കൊല്ലം > കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എസി ബസിൽ യാത്ര ഒരുക്കിയ കെഎസ്ആർടിസിയുടെ ജനത സർവീസ് ആദ്യദിനം തന്നെ ഹിറ്റ്. തിങ്കൾ രാവിലെ കൊല്ലം, കൊട്ടാരക്കര ഡിപ്പോകളിൽനിന്ന് ആരംഭിച്ച സർവീസിൽ ജനങ്ങളുടെ മികച്ച പ്രതികരണം. രാവിലെ കൊല്ലത്തുനിന്ന് ആരംഭിച്ച സർവീസിൽ 103 യാത്രക്കാരാണ് യാത്രചെയ്‌തത്.
കൊല്ലം ഡിപ്പോയിൽ നിന്ന് രാവിലെ 7.40നും കൊട്ടാരക്കര ഡിപ്പോയിൽനിന്ന് 7.20 നുമാണ് സർവീസ് തുടങ്ങിയത്. യാത്രക്കാർക്ക് രാവിലെ തിരുവനന്തപുരത്തെ ഓഫീസുകളിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ ലോ ഫ്ലോർ എസി ബസുകളാണ് ജനത സർവീസുകളായി സർവീസ് നടത്തുന്നത്. 20 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. കൊല്ലം കൊട്ടാരക്കര യൂണിറ്റുകളിൽനിന്നും എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിർത്തുന്ന ജനത സർവീസ് രാവിലെ 7.15ന് ആരംഭിച്ച് 9.30ന് തിരുവന്തപുരത്ത് എത്തിച്ചേരും. തുടർന്ന് 10ന് തിരികെ പോകുന്ന ബസുകൾ 12ന് തിരികെ കൊല്ലത്തും, കൊട്ടാരക്കരയിലും എത്തും.
തുടർന്ന് പകൽ 2.20ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി അഞ്ചിന് തമ്പാനൂർ, വഴുതക്കാട്, സ്റ്റാച്ചു, പട്ടം, കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് രാത്രി 7.15ന് സർവീസ് പൂർത്തിയാക്കും.കൊല്ലം ഡിപ്പോയിൽ മേയർ പ്രസന്ന ഏണസ്റ്റ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്‌തു. അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ ടി ആർ ജോയ് മോൻ, കെഎസ്ആർടിസി വിജിലൻസ് ഐ സി ജി ജയകുമാർ, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ കെ അനിൽ, ആർടിഎ ജില്ലാ കോ- ഓർഡിനേറ്റർ വി രാജേഷ്, ബിടിസി ജില്ലാ കോ -ഓർഡിനേറ്റർ മോനായി ജി കൃഷ്ണ, ക്ലസ്റ്റർ ഇൻസ്‌പെക്ടർ ഡി പ്രജിത്, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് എസ് എസ് വിഷ്ണു, സ്റ്റേഷൻ മാസ്റ്റർ ബി അമാൻ എന്നിവർ പങ്കെടുത്തു.
കൊട്ടാരക്കര ഡിപ്പോയിൽ മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് ഫ്ലാഗോഫ് ചെയ്‌തു. വൈസ് ചെയർപേഴ്സൺ വനജ രാജീവ്, സ്ഥിരം സമിതി അധ്യക്ഷൻ കെ ഉണ്ണികൃഷ്ണമേനോൻ, ഡിടിഒ കെ കെ സുരേഷ്, കെഎസ്ആർടിഇഎ സംസ്ഥാന കമ്മിറ്റിയംഗം ബിജേഷ്, എസ് ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..