16 January Saturday

നന്മയ്‌ക്കൊപ്പമാണ്‌ നാട്ടുകാർ: കെ ബി ഗണേശ്‌കുമാർ

ജയന്‍ ഇടയ്ക്കാട്Updated: Sunday Dec 6, 2020

നാലരവർഷം ‌കേരളം അനുഭവിച്ചറിഞ്ഞ നന്മയുടെ നിറവിൽ ശുഭാപ്‌തി വിശ്വാസത്തിലാണ്‌ കേരള കോൺഗ്രസ്‌ ബി വൈസ്‌ ചെയർമാൻ കെ ബി ഗണേശ്‌കുമാർ എംഎൽഎ. നിപായും പ്രളയവും ഓഖിയും കോവിഡും അതിജീവിച്ച്‌ പിണറായി സർക്കാർ പണിതുയർത്തിയ നവകേരളം. ഇനി വേണ്ടത്‌ തടസ്സരഹിതമായ തുടർവികസനമാണെന്ന് കെ ബി ഗണേശ്‌കുമാർ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. ജനകീയാസൂത്രണപദ്ധതികളിലൂടെ നടപ്പാക്കിയ അധികാര വികേന്ദ്രീകരണംകൊണ്ട്‌  രാജ്യത്തിനു മാതൃകയാണ്‌ കേരളം. ഇത്‌ കൂടുതൽ വിപുലീകരിക്കണം. ഭരണപരവും ധനപരവുമായ സ്വയംഭരണം ശക്തിപ്പെടണം. ജനപങ്കാളിത്തം ഉയർത്തി കൂടുതൽ സുതാര്യമാക്കണം. ഇതിന് സർക്കാരിനൊപ്പം അതേ കാഴ്‌ചപ്പാടോടെ  പ്രാദേശിക സർക്കാരുകളും പ്രവർത്തിക്കണം.

എൽഡിഎഫിന്‌ അനുകൂല ഘടകങ്ങൾ?

കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വികസനം തന്നെയാണ്‌ ഹൈലൈറ്റ്‌. ക്ഷേമപദ്ധതികളുടെ ഗുണം അനുഭവിക്കാത്ത നാടുംനഗരവും ഇല്ല. പിഞ്ചുകുട്ടികളും വയോധികരും സർക്കാരിന്റെ സ്‌നേഹമറിഞ്ഞു. തെരുവുനായകൾക്കു പോലും ഭക്ഷണം വിളമ്പിയ കരുതൽ. യുഡിഎഫ്‌ കാലത്ത്‌ കോഴിക്കുപോലും വേണ്ടാതിരുന്ന റേഷൻ കടകളിലെ അരി ഇ‌പ്പോൾ എല്ലാ വീട്ടിലും മുഖ്യആഹാരമാണ്‌. ക്ഷേമ പെൻഷനുകൾ കൃത്യമായി വീട്ടിൽ എത്തുന്നു. ലൈഫിൽ സുന്ദരഭവനങ്ങൾ ഉയരുന്നു. സർക്കാരിന്റെ ഹൈടെക്‌ സ്‌കൂളുകളിൽ കുട്ടികൾ പഠിക്കുന്നു. സോഷ്യലിസത്തിന്റെ നന്മകൾ സാധാരണക്കാർ അനുഭവിച്ചറിയുന്നു.  നാടിനെ വികസന കൊടുമുടിയിലേറ്റുകയാണ്‌ കിഫ്‌ബി. ചാനലുകളിൽ നിരന്നിരുന്ന്‌ പുകമറയിട്ടാൽ മറയുന്നതല്ല നാടിന്‌ കിഫ്‌ബി നൽകുന്ന വെളിച്ചം. കരുതലോടെയുള്ള വികസനമാണ്‌ ഇത്‌.

അഴിമതിക്കെതിരെ ഒരു വോട്ട്‌, യുഡിഎഫ്‌ ‌അഭ്യർഥനയുടെ പ്രസക്തി? 

പൊതുജനങ്ങൾക്കു മുന്നിൽ അപഹാസ്യരാകുകയാണ്‌ യുഡിഎഫ്‌. അഴിമതിക്കാരല്ലെന്ന്‌ ഇവരിൽ എത്രപേർക്ക്‌ ‌ പറയാനാകും. പാലാരിവട്ടം പാലത്തിന്റെ ചുവരുകളിലാകേണ്ടിയിരുന്നു യുഡിഎഫ് മുദ്രാവാക്യം എഴുതേണ്ടത്‌. കേരളത്തിലെ ബാറുകളും അനുഭവങ്ങളുടെ കഥ പറയും. എന്നിട്ടും ഉളുപ്പില്ലാതെ എൽഡിഎഫിനു നേരെ ആരോപണങ്ങളുയർത്തുന്നു. കാടടച്ച്‌ വെടിവയ്‌ക്കുകയാണ്‌.

ബിജെപി  നിലപാടുകൾ സ്വാധീനിക്കുമോ?

യുഡിഎഫിന്റെ ബി ടീമായ ബിജെപിക്ക്‌ കേരളത്തിൽ ഒരു അത്ഭുതവും സൃഷ്ടിക്കാനാകില്ല. വർഗീയത മാത്രം പറഞ്ഞ്‌ എത്രനാൾ ‌ മുന്നോട്ടുപോകാനാകും. ഒരുഘട്ടം കഴിയുമ്പോൾ ജനം വെറുക്കും.

യുവനിരയെക്കുറിച്ച്?

തെരഞ്ഞെടുപ്പിൽ യുവജനങ്ങൾക്ക്‌ ഏറ്റവും കൂടുതൽ  അവസരം ‌ നൽകിയതിലൂടെ  എൽഡിഎഫ് മഹത്തായ സന്ദേശം ‌ പകരുന്നു‌. ഇത്‌ വോട്ടർമാർ വിലയിരുത്തും. പഴയ മുഖങ്ങൾ വീണ്ടുമെത്തുന്ന യുഡിഎഫിൽ വിമതരുടെ പടയാണ്‌‌.  കേരള കോൺഗ്രസ്‌ എം എൽഡിഎഫിൽ എത്തിയത്‌ മുന്നണിക്ക്‌ ശക്തിപകരും. സർക്കാരിന്‌ കരുത്തുപകരുന്നതാകും ജനവിധി.
തയ്യാറാക്കിയത്‌:


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top