21 February Thursday

കെ സുരേന്ദ്രന്റെ പത്രസമ്മേളനത്തിൽ പ്രതിഷേധം; മർദ്ദനമേറ്റ മാധ്യമപ്രവർത്തകർ എത്തിയത്‌ വായ്‌മൂടിക്കെട്ടി

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

കെ സുരേന്ദ്രന്റെ വാർത്താസമ്മേളനത്തിൽ വായ മൂടിക്കെട്ടി ചിത്രമെടുക്കുന്ന ജയമോഹൻ തമ്പി

കൊല്ലം > കൊല്ലം പ്രസ‌് ക്ലബ്ബിൽ വാർത്താസമ്മേളനത്തിനെത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പത്ര ഫോട്ടോഗ്രാഫറുടെ പ്രതിഷേധം. ഹർത്താൽ ദിനത്തിൽ സംഘപരിവാറുകാരുടെ  മർദനത്തിനിരയായ മംഗളം ഫോട്ടോഗ്രാഫർ ജയമോഹൻ തമ്പി കറുത്ത തുണികൊണ്ട‌് വായമൂടി വാർത്താസമ്മേളനത്തിനെത്തി.

മാധ്യമപ്രവർത്തകർക്കെതിരെ വിശ്വാസികളുടെ പ്രതിഷേധമാണ‌് ഉണ്ടായതെന്ന‌് സുരേന്ദ്രൻ അക്രമത്തെ ന്യായീകരിച്ചു. മാധ്യമ പ്രവർത്തകരെല്ലാം സിപിഐ എമ്മിന്റെ സൈബർ സഖാക്കളാണ‌്. മാധ്യമങ്ങൾ സർക്കാരിനുവേണ്ടി വിശ്വാസികളെ ആക്ഷേപിക്കുന്ന തരത്തിൽ വാർത്തകൾ സൃഷ്ടിക്കുകയാണ‌്. വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധമാണ‌് പ്രതിഫലിച്ചത‌്. ബിജെപിയുടെ ഒരു പ്രവർത്തകനും അക്രമ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടില്ല.

അധികാരം ഉപയോഗിച്ച‌് സംഘപരിവാറിനെ അടിച്ചമർത്താൻ ശ്രമിച്ചാൽ തെരുവിൽ നേരിടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡി  ഉദ‌്ഘാടനംചെയ്യുന്ന കൊല്ലം, ആലപ്പുഴ, മാവേലിക്കര മണ്ഡലം ബിജെപി തെരഞ്ഞെടുപ്പു റാലിയെക്കുറിച്ച‌്  വിശദീകരിക്കാനാണ‌് കെ സുരേന്ദ്രൻ വാർത്താസമ്മേളനം വിളിച്ചത‌്.

ഹർത്താലിന്റെ ഭാഗമായി ബിജെപി‐ആർഎസ‌്എസ‌് പ്രവർത്തകർ കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രകടനത്തിന്റെ ഫോട്ടോയെടുക്കുന്നതിനിടെയാണ‌് ജയമോഹൻ തമ്പിയെ ആക്രമിച്ചത‌്. തലയ‌്ക്ക‌് അടിയേറ്റ ജയമോഹൻ തമ്പി  ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top