പത്തനംതിട്ട > നിരവധി പ്രൊഫഷണൽ നാടകട്രൂപ്പുകളിൽ 25 വർഷമായി നിറഞ്ഞുനിന്ന നടിയാണ് ഇലവുംതിട്ട കല്ലമ്പറമ്പിൽ ബ്രഹ്മനിവാസിൽ രമണി സുരേന്ദ്രൻ (50) ഇനി ജീവിത നാടകം അഭിനയിക്കും. കാലമിത്രയായിട്ടും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള സ്വന്തം വീട് സ്വപ്നം മാത്രമായിരുന്നു ഈ നാടക പ്രതിഭയ്ക്ക്. 15 വർഷമായി സ്വന്തം പേരിൽ എഴുതാത്ത രണ്ട് സെന്റ് വസ്തുവിലെ കുടുംബവീടിനുസമീപം ഓലയും ഷീറ്റും കൊണ്ട് തട്ടിക്കൂട്ടിയ കൂരയിലായിരുന്നു വാസം.
ഇലവുംതിട്ട ജനമൈത്രി പൊലീസിനൊപ്പം സുമനസ്സുകളും ചേർന്ന് ആ സ്വപ്നം സാക്ഷാൽക്കരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷായും ആർ പ്രശാന്തും സ്ഥലത്തെത്തി അന്വേഷണം നടത്തി എസ്എച്ച്ഒ ബി അയൂബ്ഖാനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ബീറ്റ് ഓഫീസർമാർ സുമനസ്സുകളുടെ സഹായം തേടി. ഷാജൻ കോശിയും ബാബു തോമസും ജീവകാരുണ്യപ്രവർത്തനത്തിന് സന്നദ്ധരായി മുന്നോട്ടുവന്നു.
ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ ജെ ഉമേഷ് കുമാർ ഉദ്ഘടനം ചെയ്തു. താക്കോൽ ഏറ്റുവാങ്ങുമ്പോൾ രമണി സുരേന്ദ്രന്റെ കണ്ണുകളും മനസ്സും നിറഞ്ഞിരുന്നു. മുൻ എംഎൽഎ കെ സി രാജഗോപാലൻ മുഖ്യാഥിതിയായി. ഇലവുംതിട്ട പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അധ്യക്ഷയായി. എസ്ഐ മാത്യു കെ ജോർജ്, വാർഡ് അംഗങ്ങളായ ഡി ബിനു, രജനി ബിജു, പൊതുപ്രവർത്തകയായ രമ, ബീറ്റ് ഓഫീസർമാരായ എസ് അൻവർഷാ, ആർ പ്രശാന്ത്, പൊലീസുദ്യോഗസ്ഥരായ ശ്രീജിത്ത്, ശ്യാകുമാർ, ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..