25 August Sunday

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; കേന്ദ്രത്തിന്‌ മുഖ്യമന്ത്രി കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

തിരുവനന്തപുരം > ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരിൽ നാല് മലയാളികളും ഉൾപ്പെടുന്നു എന്ന മാധ്യമ വാർത്തയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറിന് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അടിയന്തര സന്ദേശമയച്ചു.

കപ്പലിലുള്ളവരെ തിരിച്ചെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ ജീവനക്കാരിൽ മൂന്ന് മലയാളികളും ഉണ്ടെന്നാണ്‌ വിവരം. എറണാകുളം  കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനും ഫോർട്ട്‌കൊച്ചി, തൃപ്പൂണിത്തുറ സ്വദേശികളുമാണ് കപ്പലിലുള്ളത്. മറ്റു രണ്ടുപേരുടെ പേര് വിവരങ്ങൾ വ്യക്തമല്ല.

ഇവരിൽ ഒരാൾ കപ്പലിലെ ക്യാപ്റ്റനാണ്. ഒരുമാസം മുമ്പാണ് കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചൻ കപ്പലിൽ ജോലിക്ക് കയറിയത്. ശനിയാഴ്ച വെളുപ്പിനെയാണ് കപ്പൽ ഇറാൻ പിടികൂടിയ വിവരം ഡിജോയുടെ കുടുംബം അറിയുന്നത്. ജോലി ചെയ്തിരുന്ന കമ്പനിയാണ് വിവരം അറിയിച്ചത്. കളമശ്ശേരി കുസാറ്റിനടുത്ത് തേക്കാനത്ത് പാപ്പച്ചൻ- ഡീന ദമ്പതികളുടെ മകനാണ് ഡിജോ. ലണ്ടനിലുള്ള സഹോദരി ദീപയെ ലണ്ടനിലെ കപ്പൽ കമ്പനി ഓഫീസിൽ നിന്നു ബന്ധപ്പെടുന്നുണ്ടെന്ന് കുടുംബം അറിയിച്ചു. മുംബൈയിൽ നിന്നാണ് ഡിജോ കപ്പലിൽ ചേർന്നത്.

വെള്ളിയാഴ്ച ദുബൈയിലെ ഫ്യൂജേറാ തുറമുഖത്തു നിന്ന് സൗദിയിലെ ജുബൈൽ തുറമുഖത്തേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍, ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്കില്‍ നിന്നും പിടികൂടിയത്. ജൂൺ 17ന് ഇന്ത്യയിലും കപ്പലെത്തിയിരുന്നു.

അതേസമയം ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top