വതിയേച്ചിയുടെ വീട്ടിലേക്ക്. കനത്ത മഴ, ഇരുട്ട് ,ചളി (വയനാട്ടുകാർക്ക് വേഗം ഊഹിക്കാം അവസ്ഥ) .മൊബൈൽ വെളിച്ചത്തിന്റെ സഹായത്തോടെ നടത്തം. ടീച്ചറേ ശ്രദ്ധിക്കണം. വഴുക്കലുണ്ട് എന്ന് പറഞ്ഞപ്പോൾ സാരമില്ല മോനേ ശ്രദ്ധിക്കാം എന്ന സ്നേഹത്തോടെയുള്ള മറുപടി. സരസ്വതി ചേച്ചിയുടെ വീട്ടിൽ നിന്ന് എമർജൻസി ലാമ്പുമായി വന്ന് ചന്ദ്രേട്ടൻ സഹായിച്ചു.

മോളേ എന്ന വിളിയോടെ ആണ് ടീച്ചർ അവരുടെ വീട്ടിലേക്ക് കയറിയത്. പിന്നാലെ അവരെ ചേർത്ത് പിടിച്ചു. വിശേഷങ്ങളെല്ലാം തിരക്കി. വിഷമങ്ങളെല്ലാം കേട്ടു. കൂടെ ഉണ്ടായിരുന്ന വയനാട് ഡിഎംഒ ,ഡോ. രേണുക, ഡോ. ബിജോയ്, എല്ലാവരും ചേർന്ന് സിക്കിൾ സെൽ അനീമിയ രോഗികളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്തു. മുക്കാൽ മണിക്കൂറോളം ടീച്ചർ സരസ്വതിയേച്ചിയെ  കേട്ടു. ടീച്ചറെ കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്താണ് അവിടെ നിന്നും മടങ്ങിയത്.

ഒരു രോഗാവസ്ഥയിലുള്ള ആൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഒരു പക്ഷേ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ,കരുതലിന്റെയും രക്ഷാകർതൃത്വത്തിന്റെയും ഒക്കെ സുഗന്ധം പേറുന്ന ഒരു തലോടൽ മാത്രമായിരിക്കും. ഒരു സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് മന്ത്രി തന്നെ ഇത്തരം മാതൃകകൾ സൃഷ്ടിക്കുന്ന സമയത്ത് നമുക്കെങ്ങനെ ഈ നാട്ടിൽ നിന്ന് മാറി നിൽക്കാനാകും.

ടീച്ചർ എന്തെല്ലാമാണ് എന്നൊന്നും ഇപ്പോൾ പറയുന്നില്ല. പക്ഷേ ഒന്ന് വ്യക്തമായി പറയാം മലയാളിക്കു മേൽ പടർന്ന് പന്തലിച്ചു നിൽക്കുന്ന സ്നേഹത്തിന്റെ കരുതലിന്റെ ഉറവ വറ്റാത്ത പ്രതീകമാണ് അവർ. മുന്നോട്ടുള്ള യാത്രയിൽ ഷൈലജ ടീച്ചർ ഇനിയും കേരളമാകെ ആരോഗ്യ മേഖലയിൽ തണൽ വിരിച്ചു കൊണ്ടേയിരിക്കും........

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top