21 March Thursday

കേരളത്തെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Monday Jan 14, 2019

കൊച്ചി > ലോകത്തിലെ ഏറ്റവും വലിയ ഐടി ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐടിപോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ പുതിയ വളർച്ചാമേഖലയാണ്. ഈ മേഖലയിൽ കൂടുതൽ ഊന്നൽ നൽകാനാണ് സർക്കാർ തീരുമാനം. കേരളത്തിൽനിന്നുള്ള സോഫ്റ്റ്‌വെയർ കയറ്റുമതി വർധിപ്പിക്കണം. കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനാവശ്യമായ ഭൗതിക, പശ്ചാത്തല, സാമൂഹിക സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ. അഞ്ഞൂറിലധികം സ്റ്റാർട്ടപ്പുകൾക്ക് സൗകര്യമൊരുക്കുന്ന 1.8 ലക്ഷം ചതുരശ്രയടിയുള്ള സംയോജിത സ്റ്റാർട്ടപ്പ് കോംപ്ലക്‌സ് ഈ ലക്ഷ്യം കൈവരിക്കുന്ന നടപടികളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കളമശേരിയിലെ കേരള ടെക്‌നോളജി ഇന്നൊവേഷൻ സോണിൽ സംയോജിത സ്റ്റാർട്ടപ്പ് കോംപ്ലക്‌സിന്റെയും മേക്കർ വില്ലേജിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നൂതനാശയങ്ങളുമായെത്തുന്ന സ്റ്റാർട്ടപ്പുകൾക്ക് എല്ലാ പ്രോത്സാഹനവും നൽകും. 1.3 കോടി ചതുരശ്രയടിയുള്ള കേരളത്തിലെ ഐടി പശ്ചാത്തല സൗകര്യം 2.3 കോടി ചതുരശ്രയടിയായി വർധിപ്പിക്കാനാണ്  ലക്ഷ്യമിട്ടിരിക്കുന്നത്.

ഇതിൽ 30 ലക്ഷം ചതുരശ്രയടി ഐടി ആവാസവ്യവസ്ഥ വികസിപ്പിച്ചുകഴിഞ്ഞു. ഐടി മേഖലയിൽ 2.5 ലക്ഷം പേർക്ക് പ്രത്യക്ഷതൊഴിൽ ലഭ്യമാക്കും. ദക്ഷിണ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബായ ജയ‌്പൂരിലെ ടെക്‌നോ ഹബ്ബിനേക്കാൾ (ഒരു ലക്ഷം ചതുരശ്രയടി) 82,000 ചതുരശ്രയടി അധിക വിസ‌്തീർണമാണ‌് കളമശേരിയിലെ സംയോജിത സ‌്റ്റാർട്ടപ്പ‌് കോംപ്ലക‌്സിന്റേത‌്. ലോകത്തിലെ ഏറ്റവും വലിയ ഇൻകുബേഷൻ സെന്റർ മൂന്നു ലക്ഷം ചതുരശ്രയടിയിലുള്ള പാരീസിലെ സ്റ്റേഷൻ എഫ് ആണ്. 3.5 ലക്ഷം ചതുരശ്രയടിയുള്ള ടെക്‌നോളജി ഹബ‌് തെലങ്കാനയിൽ ഉടൻ ആരംഭിക്കും. കൊച്ചിയിലെ 13 ഏക്കറിൽ ഏഴ് കെട്ടിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കേരള ടെക്‌നോളജി ഇന്നൊവേഷൻ സോൺ ഭാവിയിൽ അഞ്ചു ലക്ഷത്തിലധികം ചതുരശ്രയടിയാക്കും.

നിലവിൽ നൂറിലധികം സ്റ്റാർട്ടപ്പുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഒരുവർഷത്തിനിടെ മുപ്പതിലധികം പേറ്റന്റുകൾക്കാണ് ഈ കമ്പനികൾ അപേക്ഷിച്ചത്. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നൂതനാശയങ്ങൾ സ്വാംശീകരിക്കുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ മനുഷ്യപുരോഗതിക്കും സാമൂഹ്യനന്മയ്ക്കും ഉപയോഗപ്പെടുത്തുകയാണ് സർക്കാർനയം. മാൻഹോൾ വൃത്തിയാക്കുന്നതിന് റോബോട്ടിനെ ഉപയോഗപ്പെടുത്തി ലോകത്തിന്റെ പ്രശംസ നേടാൻ കേരളത്തിനായി. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിലും സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും.

ഇന്റർനെറ്റ‌് പൗരാവകാശമായി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം.  ശാസ്ത്ര സാങ്കേതികവിദ്യയെ സമഗ്രമായി വിലയിരുത്തുന്ന നയമാണ് സർക്കാരിനുള്ളത്. വലിയ ഐടി കമ്പനികൾ കേരളത്തിലേക്കു വരുന്നതും കേന്ദ്രസർക്കാരിന്റെ ടോപ്പ് പെർഫോർമർ അവാർഡ് കേരളത്തിനു ലഭിച്ചതും ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top