22 September Friday

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സ്ഥാപകനേതാവ്‌ ജോസഫ് തോമസ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


ചോറ്റാനിക്കര
കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ അമരക്കാരൻ ചോറ്റാനിക്കര കുരീക്കാട് ‘രശ്മി’യിൽ ജോസഫ് തോമസ് (75)  അന്തരിച്ചു. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ സ്ഥാപകനേതാവും ഫ്രീ സോഫ്‌റ്റ്‌വെയർ മൂവ്‌മെന്റ്‌ ഓഫ്‌ ഇന്ത്യ (എഫ്‌എസ്‌എംഐ) സ്ഥാപക പ്രസിഡന്റുമാണ്‌.

സിപിഐ എം ചോറ്റാനിക്കര മുൻ ലോക്കൽ കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ടെലിഗ്രാഫ്‌ ട്രാഫിക്‌ എംപ്ലോയീസ്‌ യൂണിയൻ ക്ലാസ്‌–-3 മുൻ കേരള സർക്കിൾ സംസ്ഥാന സെക്രട്ടറി, ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കീ റിസോഴ്‌സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ -സ്വതന്ത്ര വിജ്ഞാന രംഗത്ത് കേരളത്തിലെ ആദ്യ പേരുകളിലൊന്നാണ് ജോസഫ് തോമസ്. സ്വതന്ത്ര വിജ്ഞാനത്തിന്റെ രാഷ്ട്രീയം ഏറ്റവും കൃത്യമായി അവതരിപ്പിക്കുകയും കാലത്തിനൊത്ത് പരിഷ്‌കരിക്കുകയും ചെയ്‌ത വ്യക്തിത്വമായിരുന്നു അദ്ദേഹം. സ്വതന്ത്ര സോഫ്റ്റ്‌വെയർ തത്വശാസ്ത്രം കേരളത്തിന് പകർന്നുനൽകാനും ഏറെ പ്രയത്നിച്ചു.

സംസ്‌കാരം പിന്നീട്‌. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സിന്ധു (വിദ്യാർഥി, യുകെ), ബിന്ദു (ദുബായ്‌). മരുമക്കൾ: ജയ്‌സൺ, റോയി.

 

ജനകീയാസൂത്രണത്തിലൂടെ 
സ്വതന്ത്ര സോഫ്‌റ്റ്‌വെയറിലേക്ക്‌
ജനകീയാസൂത്രണത്തിലൂടെ പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ നായകനായി ദേശീയതലത്തിലും ശോഭിച്ച നിസ്വാർഥ പൊതുപ്രവർത്തകനായിരുന്നു ജോസഫ് തോമസ്. കമ്പിത്തപാൽ ജീവനക്കാരനായിരുന്ന അദ്ദേഹം, ജനകീയാസൂത്രണത്തിന്റെ ചോറ്റാനിക്കര പഞ്ചായത്ത്‌ പദ്ധതി ചുമതലക്കാരനും സംസ്ഥാന കീ റിസോഴ്സ് പേഴ്സണുമായി മാറിയത്‌ തൊഴിലിനോടും സ്ഥാപനത്തോടുമുള്ള കൂറുമൂലം. 

ടെലിഗ്രാമിന്റെ പ്രസക്തി നഷ്ടപ്പെട്ടതുമൂലം അടച്ചുപൂട്ടലിന്റെ വക്കിലായ വ്യവസായത്തിലെ ജീവനക്കാരുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിലനിൽക്കുമ്പോഴാണ് പാടിവട്ടത്ത് ജില്ലാ റിസോഴ്സ് പേഴ്സണായി പരിശീലനത്തിനു പോയത്. പ്രാദേശികമായി ബദൽ പരീക്ഷണങ്ങൾ നടത്തിയും ജനങ്ങളെ അണിനിരത്തിയും മാത്രമേ പൊതുമേഖലയെ സംരക്ഷിക്കാനാവൂവെന്ന കാഴ്‌ചപ്പാടാണ് ജോസഫ് തോമസിന് ഉണ്ടായിരുന്നത്. ഇതിനുള്ള അവസരമായി ജനകീയാസൂത്രണത്തെ അദ്ദേഹം കണ്ടു.

1996 ഒക്‌ടോബറിൽ പാടിവട്ടത്ത്‌ നടത്തിയ ജില്ലാ പരിശീലനത്തിൽ ചോറ്റാനിക്കരയിൽനിന്നുള്ള ജില്ലാ റിസോഴ്സ് പേഴ്സണായി ഒന്നാംഘട്ട പ്രവർത്തനങ്ങളിലും സംസ്ഥാനതല കീ റിസോഴ്സ് പേഴ്സണായി തുടർപ്രവർത്തനങ്ങളിലും പങ്കാളിയായി. 1997–--1998-ൽ ചോറ്റാനിക്കരയിൽ പൊതു അയൽക്കൂട്ട സംവിധാനവും അതിന്റെ കേന്ദ്രീകൃത സമിതികളായി വാർഡുതല സമിതികളും പഞ്ചായത്ത്‌ വികസനസമിതിയും രൂപീകരിച്ചു. അയൽക്കൂട്ട സമിതികളിലും വികസന സമിതിയിലും സ്ത്രീകൾക്കു തുല്യപങ്കാളിത്തമായിരുന്നു. ഇത്‌ സ്ത്രീകളുടെ സ്വയം സഹായസംഘം രൂപീകരണത്തിനും വഴിയൊരുക്കി. അവ 2000-ൽ കുടുംബശ്രീ സംവിധാനത്തോട്‌ സംയോജിപ്പിക്കപ്പെട്ടു.

ജില്ലാതലത്തിൽ രൂപപ്പെട്ട ഇഐഐഡി പ്രോജക്ടിന്റെ ഭാഗമായി 1999–--2000ൽ സമഗ്ര വിവരാധിഷ്ഠിത ആസൂത്രണ സംവിധാനം സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ നിലവിൽ വരുത്തുന്നതിന്‌ പദ്ധതി ആരംഭിച്ചു. അന്നേവരെ തന്റെ പ്രവർത്തന മേഖലയായ എസ്എഫ്എംഎസ്എസ് എന്ന ടെലിഗ്രാഫ് ശൃംഖലയിൽ യുണിക്സ് ഉപയോഗിച്ചിരുന്ന ജോസഫ് തോമസിന്‌ ഗ്നൂ/ലിനക്സിന്റെ ശേഷികളും സാധ്യതകളും എളുപ്പത്തിൽ ബോധ്യപ്പെട്ടു. എറണാകുളത്ത് 2003-ൽ മഹാരാജാസിൽ വിവരസംഗമവും 2008-ൽ കൊച്ചി സർവകലാശാലയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദേശീയ സമ്മേളനവും നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top