21 April Sunday

പുതുതലമുറ സാങ്കേതികവിദ്യയിൽ ഇനി കേരളത്തിന്റെ കുതിപ്പ‌്

കെ എൻ സനിൽUpdated: Sunday Nov 11, 2018

പുതുതലമുറ സാങ്കേതികവിദ്യയുടെ കരുത്തിൽ ഐടി രംഗത്ത‌് കുതിപ്പിനൊരുങ്ങി കേരളം. സോഫ‌്റ്റ‌്‌വെയർ രംഗത്ത‌് ഉയർന്നുവരുന്ന പുതുതരംഗങ്ങളുടെ മികവിന്റെ കേന്ദ്രമാക്കി കേരളത്തെ മാറ്റിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ‌് ഐടി വകുപ്പ‌്. തിരുവനന്തപുരം ടെ‌ക‌്നോപാർക്ക‌്, കൊച്ചി ഇൻഫോ പാർക്ക‌്, കോഴിക്കോട‌് സൈബർ പാർക്ക‌് എന്നിവ കേന്ദ്രീകരിച്ച‌് മികവിന്റെ കേന്ദ്രങ്ങൾ വാർത്തെടുക്കും. ഇതിന്റെ തുടക്കമായാണ‌് ലോകത്തെ ഓട്ടോമൊബൈൽ വ്യവസായരംഗത്തെ ഭീമൻ കമ്പനികളിലൊന്നായ നിസാൻ കേരളത്തിലെത്തിയത‌്.

ഓട്ടോമൊബൈൽ മേഖലയിൽ നിർമിത ബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജൻസ‌്) അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റാർട്ടപ്പ‌് സംരംഭം നിസാൻ കേരളത്തിൽ നേരിട്ട‌് ആരംഭിക്കും. ഇതിനായി തിരുവനന്തപുരം ടെക‌്നോസിറ്റിയിൽ 30 ഏക്കർ സ്ഥലം ഡെവലപ‌്മെന്റ‌് ക്യാമ്പസ‌് ആരംഭിക്കാനായി നിസാന‌് കൈമാറും. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ‌് കാറുകളും ഇ–-മൊബിലിറ്റിയും അനുബന്ധ സംരംഭങ്ങളും നിസാൻ ആരംഭിക്കും. വലിയ പരിശ്രമങ്ങൾക്കൊടുവിലാണ‌് നിസാനെ കേരളത്തിലെത്തിക്കാനായതെന്ന‌് സംസ്ഥാനത്തെ ഐ‌ടി പാർക്കുകളുടെ സിഇഒ ഋഷികേശ‌് നായർ ‘ദേശാഭിമാനി’ യോട‌് പറഞ്ഞു. നോളജ‌് സിറ്റിയുടെ അന്തരീക്ഷത്തിൽ അവർ ഏറെ ആകൃഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. നിസാൻ ക്യാമ്പസ‌് കേരളത്തിൽ പ്രവർത്തനമാരംഭിക്കുന്നതോടെ കൂടുതൽ രാജ്യാന്തര കമ്പനികൾ കേരളത്തിലെത്തും.

ലോകത്ത‌് മാറിക്കൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ പ്രവണതകൾ ഏറ്റെടുത്ത‌് വികസിപ്പിക്കലാണ‌് ഈ രംഗത്ത‌് കേരളത്തിന‌് മേൽവിലാസമുണ്ടാക്കാനുള്ള വഴി. സ‌്മാക‌് (സോഷ്യൽ, മൊബൈൽ, അനലിറ്റിക്കൽ, ക്ലൗഡ‌്), ബ്ലോക്ക‌് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ‌്, സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റ‌് ഓഫ‌് തിങ്‌സ‌് തുടങ്ങിയവയാണ‌് ഐടി രംഗത്തെ പുത്തൻ പ്രവണതകൾ. ഈ സാങ്കേതികവിദ്യകൾ ഇന്ത്യയിൽ പ്രചാരത്തിലാവുന്നതേയുള്ളൂ. ഈ രംഗത്ത‌്  എടുക്കുന്ന മുൻകൈ വരുംദശകത്തിൽ ഐടി രംഗത്ത‌് കേരളത്തിന‌് ആധിപത്യം ഉണ്ടാക്കാൻ സഹായിക്കും.

ഓരോ സാങ്കേതികവിദ്യയ‌്ക്കും ഒരു മുഖ്യ കമ്പനി, ആ കമ്പനിക്കൊപ്പം പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ‌് സംരംഭം, സ്റ്റാർട്ടപ്പുകൾക്ക‌് അക്കാദമിക, ഗവേഷണ സഹായങ്ങൾക്കായി അക്കാദമിക‌് സ്ഥാപനം എന്നിവയാണ‌് ഓരോ മികവിന്റെ കേന്ദ്രങ്ങളിലുമുണ്ടാവുക. മസാച്ചുസെറ്റ‌്സ‌് ഇൻസ്റ്റിറ്റ്യൂട്ടും ഷിക്കാഗോ സർവകലാശാലയും പോലുള്ള വിദേശ സ്ഥാപനങ്ങളാവും അക്കാദമിക സഹകരണത്തിന‌് ഉണ്ടാവുക.

കോഴിക്കോട‌് സൈബർ പാർക്ക‌് കേന്ദ്രീകരിച്ച‌് മൊബൈൽ ആപ്ലിക്കേഷൻ സ്റ്റാർട്ടപ്പ‌് സംവിധാനത്തിന‌് തുടക്കം കുറിച്ചു. ഗൂഗിൾ ഇന്ത്യയുടെ തലവൻ രാജൻ ആനന്ദിന്റെ മുൻകൈയിൽ അദ്ദേഹം അധ്യക്ഷനായുള്ള ഇന്ത്യൻ മൊബൈൽമാനുഫാക‌്ചറേഴ‌്സ‌് അസോസിയേഷന്റെ മുൻകൈയോടെയാണ‌്  മൊബൈൽ ആപ്ലക്കേഷൻ സ്റ്റാർട്ടപ്പ‌് ആരംഭിച്ചത‌്. കൊച്ചിയിൽ നിലവിൽ ഇന്റർനെറ്റ‌് ഓഫ‌് തിങ്‌സ‌് സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി നിരവധി സംരംഭങ്ങൾ നടക്കുന്നുണ്ട‌്‌. അതിനാൽ, കൊച്ചി ഇൻഫോപാർക്കിനെ ഇന്റർനെറ്റ‌് ഓഫ‌് തിങ്‌സ‌് (ഐഒടി)ന്റെ മികവിന്റെ കേന്ദ്രമാക്കിമാറ്റും. 

ഇന്റർനെറ്റ‌് ഓഫ‌് തിങ്സ‌്
ഇലക‌്ട്രോണിക‌്സ‌്, സോഫ‌്റ്റ‌്‌വെയർ, സെൻസറുകൾ, ആക‌്ച്വേറ്ററുകൾ, കണക്ടിവിറ്റി എന്നിവ അടങ്ങിയ ഭൗതിക ഉപകരങ്ങളെ വാഹനങ്ങളുമായും ഗാർഹികോപകരണങ്ങളുമായും ബന്ധിപ്പിച്ചു പ്രവർത്തിപ്പിക്കുന്ന ശൃംഖലയാണ‌് ഇന്റർനെറ്റ‌് ഓഫ‌് തിങ്‌സ‌്. 

ബ്ലോക്ക‌് ചെയിൻ
അഡ‌്മിനിസ‌്ട്രേറ്ററുടെ ആവശ്യമില്ലാതെ സ്വതന്ത്രവും സുരക്ഷിതവുമായ ഡാറ്റാബേസ‌് സംവിധാനമാണ‌് ബ്ലോക്ക‌് ചെയിൻ. ഡിസ‌്ട്രിബ്യൂട്ടഡ‌് (പലതായി ഭാഗിച്ചുനൽകുന്ന) ഡാറ്റാബേസാണിത‌്. തുടർച്ചയായി പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഡാറ്റാബേസിൽ തിരുത്തലുകളും കടന്നുകയറ്റവും അസാധ്യമാംവണ്ണം സുരഷിതാണ‌്.

ആർടിഫിഷ്യൽ ഇന്റലിജൻസ‌്
ഒരു പ്രത്യേക ആവശ്യത്തിനുള്ള യന്ത്രങ്ങൾക്ക‌് ആവശ്യമായ കൃത്രിമബുദ്ധി സൃഷ്ടിക്കലാണ‌് നിർമിതബുദ്ധി അഥവാ ആർടിഫിഷ്യൽ ഇന്റലിജൻസ‌് സാങ്കേതിക വിദ്യ. വിവേകമുള്ള യന്ത്രങ്ങൾ സൃഷ്ടിക്കാനുള്ള പഠനപ്രവർത്തനങ്ങളും രൂപകൽപ്പനയുമാണ‌് ഇവിടെ നടക്കുക. ചുറ്റുപാടുകളിൽനിന്ന‌് കാര്യങ്ങൾ സ്വയംഗ്രഹിച്ച‌് സാഹചര്യങ്ങൾക്ക‌് അനുസൃതമായി പ്രവർത്തിക്കുന്ന യന്ത്രസംവിധാനങ്ങളാണ‌് വികസിപ്പിക്കുക. 

സൈബർ സെക്യൂരിറ്റി
ഇന്റർനെറ്റുമായി ബന്ധപ്പെട്ട കംപ്യൂട്ടർ ശൃംഖലയുടെ സുരക്ഷാ സംവിധാനമാണിത‌്. ഹാർഡ‌് വെയർ, സോഫ‌്റ്റ‌് വെയർ, ഡാറ്റ എന്നിവയെ സൈബർ ആക്രമണങ്ങളിൽനിന്ന‌് രക്ഷിക്കലാണ‌് ഇതിന്റെ ദൗത്യം. ഒരു കൃത്രിമ വിവര സംവിധാനം വഴി സുരക്ഷാ സംവിധാനങ്ങളെ ഏകോപിപ്പിച്ചാണ‌് സുരക്ഷ ഉറപ്പാക്കുന്നത‌്. 

സ‌്മാക‌്
സോഷ്യൽ, മൊബൈൽ, അനലിറ്റിക‌്സ‌്, ക്ലൗഡ‌് എന്നീ നാല‌് സാങ്കേതികവിദ്യയുടെ കൂട്ടിച്ചേർക്കലിലൂടെയുള്ള ബിസിനസ‌് ഇന്നവേഷനാണ‌് സ‌്മാക‌്. കമ്പനികളെ ഉപയോക്താക്കളിലേക്ക‌് കൂടുതൽ അടുപ്പിക്കുന്നതാണ‌് സ‌്മാക്കിന്റെ ഉദ്ദേശ്യം.


പ്രധാന വാർത്തകൾ
 Top