30 May Tuesday

ഒഴുകിപ്പടരും തേൻപുഴയായി ; അത്രമേൽ ചേർത്തുനിർത്തുന്നുണ്ട്‌ ഞങ്ങളെ ഈ പാർടി

എസ്‌ മനോജ്‌Updated: Friday Mar 10, 2023

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക്‌ സിപിഐ എം നിർമിച്ചുനൽകുന്ന വീടിന്റെ ഗുണഭോക്താവ‍് 
സിദ്ധിക്കും കുടുംബവും ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനെ സ്വീകരിക്കുന്നു ഫോട്ടോ: എ ആർ അരുൺ രാജ്


മുണ്ടക്കയം(കോട്ടയം)  
കോരിച്ചൊരിയുന്നൊരു മഴയിലാണ്‌ കിടപ്പാടമുൾപ്പെടെയെല്ലാം കുത്തിയൊലിച്ചുപോയത്‌. ദുരിതങ്ങളുടെ പെരുമഴയിൽ  പറക്കമുറ്റാത്ത പൊന്നോമനകൾക്കൊപ്പം അന്ന്‌ കയറിനിൽക്കാൻ ഞങ്ങൾക്ക്‌ ഒരിടമേ ഉണ്ടായിരുന്നുള്ളൂ, ഈ ചെങ്കൊടിത്തണൽ. സ്വപ്‌നങ്ങളെല്ലാം കൈവിട്ടുപോയ ഞങ്ങൾക്ക്‌ കൂട്ടിക്കൽ തേൻപുഴയിൽ വീടൊരുക്കുന്നത്‌ ഈ ഹൃദയപക്ഷമാണ്‌... അത്രമേൽ ചേർത്തുനിർത്തുന്നുണ്ട്‌ ഞങ്ങളെ ഈ പാർടി. സിദ്ധിഖിനും ഹലീമയ്‌ക്കും കടപ്പാട്‌ വാക്കിലൊതുങ്ങുന്നില്ല. ചുവപ്പുടുപ്പിട്ട്‌ കൊഞ്ചൽ മാറാത്ത ഏഴ്‌ വയസ്സുകാരൻ മുഹമ്മദും എട്ട്‌ വയസ്സുകാരി റയ്‌ഹാനയും ഇരുവർക്കുമൊപ്പം ജനകീയ പ്രതിരോധ ജാഥ സ്വീകരണവേദിയിൽ ക്യാപ്റ്റൻ എം വി ഗോവിന്ദനെ കാണാനെത്തി.

2021ലെ കൂട്ടിക്കൽ ഉരുൾപൊട്ടലിലാണ്‌ ഇവരടക്കം 200 കുടുംബങ്ങളുടെ കിടപ്പാടം ഒലിച്ചുപോയത്‌. സിപിഐ എം തേൻപുഴയിൽ വിലയ്‌ക്കുവാങ്ങിയ രണ്ടര ഏക്കറിൽ  25 കുടുംബങ്ങൾക്കാണ്‌ വീടൊരുക്കുന്നത്‌. നിർമാണം 90 ശതമാനം പൂർത്തിയായി.  താക്കോൽദാനത്തിൻ ഇനി അധികകാലം വേണ്ട. ഇ എം എസ്‌ നഗറിലെ ഭവനപദ്ധതിക്ക്‌ കല്ലിട്ടത്‌ കോടിയേരി ബാലകൃഷ്‌ണനായിരുന്നു.

എം വി ഗോവിന്ദനെ മുണ്ടക്കയം വേദിയിൽ പൂച്ചെണ്ട്‌ നൽകി വരവേറ്റ എഴുപതുകാരി രത്നമ്മ സത്യാനന്ദനുൾപ്പെടെ വീട്‌ ലഭിക്കുന്ന പഴാത്തറ അച്ചൻകുഞ്ഞ്‌, കൊച്ചുപറമ്പിൽ കെ വി സുരേഷ്, പൂവാങ്കൽ തങ്കപ്പൻ തുടങ്ങി 20 പേരോളം പ്രതിരോധ ജാഥയെ വരവേൽക്കാനെത്തി.
മുണ്ടക്കയം, ചങ്ങനാശേരി, കോട്ടയം എന്നിവടങ്ങളിൽ വൻ ജനസഞ്ചയം ജാഥയെ വരവേറ്റു. കേരള കോൺഗ്രസ്‌ എം പ്രവർത്തകർ ബാനറുകളേന്തി വന്ന്‌ മുണ്ടക്കയത്തും മറ്റും അഭിവാദ്യമേകി.

ജാഥ ഇന്ന്‌ : രാവിലെ 10 –- പാമ്പാടി, 11 –- പാലാ, മൂന്ന്‌ –- കുറവിലങ്ങാട്‌, നാല്‌ –- ഏറ്റുമാനൂർ,- അഞ്ച്‌ –- തലയോലപ്പറമ്പ്‌(സമാപനം).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top