22 April Monday

ചാരക്കേസിൽ നമ്പിനാരായണന്‌ കടുത്ത പീഡനം: സുപ്രീംകോടതി;നഷ്ടപരിഹാരം അരക്കോടി

എം പ്രശാന്ത്Updated: Saturday Sep 15, 2018

ന്യൂഡൽഹി>കെട്ടിച്ചമച്ച ഐഎസ്ആർഒ ചാരക്കേസിൽ അനാവശ്യമായി പ്രതിചേർക്കപ്പെട്ട് പീഡനമേറ്റുവാങ്ങേണ്ടിവന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്. നമ്പി നാരായണനെ കേസിൽ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായി അന്വേഷണം നടത്തി ഉചിത നടപടി സ്വീകരിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഡി കെ ജയിൻ അധ്യക്ഷനായ സമിതിക്കും കോടതി രൂപം നൽകി. ചീഫ് ജസ്റ്റിസ് ദീപക‌് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.

ചാരക്കേസ് തുടക്കത്തിൽ അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘത്തലവൻ സിബി മാത്യൂസ്, സിബിസിഐഡി ഡെപ്യൂട്ടി എസ്പിയായിരുന്ന കെ കെ ജോഷ്വ, സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന എസ് വിജയൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നമ്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചത്. നമ്പി നാരായണന്റെ വാദങ്ങൾ ശരിവച്ച കോടതി 50 ലക്ഷം രൂപ നഷ്ടപരിഹാരം എട്ടാഴ്ചയ്ക്കകം നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനിൽ നൽകിയ പരാതിയിൽ നമ്പി നാരായണന് നടപടികൾ തുടരാമെന്നും കോടതി അറിയിച്ചു. നേരത്തെ 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി മനുഷ്യാവകാശ കമീഷൻ അനുവദിച്ചിരുന്നു. നമ്പി നാരായണനെപ്പോലെ ദേശീയാംഗീകാരമുള്ള ശാസ്ത്രജ്ഞന് കടുത്ത പീഡനമാണ് ഏൽക്കേണ്ടിവന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ ഒരു സംശയവും കോടതിക്കില്ല. ശരിയായ പരിശോധന കൂടാതെ ആരെയും അറസ്റ്റ‌് ചെയ്ത് കസ്റ്റഡിയിലാക്കാമെന്ന പൊലീസ് സമീപനം കാരണമാണ് ഹർജിക്കാരന് കടുത്ത അവഹേളനം ഏറ്റുവാങ്ങേണ്ടിവന്നത്. ശാരീരികവും മാനസികവുമായ ഭേദ്യങ്ങൾക്ക് വിധേയമാകുമ്പോൾ വ്യക്തിയുടെ അന്തസ്സാണ് ഉലയുന്നത്. ഹർജിക്കാരൻ അഭിമുഖീകരിച്ച തെറ്റായ തടങ്കലും പകയോടെയുള്ള പ്രോസിക്യൂഷനും അവഹേളനവും അപകീർത്തിപ്പെടുത്തലുമൊന്നും കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല.

ഹർജിക്കാരനെ കടുത്ത പീഡനങ്ങൾക്ക് വിധേയമാക്കിയ ഉദ്യോഗസ്ഥർ നിയമനടപടി നേരിടേണ്ടതുണ്ടെന്ന ആവശ്യത്തിൽ വസ്തുതാശേഖരണത്തിനും കുറ്റക്കാർക്കെതിരെ ഉചിത നടപടി സ്വീകരിക്കുന്നതിനുമാണ് ജുഡീഷ്യൽ സമിതിക്ക് രൂപംനൽകിയത്. ജസ്റ്റിസ് ഡി കെ ജയിൻ അധ്യക്ഷനായ അന്വേഷണസമിതിയിൽ കേന്ദ്ര‐സംസ്ഥാന സർക്കാരുകൾക്ക് ഓരോ ഉദ്യോഗസ്ഥരെ നാമനിർദേശം ചെയ്യാം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സമിതിക്ക് കേരളത്തിലും യോഗം ചേരാം. ചെലവുകൾ കേന്ദ്രം വഹിക്കണമെന്നും കോടതി വിധിച്ചു.

മാലദ്വീപ് സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസ്സൻ തുടങ്ങിയവരുമായി ചേർന്ന് ഐഎസ്ആർഒയിലെ വിവരങ്ങൾ നമ്പി നാരായണൻ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ പാകിസ്ഥാന് ചോർത്തിനൽകിയെന്നായിരുന്നു ആക്ഷേപം. 1994 നവംബറിൽ പൊലീസ് കേസെടുത്തു. തുടക്കത്തിൽ എസ്ഐടി അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് വിട്ടു.

തെളിവില്ലാത്തതിനാൽ പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള റിപ്പോർട്ട് സിബിഐ പിന്നീട് മജിസ്ട്രേട്ട‌് കോടതിയിൽ സമർപ്പിച്ചു. സിബിഐയുടെ കണ്ടെത്തൽ പിന്നീട് സുപ്രീംകോടതിയടക്കം ശരിവച്ചു. സിബി മാത്യൂസ് അടക്കമുള്ളവർക്കെതിരായി അന്വേഷണത്തിന് സിബിഐ നിർദേശിച്ചിരുന്നെങ്കിലും സർക്കാർ അതിന് തയ്യാറാകാതെ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. കേസിൽ നമ്പി നാരായണനുവേണ്ടി വി ഗിരി, ഡി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ഹാജരായി.


പ്രധാന വാർത്തകൾ
 Top