22 October Thursday

ശബരിമലയിൽ സ്‌ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്‌ത്‌ ജന്മഭൂമിയിൽ ലേഖനം; ബിജെപി ഇരട്ടത്താപ്പ്‌ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 4, 2018

കോഴിക്കോട് > ശബരിമല സ്ത്രീപ്രവേശന വിധിയില്‍ ഹിന്ദുത്വ സംഘടനകള്‍ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമം തുടരുന്നതിനിടെ സുപ്രീംകോടതി വിധിയെ പിന്തുണച്ചും സ്വാഗതം ചെയ്തും ബിജെപി മുഖപത്രത്തില്‍ ലേഖനം. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻപിള്ളയടക്കമുള്ള നേതാക്കൾ സുപ്രീം കോടതി വിധിയുടെ പേരിൽ സർക്കാരിനെതിരെ തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുന്നതിനിടെയാണ്‌ അവരുടെ ഇരട്ടത്താപ്പ്‌ വ്യക്തമാക്കുന്ന ലേഖനം ബിജെപി മുഖപത്രമായ ജന്മഭൂമിയിലെ എഡിറ്റോറിയൽ പേജിൽ വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ചത്‌.

സംഘപരിവാർ സ്ഥാപനമായ ഭാരതീയവിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സഞ്ജയനാണ്‌ ലേഖനം എഴുതിയിരിക്കുന്നത്‌. സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന്‌ സഞ്ജയൻ ലേഖനത്തിൽ വാദിക്കുന്നു.  മാത്രമല്ല സ്ത്രീ തീര്‍ത്ഥാടകര്‍ വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ എന്നും ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണെന്നും ലേഖനത്തിൽ പറയുന്നു. ശബരിമലയില്‍ അനാവശ്യ വിവാദങ്ങള്‍ക്ക്‌ പ്രസക്തിയില്ലെന്ന തലക്കെട്ടോടെയാണ് ലേഖനം. വൈകാരിക ഇളക്കത്തിന് സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ ചിന്താശൂന്യമായ നിലപാടുകള്‍ ഗുണം ചെയ്യില്ലെന്നും ലേഖനത്തില്‍ പറയുന്നു. യുക്തിഹീനമായ മാമൂലുകളെ അതേപടി നിലനിര്‍ത്തുവാനുള്ള സ്ഥാപിതതാല്പര്യക്കാരുടെ പരിശ്രമത്തിന് ചൂട്ടുപിടിച്ചു കൊടുക്കുന്നത് സമൂഹത്തില്‍ ജീര്‍ണ്ണതയും സംഘര്‍ഷവും ചൂഷണവും വര്‍ദ്ധിക്കാന്‍ മാത്രമേ സഹായിക്കൂവെന്നും ലേഖനം മുന്നറിയിപ്പ്‌ നൽകുന്നു.

സുപ്രീം കോടതി വിധിക്ക്‌ മുൻപുതന്നെ ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തിനനുകൂല നിലപാട്‌ സ്വീകരിച്ചിരുന്ന ആർഎസ്‌എസ്‌ വിധിയേയും സ്വാഗതം ചെയ്‌തിരുന്നു. എന്നാൽ സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാമെന്ന ദുഷ്‌ടലാക്കോടെ പിന്നീട്‌ ആർഎസ്‌എസ്‌ മലക്കം മറിയുകയാണുണ്ടായത്‌. മുന്‍നിലപാട് മാറ്റി വിധിക്കെതിരെ നിയമമാര്‍ഗങ്ങള്‍ തേടണമെന്ന് കഴിഞ്ഞദിവസം ആര്‍എസ്എസ് പ്രസ്താവനയിറക്കിയത്‌ ഈ ലക്ഷ്യത്തോടെയാണ്‌. ഇതിനുപിന്നാലെയാണ് ബിജെപി മുഖപത്രത്തില്‍ ഇത്തരത്തിലൊരു ലേഖനം വന്നിരിക്കുന്നത്.

ഇതോടെ ശബരിമല വിധിയോടുള്ള സംഘപരിവാർ സമീപനത്തിലെ ഇരട്ടത്താപ്പ്‌ കൂടുതൽ വ്യക്തമാകുകയാണ്‌. ഒരുവശത്ത്‌ വിധിയെ സ്വാഗതം ചെയ്യുകയും അതോടൊപ്പം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും വർഗീയ വികാരം ഇളക്കിവിടാനും അണികളെ ഉപയോഗിക്കുകയും ചെയ്യുകയെന്ന തന്ത്രമാണ്‌ ബിജെപിയും സംഘപരിവാറും പയറ്റാൻ ശ്രമിക്കുന്നത്‌. സുപ്രീം കോടതി വിധിയുടെ പേരിൽ സർക്കാരിനെ പ്രതിസ്ഥാനത്ത്‌ നിർത്താനും അവർ ശ്രമിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top