02 March Tuesday

വാക്‌സിന്‍ വിതരണം കേരളത്തെ സംബന്ധിച്ച് ആശ്വാസകരമായ അനുഭവം; പൂര്‍ണ സജ്ജം: ആരോഗ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

കണ്ണൂർ> ഇന്നത്തെ വാക്‌സിന്‍ വിതരണം കേരള സമൂഹത്തെ സംബന്ധിച്ച് ആശ്വാസകരമായ അനുഭവമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. 133 കേന്ദ്രത്തിലാണ് ഇന്ന് വാക്‌സിന്‍ നടത്താന്‍ അനുവാദമുള്ളത്. സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, പട്ടണങ്ങള്‍, ഗ്രാമീണമേഖലകള്‍,സെന്ററുകള്‍, സ്വകാര്യമേഖലകളിലുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്ലെല്ലാമാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

വാക്‌സിൻ എടുത്താലും കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. കോവിഡ്‌ വാക്‌സിൻ നൽകുന്നതിന്‌ മുന്നോടിയായുള്ള ഒരുക്കങ്ങൾ വീക്ഷിക്കാൻ കണ്ണുർ ജില്ലാആശുപത്രിയിൽ എത്തിയതായിരുന്നു മന്ത്രി.

ലോകം മുഴുവൻ കാത്തിരുന്ന വാക്‌സിനാണിത്‌. കേന്ദ്രസർക്കാരിന്റെ മുൻഗണനപട്ടിക പ്രകാരം എല്ലാവർക്കും വാക്‌സിൻ നൽകും. പാർശ്വഫലങ്ങൾ തീരെ കുറവായ വാക്‌സിനാണിത്‌. ദുഷ്‌പ്രചരണങ്ങൾ തള്ളി എല്ലാവരും വാക്‌സിൻ  എടുക്കണം. വാക്‌സിൻ എടുത്ത്‌ കഴിഞ്ഞാൽ ഉടൻ മാസ്‌കും ബ്രേക്‌ ദ ചെയിൻ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

മരണനിരക്ക്‌ 0.4ശതമാനത്തിൽ പിടിച്ചുനിർത്താനായതാണ്‌ കേരളത്തിന്റെ വിജയം. മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ്‌ വ്യാപനം മൂർധന്യത്തിൽ എത്തിയപ്പോൾ സംസ്ഥാനത്ത്‌ രോഗ വ്യാപനം പിടിച്ചുനിർത്താനായി. സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനനിരക്ക്‌ ഇപ്പോഴും കുറഞ്ഞിട്ടില്ല.  ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കി ലോക്ക്‌ഡൗൺ ഏർപ്പെടുത്തുക പ്രാവർത്തികമല്ല . പോസിറ്റീവ്‌ ആകുന്നവരുടെ എണ്ണം കൂടാതെ നിലനിർത്താനുള്ള പ്രവർത്തനമാണ്‌ സർക്കാർ നടത്തിയത്‌. ഇവർക്കെല്ലാം വാക്‌സിൻ കൂടി ഉറപ്പുനൽകി കോവിഡ്‌ പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌.


കോവിഡ്‌ രോഗം ബാധിച്ച്‌ ഭേദമായവരും വാക്‌സിൻ എടുക്കണം. അവരുടെ ശരീരത്തിൽ രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ്‌ ചുരുങ്ങിയ കാലത്തേക്കേ നിലനിൽക്കൂ. അതിനാൽ വാക്‌സിൻ സ്വീകരിച്ച്‌ ദീർഘകാലത്തേക്കുള്ള പ്രതിരോധം ആർജ്ജിക്കണമെന്നും  മന്ത്രി പറഞ്ഞു.

കേന്ദ്രം അനുവദിച്ച സ്ഥലങ്ങളിലാണ് ആദ്യം വാക്‌സിന്‍ വിതരണം നടത്തുന്നത്. പിന്നീട് എല്ലായിടത്തേക്കും വ്യാപിപ്പിക്കാനാകും. ആദ്യഘട്ടത്തില്‍, രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍  വിതരണം നടത്തുക .അടുത്ത ഘട്ടം പൊലീസ്, അംഗനവാടി പ്രവര്‍ത്തകര്‍  തുടങ്ങിയ മുന്നണി പ്രവര്‍ത്തകര്‍ക്കും നല്‍കും. വാക്‌സിന്‍  ലഭ്യമാകുന്നതിനനുസരിച്ച് തുടര്‍ച്ചയായി കൊടുത്തുകൊണ്ടിരിക്കും. ഉല്‍പാദിപ്പിക്കുന്നതനുസരിച്ചും കേന്ദ്രത്തിന്റെ ക്വാട്ട അനുസരിച്ചുമാണ് വാക്‌സിന്‍ വ്യാപിപ്പിക്കുന്നത്.

 വാക്‌സിന്റെ വരവോടെ കോവിഡ് വെറസുകളെ നമുക്ക് കീഴടക്കാന്‍ സാധിക്കും, സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്ന  സന്തോഷകരമായ അന്തരീക്ഷത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം,ആദ്യഡോസ്   എടുത്തതോടെ സ്വതന്ത്രരാണെന്ന് കരുതരുത്. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുക എന്നത് ചുരുങ്ങിയത് അഞ്ചാറ് മാസമെങ്കിലും നിര്‍ബന്ധമായും തുടരേണ്ടി വരും. അതിനുശേഷമുള്ള കാര്യം
അനുഭവത്തിന്റെ അടിസ്ഥാനത്തിലെ  പറയാനാകുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

കേരളം എല്ലാ കാര്യത്തിനും തയ്യാറാണ്.എത്ര വാക്‌സിന്‍ വന്നാലും വിതരണം ചെയ്യാന്‍ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top