16 April Friday

ജനാധിപത്യത്തിന്റെ സുന്ദര നിമിഷങ്ങൾ : നെടുമങ്ങാട്‌ ബ്ലോക്കിൽ‌ കീ റിസോഴ്‌സ്‌ പേഴ്‌സണായിരുന്ന വി ശ്രീകണ്‌ഠൻ തന്റെ അനുഭവങ്ങൾ പങ്കുവയ്‌ക്കുന്നു

ജി രാജേഷ്‌ കുമാർUpdated: Thursday Apr 8, 2021


സാമൂഹ്യവികസന ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ജനകീയാസൂത്രണം കാൽനൂറ്റാണ്ട്‌ പിന്നിടുന്നു.‌ 1996 ആഗസ്‌ത്‌ 17നാണ് പദ്ധതിക്ക്‌‌ കേരളത്തിൽ തുടക്കമിടുന്നത്‌. ജനപങ്കാളിത്തത്തോടെ, വിദഗ്‌ധരെയും ഉദ്യോഗസ്ഥരെയും ജനപ്രതിനിധികൾക്കൊപ്പം അണിനിരത്തി പദ്ധതിയാസൂത്രണത്തിനും നിർവഹണത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തമാക്കുകയായിരുന്നു ലക്ഷ്യം. ഇ എം എസ് നമ്പൂതിരിപ്പാട് അധ്യക്ഷനായ 451 അംഗ ഉന്നതതല മാർഗനിർദേശക സമിതി‌ക്കായിരുന്നു നടത്തിപ്പ്‌ മേൽനോട്ടം. മുഖ്യമന്ത്രി ഇ കെ നായനാർ, തദ്ദേശഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. ഈ സംഘങ്ങളിൽ മുന്നണിപോരാളികളായിരുന്നവരാണ്‌ റിസോഴ്‌സ്‌ പേഴ്‌സൺമാർ. അന്ന്‌ നെടുമങ്ങാട്‌ ബ്ലോക്കിൽ‌ കീ റിസോഴ്‌സ്‌ പേഴ്‌സണായിരുന്ന  വി ശ്രീകണ്‌ഠൻ തന്റെ അനുഭവങ്ങൾ പങ്കുവയ്‌ക്കുന്നു.

ഗ്രാമങ്ങൾ ഉണർന്നു
ജനങ്ങളാകെ ആസൂത്രണത്തിന്റെയും നിർവഹണത്തിന്റെയും പാതയിൽ ഒത്തുചേർന്നു എന്നതാണ്‌ ജനകീയാസൂത്രണ കാലത്തെ ഏറ്റവും സുന്ദരമായ ഓർമ. 30 ലക്ഷത്തിലേറെ പേർ അണിനിരന്ന ഗ്രാമ, വാർഡ്‌ സഭകൾ, പതിനായിരക്കണക്കിന്‌ പദ്ധതി ആസൂത്രകരും നിർവഹണ ഗതി നിയന്ത്രിക്കുന്നവരും. പരിശീലകരും മാർഗനിർദേശകരുമായി വലിയൊരു വിഭാഗം.

പ്രവാഹമായിരുന്നു
പൊതുവേദികളിലെത്താൻ വിമുഖത കാട്ടിയിരുന്നവർ ഗ്രാമസഭകളിലെത്തി. പദ്ധതി ആസൂത്രകരായി. നിർവഹണവും സംരക്ഷണവും ഏറ്റെടുത്തു. അയൽക്കൂട്ടങ്ങൾ രൂപപ്പെട്ടു. ഈ സ്‌ത്രീ കൂട്ടായ്‌മ‌ പിന്നീട്‌ കുടുംബശ്രീയുടെ അടിസ്ഥാനമായി.

അധികാരം, വിഭവവും
വെറും ആസൂത്രണം മാത്രമായിരുന്നില്ല, പദ്ധതി നിർവഹണത്തിന്‌ വിഭവവും ലഭ്യമാക്കി. ബജറ്റിന്റെ മൂന്നിലൊരുഭാഗം സമ്പൂർണ ആസൂത്രണാധികാരത്തോടെ തദ്ദേശസ്ഥാപനങ്ങൾക്ക്‌ എൽഡിഎഫ്‌ സർക്കാർ കൈമാറി. പത്തും പതിനഞ്ചും ലക്ഷംരൂപ വർഷം ലഭിച്ചിരുന്ന പഞ്ചായത്തുകളിൽ കോടി രൂപയുടെ കണക്കെഴുത്താരംഭിച്ചു. ആവശ്യങ്ങൾ അറിഞ്ഞുള്ള നാടൻ പദ്ധതികൾവന്നു. ഓരോന്നിന്റെയും നിർവഹണത്തിൽ ജനകീയ ദിശാഗതി നിയന്ത്രണംവന്നു. റോഡുകളും  പാലങ്ങളും പൊതുകെട്ടിടങ്ങളും മോടിയിലായി. നാട്ടിൻപുറത്തെ‌ വികസനത്തിനൊപ്പം ജനജീവിതവും ഉണർന്നു.

പഠനം, പരിശീലനം, പഠിപ്പിക്കൽ
പഠനം, പരിശീലനം, പഠിപ്പിക്കൽ, പ്രായോഗികമാക്കൽ പ്രക്രിയയായിരുന്നു ജനകീയാസൂത്രണത്തിന്റെ കാതൽ. വാർഡുതലംമുതൽ പഠിക്കാനും പഠിപ്പിക്കാനും സന്നദ്ധ പ്രവർത്തകരുടെ വലിയനിര. സ്വയംസമർപ്പിതമായി കർമ രംഗത്തിറങ്ങിയവരായിരുന്നു ഉദ്യോഗസ്ഥർ ഒഴികെയുള്ളവരെല്ലാം. പഠിപ്പിക്കൽ ചുരുക്കം ഉദ്യോഗസ്ഥർക്ക്‌ ക്ഷീണമായി. പിന്നീട്‌ സന്നദ്ധ കൂട്ടായ്‌മ ഇതേ‌ ഉദ്യോഗസ്ഥർക്ക്‌ താങ്ങായി.

കുട്ട മെറ്റലിനും കണക്ക്‌
കരാറുകാർ–- ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ പൊതുപണം ചോരുന്നത്‌‌ ഇല്ലാതാക്കുന്നതിൽ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‌ വലിയ പങ്കുണ്ടായി. ഓരോ നിർമാണത്തിനും ചെലവും സാധന സാമഗ്രികളുമടക്കം രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിച്ചുതുടങ്ങി. നിർമാണ ജോലികളിലെ കായികാധ്വാന സംഭാവനയ്‌ക്ക്‌ ‌ സന്നദ്ധ പ്രവർത്തകർ മത്സരിച്ചു. ബോർഡിൽ രേഖപ്പെടുത്തുന്ന  സന്നദ്ധ തൊഴിൽദിനങ്ങളുടെ എണ്ണം ഉയർത്തുന്നതിനായിരുന്നു മത്സരം. ഇടതുപക്ഷ ബദൽ വികസന മാതൃകയുടെയും തുടർച്ചയിലെ മനോഹര അനുഭവമാണ്‌ ഓർമയിലെ ജനകീയാസൂത്രണ പ്രസ്ഥാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top