05 December Thursday

ഇൻഷുറൻസ്‌ വകുപ്പ്‌ മുഖേന അരലക്ഷം കന്നുകാലികൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

പ്രതീകാത്മകചിത്രം

തിരുവനന്തപുരം > സംസ്ഥാന ഇൻഷുറൻസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കും. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ്‌ ഇന്ത്യ ഇൻഷുറൻസ്‌ കമ്പനിയുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ ധാരണാപത്രം ബുധനാഴ്‌ച ഒപ്പിടും. പകൽ 11ന്‌ സെക്രട്ടറിയറ്റിൽ ധനകാര്യ മന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, മൃഗസംരക്ഷണ  മന്ത്രി ജെ ചിഞ്ചുറാണി എന്നിവരും പങ്കെടുക്കും.

ആദ്യഘട്ടത്തിൽ അമ്പതിനായിരം കന്നുകാലികൾക്കാണ്‌ ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാക്കുന്നത്‌. ഈ വർഷത്തിനുള്ളിൽ ഒരുലക്ഷം കന്നുകാലികൾക്കെങ്കിലും ഇൻഷുറൻസ്‌ പരിരക്ഷ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. ചരിത്രത്തിൽ ആദ്യമായിട്ടാണ് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ഇൻഷുറൻസ് വകുപ്പുമായി ചേർന്ന് കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. 65,000 രൂപ വരെ മതിപ്പുവിലയുള്ള കന്നുകാലികൾക്കാണ്‌ ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാക്കുന്നത്‌. പൊതുവിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികൾക്ക്‌ 50 ശതമാനവും പട്ടികജാതി, പട്ടികവർ​ഗ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികൾക്ക്‌ 70 ശതമാനവും പ്രീമിയം തുക സർക്കാർ സബ്സിഡി നൽകും. യുണൈറ്റഡ്‌ ഇൻഷുറൻസ്‌ കമ്പനി വഴി നടപ്പാക്കുന്ന പദ്ധതിയിൽ ഒരുവർഷ ഇൻഷുറൻസ് കാലയളവിലേക്കായി ഉരുവിന്റെ മതിപ്പുവിലയുടെ 4.48 ശതമാനമായിരിക്കും പ്രീമിയം തുക.  മൂന്ന് വർഷത്തേക്ക് ഇൻഷ്വർ ചെയ്യുന്നതിനായി മതിപ്പുവിലയുടെ 10.98 ശതമാനം പ്രീമിയം നിരക്കും നിശ്ചയിച്ചിട്ടുണ്ട്‌.

പദ്ധതിയിൽ കർഷകർക്കുള്ള പേർസണൽ ആക്‌സിഡന്റ് ഇൻഷുറൻസ് സംസ്ഥാന ഇൻഷുറൻസ്‌ വകുപ്പ്‌ നേരിട്ട് നടപ്പിലാക്കും. ഇതനുസരിച്ച്‌ പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ്‌ ഒരു കർഷകന്‌ ലഭിക്കുന്ന പേർസണൽ ആക്‌സിഡന്റൽ ഇൻഷുറൻസ് കവറേജ്‌. ഒരു ലക്ഷം രൂപയ്‌ക്ക്‌ 20 രൂപ എന്ന നിരക്കിലെ പ്രീമിയം മാത്രമാണ്‌ കർഷകൻ നൽകേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top