Deshabhimani

ബോട്ട്‌ ഡ്രൈവിങ്‌ ലൈസൻസ്‌ ; കായലിലും കേന്ദ്രത്തിന്റെ കൊള്ള

വെബ് ഡെസ്ക്

Published on Dec 12, 2024, 12:50 AM | 0 min read


ആലപ്പുഴ
വിനോദസഞ്ചാര മേഖലയിലെ ബോട്ടുടമകളെയും ജീവനക്കാരെയും കൊള്ളയടിച്ച്‌ കേന്ദ്രസർക്കാർ. തുറമുഖവകുപ്പിന്റെ ഇൻലാൻഡ്​ വെസൽ നിയമം കേന്ദ്രം കർശനമാക്കിയതോടെ ബോട്ട്‌ ഡ്രൈവിങ്ങിനുള്ള പുതിയ ലൈസൻസിന്‌​ വൻതുക ചെലവഴിക്കേണ്ട അവസ്ഥയാണ്‌. ലൈസൻസ്‌ പരിശീലനകാലയളവും ഫീസും വർധിപ്പിച്ചതിനുപുറമേ പിഴത്തുകയും കൂട്ടി. ഇതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ്‌ ബോട്ടുടമകളും തൊഴിലാളികളും.

1917ലെ ഇൻലാൻഡ്‌ വെസൽ നിയമത്തിന്റെ തുടർച്ചയായി 2010ലെ വെസൽ നിയമങ്ങൾ സംസ്ഥാന പട്ടികയിൽനിന്ന്‌ 2021ലാണ്‌ കേന്ദ്രത്തിന്‌ കീഴിലാക്കിയത്‌. ഇതോടെ  പ്രശ്‌നങ്ങൾ തുടങ്ങി. പുതിയ നിയമപ്രകാരം ലൈസൻസ്​ ലഭിക്കാൻ കടമ്പടകൾ ഏറെയാണ്‌. കേന്ദ്രസർക്കാർ നിയമത്തിൽ ഭേദഗതി വരുത്തിയതോടെ പുതിയ ലാസ്‌കർ ലൈസൻസിന്‌ മൂന്നുമാസം മാരിടൈം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കൊല്ലത്തോ കൊടുങ്ങല്ലൂരിലോ ഉള്ള സ്ഥാപനങ്ങളിൽ താമസിച്ച്‌ പരിശീലനം നേടണം. നാല്‌ ദിവസത്തെ പരിശീലനത്തിന്‌ 8000 രൂപയായിരുന്നു ഫീസ്‌. എന്നാൽ, മൂന്നുമാസത്തെ പരിശീലനം കേന്ദ്രം നിർബന്ധമാക്കിയതോടെ ലൈസൻസ്‌ ഫീസും താമസച്ചെലവും ചേർത്ത്‌ 72,000 രൂപ നൽകണം. തുക മുൻകൂറായി അടയ്‌ക്കുകയും വേണം. 950 രൂപയാണ്‌ തൊഴിലാളികളുടെ ദിവസവേതനം. നിലവിലുള്ള ലൈസൻസ്‌ പുതുക്കുന്നതിനും കടമ്പകളേറെയാണ്‌.

നിയമം കർശനമാക്കുന്നതിനൊപ്പം നിയമപ്രശ്‌നങ്ങൾ പരിഹരിക്കുകകൂടി വേണമെന്ന്‌ ബോട്ടുടമകളും തൊഴിലാളികളും പറയുന്നു. പിഴ 1000 രൂപയിൽനിന്ന്‌ 10,000 വരെയായാണ്‌ ഉയർത്തിയത്‌. നിയമത്തിൽ പ്രത്യേക പരാമർശമില്ലാത്ത കുറ്റത്തിനും മൂന്ന്‌ ലക്ഷംവരെ പിഴയിടാക്കാനാകും. ലൈസൻസിന്‌ വലിയതുക ആവശ്യപ്പെടുന്നതും നീണ്ട പരിശീലനകാലയളവുംകാരണം ജീവനക്കാർ മറ്റ്‌ ജോലികൾ തേടിപ്പോകുകയാണ്‌. വിദേശ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന സീസൺ അടുത്തതോടെ ടൂറിസം മേഖലയിൽ ഇത്‌ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, കൊല്ലം, കോഴിക്കോട്‌ ജില്ലകളിൽ കായൽ ടൂറിസം സജീവമാണ്‌.

കേന്ദ്ര ഇൻലാൻഡ്‌ വെസൽ നിയമം നടപ്പാക്കുക മാത്രമാണ്‌ തങ്ങൾ ചെയ്യുന്നതെന്ന്‌ ആലപ്പുഴ പോർട്ട്‌ ഓഫീസർ ക്യാപ്‌റ്റൻ എബ്രഹാം വി കുര്യാക്കോസ്‌ പറഞ്ഞു. ഈ മേഖലയിലെ പ്രശ്‌നങ്ങൾ പരിഗണിച്ച്‌, ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ടെന്ന്‌ കൊല്ലം മാരിടൈം ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രിൻസിപ്പൽ ക്യാപ്‌റ്റൻ പ്രതീഷ്‌ നായർ പറഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home