13 November Wednesday

ഇപിഎഫ് പെൻഷൻ: കശുവണ്ടിത്തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റണമെന്ന്‌ കേരളം; കേന്ദ്രസർക്കാരിന് വീണ്ടും കത്തയച്ചു

സ്വന്തം ലേഖകൻUpdated: Friday Oct 11, 2019

തിരുവനന്തപുരം >  ഇപിഎഫ്‌ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെടുത്തി കശുവണ്ടിത്തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ കേന്ദ്രതൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാങ്വാറിന് വീണ്ടും കത്തയച്ചു.

ഹാജർ പരിഗണിക്കാതെ പത്ത് വർഷം പൂർത്തിയാക്കിയ മുഴുവൻ തൊഴിലാളികൾക്കും ഇപിഎഫ് പെൻഷൻ അനുവദിക്കുക, മിനിമം പെൻഷൻ 3,000 രൂപയായി ഉയർത്തുക, കമ്യൂട്ടേഷൻ കാലാവധി കഴിഞ്ഞും മുഴുവൻ പെൻഷനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ കത്തിൽ ഉന്നയിച്ചിട്ടുള്ളത്‌. കശുവണ്ടി വ്യവസായ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉന്നയിച്ച്‌  ജൂലൈയിൽ കേന്ദ്രമന്ത്രിയെ  നേരിൽക്കണ്ട് ചർച്ച നടത്തിയിരുന്നു. അന്നും നിവേദനത്തിലൂടെ ഈ ആവശ്യങ്ങൾ മുന്നോട്ടുവച്ചിരുന്നു.

കേന്ദ്ര സർക്കാർ തൊഴിൽനിയമത്തിൽ വരുത്തിയ മാറ്റങ്ങൾമൂലം പത്തുവർഷത്തിൽ പിഎഫ് പെൻഷൻ അർഹത നേടുന്നതിന് 3650 തൊഴിൽദിനമെന്ന മാനദണ്ഡം പാലിക്കാൻ കഴിയില്ല. ഇക്കാരണത്താൽ പെൻഷൻ നിഷേധിക്കുന്നത് നീതിനിഷേധവും മനുഷ്യത്വരഹിതവുമാണ്.

ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധചെലുത്തി തൊഴിലാളികൾക്ക് അർഹമായ ഇപിഎഫ് പെൻഷൻ ലഭിക്കുന്നതിന് മാനദണ്ഡങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അടുത്ത് ചേരാൻപോകുന്ന ഇപിഎഫ് ബോർഡ് യോഗത്തിനുള്ള അജൻഡയിൽ വിഷയം ഉൾപ്പെടുത്തണമെന്നും കശുവണ്ടിത്തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും മന്ത്രി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top