27 May Monday

കോൺഗ്രസിലെ തമ്മിലടിക്കിടെ രാഷ്ട്രീയകാര്യസമിതി ഇന്ന‌്

പ്രത്യേക ലേഖകൻUpdated: Monday Jun 11, 2018കോൺഗ്രസിലെ തമ്മിലടി അതിരൂക്ഷമായി തുടരവെ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം തിങ്കളാഴ‌്ച തലസ്ഥാനത്ത‌് ചേരും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവി ചർച്ച ചെയ്യാനാണ‌് യോഗം ചേരാൻ നേരത്തെ തീരുമാനിച്ചതെങ്കിലും കേരള കോൺഗ്രസ‌് മാണി വിഭാഗത്തിന‌് രാജ്യസഭാ സീറ്റ‌് നൽകിയതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. തിങ്കളാഴ‌്ചത്തെ യോഗത്തിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ‌് പോസ‌്റ്റുമോർട്ടത്തിന്റെ പ്രസക്തി ഇല്ലാതായി. പകരം രാജ്യസഭാ സീറ്റ‌് ഏകപക്ഷീയമായി കെ എം മാണിക്ക‌് നൽകിയതിനെക്കുറിച്ചുള്ള വിഴുപ്പലക്കലിലാകും ശ്രദ്ധ.  രാഷ്ട്രീയകാര്യസമിതിയിൽ ചുരുക്കം നേതാക്കൾ മാത്രമാണുള്ളത‌്. ഇതിന്റെ തുടർച്ചയായി ചൊവ്വാഴ‌്ച കെപിസിസി എക‌്സിക്യൂട്ടീവ‌് യോഗം ചേരും. ഈ യോഗത്തിലുണ്ടാകുന്ന ചേരിതിരിവാണ‌് പ്രധാനം. രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഉമ്മൻചാണ്ടിക്കെതിരെ വിമർശങ്ങളുടെ കുന്തമുന തിരിയും.  ഇതിന്റെ പാപഭാരം തങ്ങൾക്കുകൂടി ഉണ്ടെന്നു പറഞ്ഞ‌് രമേശ‌് ചെന്നിത്തലയും എം എം ഹസ്സനും ഉമ്മൻചാണ്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചേക്കും. ഉമ്മൻചാണ്ടിയെ ഒറ്റതിരിഞ്ഞ‌് ആക്രമിക്കുന്നതിൽ പ്രതിഷേധമുണ്ടെങ്കിലും എ ഗ്രൂപ്പിലെ പല പ്രമുഖർക്കും സീറ്റ‌് കച്ചവടത്തിൽ കടുത്ത എതിർപ്പുണ്ട‌്. 

മുൻകാലങ്ങളിലെല്ലാം ഗ്രൂപ്പ‌് അടിസ്ഥാനത്തിലായിരുന്നു കോൺഗ്രസിലെ അടിയെങ്കിൽ ഇത്തവണ ഗ്രൂപ്പിനതീതമായ പ്രതിഷേധമാണ‌് ഉയരുന്നത്‌. ഒരു വിട്ടുവീഴ‌്ചയ‌്ക്കുമില്ലെന്ന നിലപാടിലാണ‌് വി എം സുധീരനും പി ജെ കുര്യനും. അടുത്ത കാലത്തായി എ ഗ്രൂപ്പിനൊപ്പം നിൽക്കുന്ന കെ മുരളീധരനാകട്ടെ കയ്യാലപ്പുറത്താണ‌്. തിങ്കളാഴ‌്ചത്തെ വിഴുപ്പലക്കലിന്റെ അടിസ്ഥാനത്തിലാകും ചൊവ്വാഴ‌്ചത്തെ എക‌്സിക്യൂട്ടീവ‌് യോഗത്തിലെ ചർച്ചയും.എക‌്സിക്യൂട്ടീവ‌് അംഗങ്ങൾ ശക്തമായി പ്രതികരിച്ചാൽ നേതൃത്വത്തിന്റെ കൈയിൽനിന്ന‌് പിടിവിടും. അതിനുമുമ്പ‌് ഗ്രൂപ്പ‌് മാനേജർമാർ തമ്മിൽ പതിവുപോലെ ഒത്തുതീർപ്പിനുള്ള സാധ്യതയും തേടിക്കഴിഞ്ഞു. എ ഗ്രൂപ്പുകാരായ ഓരോ എക‌്സിക്യൂട്ടീവ‌് അംഗത്തെയും നേരിൽ വിളിച്ച‌് എ ഗ്രൂപ്പ‌് മാനേജർമാർ  വിശദീകരണം തുടങ്ങിയിട്ടുണ്ട‌്. ഐ ഗ്രൂപ്പും ഇങ്ങനെ ചെയ്യണമെന്ന‌് എ ഗ്രൂപ്പ‌് ആവശ്യപ്പെട്ടു.

ഇതിൽ ഒരു വെടിക്ക‌് രണ്ടു പക്ഷിയെന്ന നേട്ടമാണ‌് ഉമ്മൻചാണ്ടി കാണുന്നത‌്. ചെങ്ങന്നൂർ തോൽവിയുടെ പേരിൽ നടക്കുന്ന വിമർശങ്ങളെ ഇല്ലാതാക്കാനായി. അതോടൊപ്പം മാണിയെ കൂടെക്കൂട്ടിയതോടെ പാർടിയിലും മുന്നണിയിലും തന്റെ ആധിപത്യം ഉറപ്പിക്കാനുമായി. ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കി ഒതുക്കാനാകില്ലെന്നും കേരളത്തിലെ കോൺഗ്രസ‌്‐ യുഡിഎഫ‌് രാഷ്ട്രീയത്തിൽ ഇല അനങ്ങണമെങ്കിൽ താൻ വേണമെന്നുമുള്ള സന്ദേശം ഹൈക്കമാൻഡിന‌് നൽകുകയുമാണ‌് ഉമ്മൻചാണ്ടി.

നേതാക്കളെ ഡൽഹിക്ക് വിളിപ്പിക്കും
രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയതിനെച്ചൊല്ലി കേരളത്തിലെ കോൺഗ്രസ് ഘടകത്തിൽ തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ നേതാക്കളെ ഡൽഹിക്ക് വിളിപ്പിക്കാൻ ഹൈക്കമാൻഡ്‌ ആലോചന. സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും തുടർനടപടി.

കോൺഗ്രസിന് ലഭിക്കേണ്ട സീറ്റ് മാണിക്ക് വിട്ടുകൊടുത്തതിന് പിന്നിൽ ഉമ്മൻചാണ്ടിയുടെ വ്യക്തിപരമായ താൽപ്പര്യങ്ങളാണെന്ന തരത്തിൽ നിരവധി പരാതികൾ ഹൈക്കമാൻഡിന് ലഭിച്ചിരുന്നു. ഈ വസ്തുതകളെല്ലാം മുകുൾ വാസ്നിക്ക് പരിശോധിക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top