17 January Sunday

സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷമെന്ന ജോസ്‌ കെ മാണിയുടെ വാദത്തിന്‌ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Saturday Nov 21, 2020


സംസ്ഥാന കമ്മിറ്റിയിൽ  ഭൂരിപക്ഷം അവകാശപ്പെട്ട ജോസ്‌ കെ മാണിയുടെ നിലപാട്‌ അംഗീകരിച്ച തെരഞ്ഞെടുപ്പ്‌  കമീഷന്റെ തീരുമാനം തെറ്റല്ലെന്ന്‌ ഹൈക്കോടതി. പട്ടികയും സത്യവാങ്‌മൂലങ്ങളും പരിശോധിച്ച ഉദ്യോഗസ്ഥൻ ഇരുവിഭാഗവും രേഖകളിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന്‌ തള്ളിക്കളയാനാകില്ലെന്ന് റിപ്പോർട്ട് നൽകി. ഇരുവിഭാഗവും സമർപ്പിച്ച പട്ടിക വിശ്വാസ്യത ഇല്ലാത്തതിനാൽ പട്ടികയിലെ 305 പേരിൽ പൊതുവായ 174 പേരെ ഭൂരിപക്ഷമായി കണക്കാക്കിയ കമീഷന്റെ തീരുമാനത്തിൽ തെറ്റ് പറയാനാകില്ല. ഇതിനായി കമീഷന്റെ നിയമവിഭാഗം നടത്തിയ പരിശോധന നിയമാനുസൃതമാണ്‌.  ഇതിൽ അപാകമുണ്ടെന്ന പി ജെ ജോസഫിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.  കെ എം മാണിയുടെ വിയോഗത്തിനുശേഷം പുതിയ ചെയർമാനെ തെരഞ്ഞെടുക്കണമെന്ന ജോസ് വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.  തനിക്ക് അനുകൂലമായ സിവിൽ കോടതിവിധികൾ തെരഞ്ഞെടുപ്പ് കമീഷൻ പരിഗണിച്ചില്ലെന്ന ജോസഫിന്റെ വാദവും കോടതി തള്ളി. തെരഞ്ഞെടുപ്പ് കമീഷൻ നിർവഹിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും പാർടിയിൽ പിളർപ്പ് ഉണ്ടെന്ന കമീഷന്റെ കണ്ടെത്തൽ നിയമാനുസൃതമാണെന്നും കോടതി പറഞ്ഞു. 

പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് ആവശ്യമായ രേഖ നൽകാൻ വിസമ്മതിക്കുകയും സ്റ്റിയറിങ്‌ കമ്മിറ്റി കൂടി സ്ഥാനാർഥിയെ നിർണയിക്കേണ്ട പ്രത്യേക സാഹചര്യം ഉണ്ടായെന്ന  ജോസ് വിഭാഗത്തിന്റെ വാദത്തിൽനിന്ന്‌ പാർടിയിൽ പിളർപ്പ് ഉണ്ടായതായി വ്യക്തമാണ്‌. ചിഹ്നത്തിന്റെ കാര്യത്തിൽ മാത്രമേ തെരഞ്ഞെടുപ്പ് കമീഷന് തീരുമാനം കൈക്കൊള്ളാനാകൂ എന്ന  വാദവും തള്ളി.  പാർടിയുടെ പേരിന്റെ കാര്യത്തിലും അന്തിമതീരുമാനം കൈക്കൊള്ളാൻ കമീഷന് അധികാരമുണ്ടെന്ന നിയമഭേദഗതിയും സുപ്രീംകോടതി വിധികളും ഉദ്ധരിച്ച് കോടതി പറഞ്ഞു. കേസിൽ ബന്ധപ്പെട്ടവരുടെ വാദം കേൾക്കാതെയാണ് കമീഷൻ തീരുമാനമെടുത്തതെന്ന് പി ജെ ജോസഫിനെ പിന്തുണച്ച് മറ്റൊരു ഹർജി നൽകിയ സംസ്ഥാന കമ്മിറ്റി അംഗം പി സി  കുര്യാക്കോസിന്റെ വാദവും കോടതി തള്ളി. തെരഞ്ഞെടുപ്പ കമീഷന്റെ തീരുമാനം നിയമാനുസൃതവും ഭരണഘടനാപരവും ആയതിനാൽ ഇതിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top