27 January Thursday

സിനിമ എടുത്തുപറഞ്ഞത്‌ കസ്‌റ്റഡി കൊലപാതകം മാത്രം; പോരാട്ടത്തിൽ സിപിഐ എം ഒപ്പമുണ്ടായിരുന്നു: ജസ്‌റ്റിസ്‌ കെ ചന്ദ്രു

ടി ആർ അനിൽകുമാർUpdated: Saturday Dec 4, 2021

കൊച്ചി > സമൂഹത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങളെ മനസ്സിലാക്കാനും കാഴ്‌ചപ്പാട്‌ രൂപീകരിക്കാനും സിപിഐ എം പ്രവർത്തനകാലം സഹായിച്ചെന്ന്‌  ‘ജയ്‌ ഭീം’ സിനിമയിലെ ‘യഥാർഥ’ നായകൻ ജസ്‌റ്റിസ്‌ കെ ചന്ദ്രു. രാജാകണ്ണ് ലോക്കപ്പ്‌ കൊലപാതകം വെളിച്ചത്തുകൊണ്ടുവരാനുള്ള പോരാട്ടത്തിൽ സിപിഐ എമ്മും കൂടെയുണ്ടായിരുന്നു. സമരങ്ങളിലും സിപിഐ എം കൂടെ നിന്നു. എന്നാൽ, ഹേബിയസ്‌ കോർപസിലൂടെ രാജാകണ്ണ്‌ എവിടെ എന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തലും പൊലീസിന്റെ ക്രൂരത വെളിച്ചത്തുകൊണ്ടുവരികയുമായിരുന്നു സിനിമ. അനുബന്ധസംഭവങ്ങൾ കാണിച്ചാൽ അത് ഡോക്യുമെന്ററി മാത്രമാകും.

ആദിവാസി യുവാവിന്റെ കസ്‌റ്റഡി കൊലപാതകവും നീതി തേടിയുള്ള ചന്ദ്രു എന്ന അഭിഭാഷകന്റെ നിയമയുദ്ധവും പ്രേക്ഷകമനസ്സുകൾ കീഴടക്കി മുന്നേറുമ്പോഴാണ്‌ സിനിമയിലെ യഥാർഥ നായകൻ കൊച്ചിയിലെത്തിയത്‌. ദീർഘകാലം അഭിഭാഷകനും പിന്നീട്‌ ജഡ്‌ജിയുമായ ജസ്‌റ്റിസ്‌ കെ ചന്ദ്രു ജനകീയ ന്യായാധിപൻ ജസ്‌റ്റിസ്‌ വി ആർ കൃഷ്‌ണയ്യരെ അനുസ്‌മരിക്കാൻ എത്തിയപ്പോൾ ദേശാഭിമാനിയോട്‌ സംസാരിക്കുകയായിരുന്നു.

സിനിമ ഇത്രത്തോളം സംഭവമാകുമെന്ന്‌ അറിയില്ലായിരുന്നു. ഇത്രയധികം മനുഷ്യാവകാശ കേസുകൾ വാദിച്ചപ്പോഴോ 72,000 കേസുകൾ തീർപ്പാക്കിയപ്പോഴോ അല്ല  ‘ജയ്‌ ഭീം’ ഇറങ്ങിയപ്പോഴാണ്‌ എന്നെ ലോകം അറിയുന്നത്‌. ബിഹാറിൽ കഴിഞ്ഞദിവസം പോയപ്പോൾ 100 പൊലീസുകാരാണ്‌ കാത്തുനിന്നത്‌, സുരക്ഷയ്‌ക്കെന്നും പറഞ്ഞ്‌. മൂന്നുതരം ഗ്രാമങ്ങൾ ഇന്ത്യയിലുണ്ടെന്ന്‌ കാണിച്ചുതന്നത്‌ ഈ സിനിമയാണെന്നു പറഞ്ഞ്‌ പുതുതലമുറ മുന്നോട്ടുവന്നു. തങ്ങൾക്ക്‌ എന്തുചെയ്യാൻ കഴിയുമെന്നാണ്‌ അവരുടെ ചോദ്യം. ഇന്ത്യ കുടികൊള്ളുന്നത്‌ ഗ്രാമങ്ങളിലാണെന്ന്‌ ഗാന്ധിജി പറഞ്ഞിട്ടുണ്ട്‌. എന്നാൽ, ജയ്‌ ഭീം കാണിച്ചുതരുന്നത്‌ മൂന്നുതരം ഗ്രാമങ്ങളുണ്ടെന്നാണ്‌. സാധാരണ ഗ്രാമം, പട്ടികജാതിവിഭാഗത്തിന്റെ ഗ്രാമം, ഗിരിവർഗക്കാരുടെ ഗ്രാമം.  

ആക്‌ടിവിസ്‌റ്റ്‌ എന്തുകൊണ്ട്‌ ജഡ്‌ജിയായി എന്നു പലരും ചോദിക്കാറുണ്ട്‌. എന്നാൽ, ആ ചോദ്യത്തിന്‌ ഉത്തരം നൽകിയത്‌ ജസ്‌റ്റിസ്‌ കൃഷ്‌ണയ്യരായിരുന്നു. രാജ്യത്തിനുവേണ്ടി പലതും ചെയ്യാൻ ന്യായാധിപന് കഴിയുമെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. കൃഷ്‌ണയ്യരെപ്പോലെ കമ്യൂണിസ്‌റ്റ്‌ പാർടിയോടുള്ള ബന്ധവും മനുഷ്യാവകാശപ്പോരാളിയാകാൻ സഹായിച്ച കാര്യവും ജസ്‌റ്റിസ്‌ ചന്ദ്രു എടുത്തുപറഞ്ഞു.

‘വി ആർ കൃഷ്‌ണയ്യർ ആദ്യ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭയിൽ അംഗമായിരുന്നു. ഞാൻ 30 വർഷം നേരിട്ട്‌ പാർടിയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിച്ചു. എസ്‌എഫ്‌ഐ രൂപീകരണസമ്മേളനത്തിൽ പങ്കെടുത്തു. സിപിഐ എം ചെന്നൈ ജില്ലാ കമ്മിറ്റി അംഗവും ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. സിഐടിയുവിലും പ്രവർത്തിച്ചു’–- അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top