30 July Friday

കടൽക്കൊലക്കേസ്‌: ഇറ്റാലിയൻ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിച്ചു; നഷ്‌ടപരിഹാരം നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

ന്യൂഡൽഹി> കടൽക്കൊല കേസിൽ   ഇറ്റാലിയൻ നാവികര്‍ക്കെതിരായ ക്രിമിനൽ നടപടികൾ  സുപ്രീംകോടതി ഒഴിവാക്കി.  ഇന്ത്യയിലെ വിചാരണ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവിറക്കി. നഷ്ടപരിഹാരത്തുക ഇരകൾക്ക് കൈമാറുന്നതിന്റെ ഉത്തരവാദിത്വം കേരള ഹൈക്കോടതിക്കെന്നും ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.ആർ ഷാ എന്നിവരടങ്ങിയ ബഞ്ചിന്‍റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇത് പ്രകാരം സുപ്രീംകോടതിയിൽ കെട്ടിവെച്ച  നഷ്ടപരിഹാര തുകയായ  10 കോടി രൂപ  കേരള ഹൈക്കോടതി രജിസ്ട്രിക്ക്  കൈമാറും. വിചാരണ നടപടികൾ ഇറ്റലിയിൽ തുടരുമെന്നും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നടപടികളോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയിലെ കേസ് നടപടികൾ അവസാനിപ്പിച്ചതിനാൽ  ഡൽഹി കോടതിയിലെ മറ്റ് ക്രിമിനൽ നടപടികളും അവസാനിച്ചു. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാല് കോടി വീതവും, ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയും  ലഭിക്കുന്ന വിധത്തിൽ 10 കോടി രൂപയാണ് ഇറ്റലി കെട്ടിവെച്ചിട്ടുള്ളത്.

കേസ്‌ അന്തിമഘട്ടത്തിലെത്തുന്നത്‌ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും ഒമ്പതു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്‌.
ബിജെപി–- കോൺഗ്രസ്‌ സർക്കാരുകൾ ഒത്തുകളിച്ച്‌ കടൽക്കൊലക്കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ മത്സ്യത്തൊഴിലാളികൾക്ക്‌ നീതി ലഭ്യമാക്കാൻ ഇടപെട്ടത്‌ എൽഡിഎഫ്‌  സർക്കാരാണ്‌.

ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിൽ മത്സബന്ധനത്തിൽ ഏർപ്പെട്ടിരുന്ന കൊല്ലം സ്വദേശി വാലന്റൈൻ, കുളച്ചൽ സ്വദേശി അജീഷ്‌പിങ്കി എന്നിവരെ എൻറിക്ക ലെക്‌സി എണ്ണക്കപ്പലിലെ സുരക്ഷാസൈനികരായ സാൽവത്തോറെ ജിറോൺ, മാസിമിലാനോ ലത്തോറെ എന്നിവർ വെടിവച്ച്‌ കൊന്നത്‌ 2012 ഫെബ്രുവരി 15നാണ്‌.

വൻ ജനരോഷം ഉയർന്നപ്പോൾ പ്രതികളെ 19നു കേരള പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തെങ്കിലും പിന്നീട്‌ കേന്ദ്രസർക്കാർ ഒത്തുകളിച്ചു. അന്വേഷണം ഏറ്റെടുത്ത എൻഐഎ പ്രതികളെ ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിലേക്കു മാറ്റി. 2013ൽ പ്രതികൾക്ക്‌ ഇറ്റലിക്കുപോകാൻ അനുമതി നൽകി. ഇറ്റാലിയൻ സർക്കാരിന്റെ സമ്മർദത്തിനുവഴങ്ങി പ്രതികൾക്കെതിരെ വധശിക്ഷ കിട്ടാവുന്ന സുവാ നിയമം ചുമത്തേണ്ടെന്ന് തീരുമാനിച്ചു.  പ്രതികൾ ഇറ്റലിയിൽനിന്നു മടങ്ങിവന്നെങ്കിലും പിന്നീട്‌ ഒരാളെ ഇറ്റലിക്കു കൈമാറി. നരേന്ദ്രമോഡി സർക്കാർ വന്നശേഷം രണ്ടാമനെയും വിട്ടുനൽകി. തുടർന്ന്‌ വിചാരണ ഒഴിവാക്കി രാജ്യാന്തര ട്രിബ്യൂണലിന്റെ വിധി കേന്ദ്ര സർക്കാർ അംഗീകരിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്‌  നഷ്ടപരിഹാരം നൽകാൻ 2020 മെയ്‌ 21നാണ്‌  അന്താരാഷ്ട്ര ട്രിബ്യൂണൽ വിധിച്ചത്‌.  കേസ്‌ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഇറ്റാലിയൻ സൈനികരെ ക്രിമിനൽ കേസുകളിൽനിന്ന് ഒഴിവാക്കുംമുമ്പ് ഇറ്റലി നഷ്ടപരിഹാരത്തുക കെട്ടിവച്ചെന്ന് ഉറപ്പാക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടു. നിയമനടപടി അവസാനിപ്പിക്കുന്നതിനെ ശക്തമായി എതിർത്ത് നവംബറിൽ കേരളം കേന്ദ്രസർക്കാരിന്‌ കത്ത്‌ നൽകി.

നഷ്ടപരിഹാരത്തുക കൈമാറാതെ കേസ് അവസാനിപ്പിക്കുന്നതിനെ കേരളസർക്കാർ എതിർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയച്ചു.  നഷ്ടപരിഹാരം നൽകാതെ കേസ്‌ അവസാനിപ്പിക്കാനാകില്ലെന്ന്‌ സുപ്രീംകോടതിയും  നിലപാടെടുത്തു. ഇറ്റലി നൽകിയ 10 കോടി നഷ്ടപരിഹാരത്തുക കെട്ടിവച്ച വിവരം ജൂൺ 11 ന്‌ കോടതിയെ അറിയിച്ചതോടെയാണ്‌ കേസ്‌ അവസാനിപ്പിക്കാനുള്ള വിധിയിലേക്ക്‌ നീങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top