25 February Thursday

‘തെറ്റിദ്ധാരണ’ മാറ്റാൻ ലീഗിനു പിന്നാലെ ജമാഅത്തെയും അരമനകളിലേക്ക്

സ്വന്തം ലേഖകൻUpdated: Monday Jan 4, 2021



‘ക്രൈസ്‌തവസഭയുടെ  തെറ്റിദ്ധാരണ’ നീക്കാൻ മുസ്ലിംലീഗിന്‌ പിന്നാലെ ജമാഅത്തെ ഇസ്ലാമിയും അരമനകൾ സന്ദർശിക്കുന്നു. മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള “തെറ്റിദ്ധാരണ’ നീക്കാനാണ്‌ സന്ദർശനം‌. മുസ്ലിംലീഗിനുവേണ്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ്‌ പുരോഹിതരെ കാണുന്നത്‌. അടുത്തയാഴ്‌ച തിരുവനന്തപുരത്ത്‌ വിവിധ സഭാനേതാക്കളെ കാണുമെന്ന്‌ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ പി മുജീബ്‌റഹ്മാൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.

ജമാഅത്തെയും ലീഗും ഒരേസമയം ബിഷപ്പുമാരെ കാണുന്നത്‌ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്‌. തദ്ദേശ‌ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്‌ചാത്തലത്തിലാണ്‌ ലീഗ്‌ നേതാക്കളുടെ അരമനകയറ്റം. ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യമാണ്‌ പ്രധാനമായും വിശദീകരിക്കുന്നത്‌. കഴിഞ്ഞ ആഴ്‌ച തിരുവനന്തപുരത്ത്‌ മലങ്കര സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ്‌ ക്ലിമ്മിസ്‌ കതോലിക്ക ബാവയെ കുഞ്ഞാലിക്കുട്ടി കണ്ടിരുന്നു. സീറോ മലബാർ സഭാ മേജർ ആർച്ച്‌ ബിഷപ്പ്‌ മാർ ആലഞ്ചേരിയെയും സന്ദർശിച്ചു. ചങ്ങനാശേരി, തൃശൂർ, താമരശേരി എന്നിവിടങ്ങളിലും സഭാനേതാക്കളെ കണ്ടു.

തുർക്കിയിലെ ഹാഗിയ സോഫിയ പള്ളി വിഷയവും ലീഗ്‌ നേതാക്കൾ വിശദീകരിക്കുന്നു‌. സാമ്പത്തിക സംവരണത്തിൽ തങ്ങളുടെ നിലപാട്‌ തെറ്റിദ്ധരിക്കരുതെന്ന അഭ്യർഥനയും നടത്തുന്നു. സമാനമായ ദൗത്യമാണ്‌ ജമാഅത്തെയും ഏറ്റെടുത്തത്‌. ക്രിസ്‌മസ്‌ കാലത്ത്‌ സൗഹൃദ കൂട്ടായ്‌മ നടത്തിയാണ്‌ തുടക്കം. ലീഗ്‌ സഭകൾക്ക്‌ മുമ്പിൽ അവതരിപ്പിച്ച വിഷയം തന്നെയാണ്‌ ജമാഅത്തെയും നിരത്തുന്നത്‌. എന്നാൽ നീക്കങ്ങൾ യോജിച്ച്‌ ആവിഷ്‌ക‌രിച്ചതല്ലെന്ന്‌ അവർ ആവർത്തിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top