26 May Tuesday
പൊലീസിന്റെ പൊരിവെയിലത്തെ അധ്വാനം നമുക്കുവേണ്ടി

അസ്വസ്ഥമാകാറുള്ള മനസിന് ആശ്വാസമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം; ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020

തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഏറെ താല്‍പര്യപൂര്‍വ്വം കണ്ടിരിക്കാറുണ്ടെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ്. പലത് കൊണ്ടും അസ്വസ്ഥമാകാറുള്ള മനസ്സിന് അത് ആശ്വാസവും നല്‍കാറുണ്ട്. ഇന്നലെ അദ്ദേഹം നടത്തിയ ഒരു പരാമര്‍ശം വല്ലാതെ മനസ്സില്‍ തട്ടി.' പോലീസുകാര്‍ക്ക് ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കാന്‍ റസിഡന്റ് അസോസിയേഷനുകള്‍ ശ്രദ്ധിക്കണം.അവരും മനുഷ്യരാണ്.';  വഹാബ് പറഞ്ഞു.

കൊറോണയുടെ വ്യാപനം തടയാന്‍ കഠിനമായി പണിയെടുക്കുന്ന ഒരു സമൂഹമുണ്ട് നാട്ടില്‍. ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെട്ട മെഡിക്കല്‍ ടീമും അതോടൊപ്പം പോലീസുകാരും. മക്കളും കുടുംബവുമൊക്കെ ഇവര്‍ക്കു മുണ്ടെങ്കിലും അതെക്കുറിച്ചുള്ള നനുത്ത ചിന്തകളെല്ലാം മാറ്റിവെച്ച് കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ മാത്രം ശ്രദ്ധയൂന്നുന്നവരാണ് ഇവരത്രയും. മറ്റു മുഴുവനാളുകളോടും സ്വന്തം വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയുവാനാണ് നിര്‍ദ്ദേശം. രണ്ടും ശ്രമകരമാണെങ്കിലും വ്യത്യാസമുണ്ട്. ഒന്ന് കഠിനാദ്ധ്വാനമാണ്. റിസ്‌ക്കുള്ളതുമാണ്. രണ്ടാമത്തേത് അതല്ല.

അബൂദാബിയില്‍ നിന്നുവരുന്ന മൂത്ത മകനെ സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ ഞാനും ചെറിയ മകനും എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ലോക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്പായിരുന്നതിനാല്‍, കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാലും എയര്‍പോര്‍ട്ടിലേക്കുള്ള വഴികള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഞങ്ങളുടെ കാറിനെയും പോലീസ് തടഞ്ഞു. ഒരാള്‍ പോയാല്‍ മതിയെന്നും എന്നോട് വണ്ടിയില്‍ നിന്നിറങ്ങണമെന്നും പറഞ്ഞു.

എന്റെ ഐഡി കാര്‍ഡ് ഒരു കരുതലിന് വേണ്ടി ഞാന്‍ കീശയില്‍ കരുതിയിരുന്നു. പക്ഷേ ഞാനത് പുറത്തെടുക്കുകയോ പോലീസിനോട് മറുത്തെന്തെങ്കിലും പറയുകയോ ചെയ്തില്ല.ഞാന്‍ പുറത്തിറങ്ങി. വഴിയിലെ ഒരു മരത്തണലില്‍ ഒരേ നില്‍പില്‍ നിന്നത് രണ്ടു മണിക്കൂര്‍. അത്രയും നേരം ഞാന്‍ ആ പോലീസ് സംഘത്തെ നിരീക്ഷിക്കുകയായിരുന്നു. എണ്ണയിട്ട യന്ത്രം പോലെ അവര്‍ പണിയെടുക്കുകയാണ്, തലങ്ങും വിലങ്ങുമോടുന്ന വണ്ടികളെ കൈകാണിച്ച് നിര്‍ത്താനും കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്താനും അത്യാവശ്യമല്ലാത്തവരെ എയര്‍പോര്‍ട്ടിലേക്ക് പോവുന്നതില്‍ നിന്ന് വിലക്കാനും

വാസ്തവത്തില്‍, നമ്മളോരോരുത്തര്‍ക്കും വേണ്ടിയായിരുന്നു പോലീസുകാരുടെ പൊരിവെയിലത്തെ ആ കഠിനാദ്ധ്വാനം. എന്റെ അനവധി വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും പൊലീസിലുണ്ട്. അവരാരും പരുഷ പ്രകൃതക്കാരൊ പരാക്രമികളോ അല്ല. ഇപ്പോഴത്തെ ഈ മാറിയ പെരുമാറ്റം, സത്യം പറഞ്ഞാല്‍, പറഞ്ഞാല്‍ മനസ്സിലാവാത്ത മലയാളിക്കുള്ള ഒരു വിശേഷാല്‍ ഭാഷയാണ്. വാക്കുകള്‍ മതിയാകാത്തേടത്ത് ചൂരല്‍ കൊണ്ടൊരു കൈക്രിയ.ഒരു വലിയ നന്‍മക്ക് വേണ്ടിയുള്ള ഒരു ചെറിയ താക്കീതായി മാത്രം ഇതിനെ കണ്ടാല്‍ മതിയാകും.

ഗള്‍ഫ് നാടുകളുടെ മഹാ മെട്രോകളില്‍, പതിനായിരങ്ങള്‍ ഇരമ്പിയാര്‍ക്കുന്ന തെരുവുകളെ ജനശൂന്യമാക്കാന്‍ പൊലീസിന് ഒരൊറ്റ ശാസന കൊണ്ട് സാധിക്കുന്നു. നമ്മുടെ പോലീസിനെ നമ്മള്‍ തന്നെ പരമാവധി വശംകെടുത്തുന്നു. എന്റെ നാട്ടില്‍, തേഞ്ഞിപ്പാലത്ത്, ഒരു ദിവസം നട്ടപ്പാതിര നേരത്ത്, നടുറോഡില്‍ ഒരു എല്‍ പി ജി ടാങ്കര്‍ ലോറി മറിഞ്ഞു.ജനംകൂര്‍ക്കം വലിച്ചുറങ്ങുന്ന സമയം. ടാങ്കറില്‍ നിന്നും ഗ്യാസ് ലീക്കായിക്കൊണ്ടിരിക്കുന്നു. തേഞ്ഞിപ്പാലം സ്റ്റേഷനിലെ പോലീസുകാരാണ് ജനങ്ങളെ വിളിച്ചുണര്‍ത്തിയത്. ഒരു പോള കണ്ണടക്കാതെ ഒരു നാടിന്റെ രക്ഷക്ക് വേണ്ടി അവര്‍ ജാഗരൂകരായപ്പോള്‍  നേരം പുലരുന്നതിനു് മുമ്പേ പകുതിയോളം നാട്ടുകാര്‍ക്ക് സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചേരാനായി.

അവശേഷിച്ചവര്‍ക്ക് അതീവ ജാഗ്രത കൈക്കൊള്ളാനുമായി. കൊറോണ വ്യാപനത്തെ തടയാനുള്ള കഠിനാദ്ധ്വാനത്തിന്നിടയില്‍ തളര്‍ന്നു പോയപ്പോള്‍ ഇത്തിരി നേരം ഇരുന്നുറങ്ങിപ്പോയ ഒരു പോലീസുകാരന്റെ കൈ തണ്ടയെ കൊതുകുകള്‍ പൊതിയുന്ന രംഗം വാട്ട്‌സ്ആപ്പില്‍ കാണാനിടയായി. എന്നെപ്പോലെ നിങ്ങള്‍ക്കും പ്രയാസം തോന്നിയിട്ടുണ്ടാവും. സത്യത്തില്‍, പോലീസുകാരും മനുഷ്യരാണല്ലോ. അതുകൊണ്ട്, കൊറോണ കാലത്തെ പൊലീസിംഗിനെ പഴിക്കരുത്. ഈ കണിശമായ  കാര്‍ക്കശ്യം തീര്‍ച്ചയായും നാടിന്റെ രക്ഷക്ക് വേണ്ടിയാണ്; അബ്ദുള്‍ വഹാബ് പറഞ്ഞു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top