12 December Thursday

ശബരിമല കേസ്‌ : നിർണായകമായത്‌ ജസ്‌റ്റിസ്‌ ഖാൻവിൽകറുടെ നിലപാടുമാറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

ന്യൂഡൽഹി> ശബരിമല കേസ്‌ വിപുലമായ ബെഞ്ചിന്‌ വിടുന്നതിന്‌ വഴിയൊരുങ്ങിയത്‌ ജസ്‌റ്റിസ്‌ എ എം ഖാൻവിൽകറുടെ നിലപാടുമാറ്റം. ശബരിമലയിൽ സ്‌ത്രീപ്രവേശം അനുവദിച്ചുള്ള 2018 സെപ്‌തംബർ 28ലെ വിധിന്യായത്തിൽ അന്നത്തെ ചീഫ്‌ജസ്‌റ്റിസ്‌ ദീപക് മിശ്ര, ജസ്‌റ്റിസുമാരായ ആർ എഫ്‌ നരിമാൻ, ഡി വൈ ചന്ദ്രചൂഡ്‌ എന്നിവർക്കൊപ്പം  ജസ്‌റ്റിസ്‌ ഖാൻവിൽകറും ഒപ്പുവച്ചിരുന്നു. അഞ്ചംഗ ബെഞ്ചിൽ ജസ്‌റ്റിസ്‌ ഇന്ദു മൽഹോത്ര മാത്രമാണ്‌ വിയോജന ക്കുറിപ്പെഴുതിയത്‌. മൂന്ന്‌ വിധിന്യായങ്ങൾ അടങ്ങുന്നതാണ്‌ സ്‌ത്രീപ്രവേശനം അനുവദിച്ചുള്ള ഭൂരിപക്ഷവിധി. ചീഫ്‌ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര എഴുതിയ വിധിയിൽ ജസ്‌റ്റിസ്‌ ഖാൻവിൽകർ ഒപ്പുവച്ചപ്പോൾ ജസ്‌റ്റിസുമാരായ നരിമാനും ചന്ദ്രചൂഡും പ്രത്യേക വിധിന്യായങ്ങൾ എഴുതി.

അയ്യപ്പഭക്തർ പ്രത്യേക മതവിഭാഗമല്ല, ഭരണഘടനയുടെ 26–-ാം അനുച്‌ഛേദപ്രകാരമുള്ള സംരക്ഷണം ശബരിമലയിലെ സ്‌ത്രീവിലക്കിന്‌ ലഭിക്കില്ല, കേരള ഹിന്ദു ആരാധനാലയ പ്രവേശനചട്ട ത്തിലെ 3 ബി വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണ്‌ തുടങ്ങി ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയുടെ നിരീക്ഷണങ്ങളോടെല്ലാം ജസ്‌റ്റിസ്‌ ഖാൻവിൽകർ യോജിച്ചിരുന്നു. ഇപ്പോൾ പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച അഞ്ചംഗ ബെഞ്ചിൽ ദീപക്‌ മിശ്രയൊഴികെ മറ്റ്‌ നാലുപേരുമുണ്ട്‌.

നിലവിലെ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ ആണ്‌ പുതിയതായി ബെഞ്ചിൽ ഉൾപ്പെട്ടത്‌. ജസ്റ്റിസുമാരായ നരിമാനും ചന്ദ്രചൂഡും സ്‌ത്രീപ്രവേശന നിലപാടിൽ ഉറച്ചുനിന്നപ്പോൾ ജസ്‌റ്റിസ്‌ ഖാൻവിൽകർ നിലപാടുമാറ്റി. സ്‌ത്രീവിലക്കിനെ അനുകൂലിക്കുന്ന ജസ്‌റ്റിസ്‌ ഇന്ദു മൽഹോത്രയ്‌ക്കും ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ക്കും ഒപ്പംചേർന്ന്‌ വിപുലമായ ബെഞ്ചെന്ന പുതിയ നിലപാട്‌ സ്വീകരിച്ചു. ഇതോടെ അഞ്ചംഗ ബെഞ്ചിൽ നരിമാനും ചന്ദ്രചൂഡും ന്യൂനപക്ഷമായി. 2018ലെ വിധിയിലും പ്രത്യേക വിധിന്യായം ജസ്‌റ്റിസ്‌ ഖാൻവിൽകർ എഴുതിയിരുന്നില്ല. ഇപ്പോൾ പുതിയ ബെഞ്ചിന്‌ രൂപംനൽകിയുള്ള ഉത്തരവിലും പ്രത്യേക വിധി ഖാൻവിൽകറിന്റേതായി ഇല്ല.


പ്രധാന വാർത്തകൾ
 Top