29 February Saturday

2020ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യം ജി സാറ്റ്‌ 30 വിക്ഷേപണം വിജയകരം

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020


തിരുവനന്തപുരം
ഐഎസ്‌ആർഒയുടെ ഏറ്റവും ആധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്‌ 30 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച്‌ ഗയാനയിലെ കുറുവിൽനിന്ന്‌ വെള്ളിയാഴ്‌ച പുലർച്ചെ 2.35നായിരുന്നു വിക്ഷേപണം. യൂറോപ്യൻ സ്‌പെയ്‌സ്‌ ഏജൻസിയുടെ ഏരിയൻ 5 എ 251 റോക്കറ്റാണ്‌ പേടകവുമായി കുതിച്ചത്‌. വിക്ഷേപണത്തിന്റെ 38.26 –-ാം മിനിറ്റിൽ ഉപഗ്രഹം റോക്കറ്റിൽനിന്ന്‌ വേർപെട്ട്‌ നിശ്‌ചിത ഭ്രമണപഥത്തിലിറങ്ങി. കർണാടകത്തിലെ ഐഎസ്‌ആർഒ സെന്ററായ ഹാസൻ മാസ്‌റ്റർ കൺട്രോൾ ഫെസിലിറ്റി ഉപഗ്രഹത്തിന്റെ നിയന്ത്രണം തുടർന്ന്‌ ഏറ്റെടുത്തു. വരുംദിവസങ്ങളിൽ ഉപഗ്രഹത്തിന്റെ ഭ്രമണപഥം പടിപടിയായി ഉയർത്തും. പേടകത്തിലെ തന്നെ ദ്രവ എൻജിനുകൾ ജ്വലിപ്പിച്ചാണ്‌ ഇത്‌ സാധ്യമാക്കുക. ജി സാറ്റ്‌ 30നൊപ്പം ആഫ്രിക്കൻ ബ്രോഡ്‌ബാൻഡ്‌ ഉപഗ്രഹമായ യൂട്ടൽസാറ്റ്‌ കണക്ടും ഭ്രമപണപഥത്തിൽ എത്തി. 

3357 കിലോയുള്ള ഉപഗ്രഹത്തിന്‌ 15 വർഷമാണ്‌ കാലാവധി. പ്രവർത്തനം നിലച്ച ഇൻസാറ്റ്‌ -4 എക്ക്‌  പകരമായാണ്‌ ഇത്‌. ഗഗൻയാൻ അടക്കമുള്ള പദ്ധതികളുടെ തിരക്കിലായതിനാലാണ്‌ ജി സാറ്റ്‌ വിക്ഷേപണത്തിന്‌ യൂറോപ്യൻ സ്‌പേയ്‌സ്‌ ഏജൻസിയെ ആശ്രയിച്ചത്‌. ഇന്റർനെറ്റ്‌ സൗകര്യങ്ങളും മറ്റു വാർത്താവിനിമയ സംവിധാനങ്ങളും കൂടുതൽ മെച്ചപ്പെടുത്തുകയാണ്‌ ദൗത്യം.

ടിവി സംപ്രേഷണം, ടെലിവിഷൻ ബ്രോഡ്കാസ്റ്റ് അപ്‍ലിങ്കിങ്, ഡിഎസ്എൻജി, എടിഎം, സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌, ഭൗമനിരീക്ഷണം തുടങ്ങിയവയ്‌ക്കായുള്ള അത്യാധുനിക സങ്കേതങ്ങളാണ്‌ ഉപഗ്രഹത്തിലുള്ളത്‌. ബംഗളൂരുവിലെ യു ആർ റാവു സാറ്റ്‌ലെറ്റ്‌ സെന്ററാണ്‌ ഉപഗ്രഹം വികസിപ്പിച്ചത്‌. വിക്ഷേപണം പൂർണ വിജയമാണെന്നും ഉപഗ്രഹത്തിലെ എല്ലാ ഉപകരണവും പ്രവർത്തനസജ്ജമാണെന്നും ഐഎസ്‌ആർഒ ചെയർമാൻ ഡോ. കെ ശിവൻ പറഞ്ഞു. സാറ്റ്‌ലെറ്റ്‌ സെന്റർ ഡയറക്ടർ പി കുഞ്ഞികൃഷ്‌ണൻ, എൽപിഎസ്‌സി ഡയറക്ടർ വി നാരായണൻ, ജി സാറ്റ്‌ പ്രോജക്ട്‌ ഡയറക്ടർ വി രാമനാഥൻ, അസോസിയറ്റ്‌ ഡയറക്ടർ സുരേന്ദ്രൻ, ഡെപ്യൂട്ടി ഡയറക്ടർ രാജേന്ദ്രപ്രസാദ്‌ തുടങ്ങിയവർ വിക്ഷേപണത്തിന്‌ സാക്ഷിയാകാനെത്തി. 2020ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമാണ്‌ ഇത്.


പ്രധാന വാർത്തകൾ
 Top