23 July Tuesday

ഇൻഫോക്ലിനിക്കിന്‍റെ വെബ്‌ സൈറ്റും, യൂട്യൂബ് ചാനലും മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Apr 7, 2019

കൊച്ചി> ആരോഗ്യ മേഖലയിലെ അശാസ്ത്രീയത പ്രചാരണങ്ങള്‍ക്കും വ്യാജ ചികിത്സകള്‍ക്കുമെതിരെ നില കൊള്ളുന്ന ഇന്‍ഫോ ക്ലിനിക്കിന്റെ വെബ്‌ സൈറ്റും, യൂട്യൂബ് ചാനലിന്റെയും ഉദ്‌ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന 30 ല്‍പ്പരം ഡോക്ടര്‍മാരുടെ കൂട്ടായ്മയാണ്‌ ഇൻഫോക്ലിനിക്ക്. തെറ്റായ  സന്ദേശങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതിനും  ശാസ്ത്രീയമായ ശരിയായ അറിവുകൾ പങ്കുവെക്കുന്നതിനും ഫേസ്‌ബുക്കിൽ ആരംഭിച്ചതാണ് ഇൻഫോ ക്ലിനിക്‌. ഇൻഫോക്ലിനിക്കിന്‍റെ നവമാധ്യമ പ്രചരണ സംവിധാനം ആധുനിക വൈദ്യശാസ്ത്രരംഗത്തെ ശാസ്ത്രീയ അറിവുകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും, തെറ്റായ പ്രചാരണങ്ങളെ ചെറുക്കുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നീപ, പ്രളയാനുബന്ധ ആരോഗ്യ പ്രചാരണങ്ങള്‍, എം ആർ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി മുതലായ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ഇൻഫോക്ലിനിക്ക് കൂട്ടായ്മ നടത്തിയ ഇടപെടലുകൾ സർക്കാരിന് വളരെയധികം സഹായകമായിരുന്നുവെന്ന് മന്ത്രി വിശദീകരിച്ചു.

മലയാളത്തിനു പുറമേ, ഇംഗ്ലീഷിൽ കൂടി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചാൽ കൂടുതൽ പേർക്ക് സഹായകമാകുമെന്നും, സർക്കാർ പൊതുജനാരോഗ്യ പരിപാടികള്‍ ജനങ്ങളിലേക്ക് കൂടുതലെത്തുന്ന വിധത്തില്‍ രോഗപ്രതിരോധ പ്രവർത്തനങ്ങളിലും, മറ്റ് അവബോധപ്രവർത്തനങ്ങളിലും ഇനിയും ഇൻഫോക്ലിനിക്ക് കൂടെയുണ്ടാവണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ക്ഷയരോഗം, കുഷ്ഠ രോഗം നിര്‍മ്മാര്‍ജ്ജനം, ക്യാന്‍സര്‍, ജന്മവൈകല്യങ്ങള്‍ എന്നിവ നേരത്തേ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി നിയന്ത്രണം, മരുന്നുകളുടെ അനാവശ്യ ഉപയോഗം തടയല്‍ എന്നിവ പോലുള്ള കാര്യങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഇന്‍ഫോ ക്ലിനിക്കിന്റെ പ്രവര്‍ത്തനത്തിനാവണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ ഇടപെടണമെന്നു ചൂണ്ടിക്കാട്ടിയ ആരോഗ്യ മന്ത്രി, സൂര്യാതപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ പ്രചരണം നടത്തിയതില്‍ ഇന്‍ഫോ ക്ലിനിക്കിനെ അഭിനന്ദിച്ചു.

പുതിയതായി https://infoclinic.in/ എന്ന വെബ്സൈറ്റ് ആയും, https://www.youtube.com/channel/UCAyFZ413Wyyl2bsH6_ZHpTw എന്ന യൂട്യൂബ് ചാനൽ ആയും ഇൻഫോക്ലിനിക്‌ പ്രവർത്തിക്കുന്നു. 2016 ൽ പ്രവർത്തനമാരംഭിച്ച https://www.facebook.com/infoclinicindia എന്ന ഫേസ് ബുക്ക്‌ പേജ്, 250ൽ അധികം പോസ്റ്റുകളായും 30 ഓളം വീഡിയോളും പുറത്തിറക്കിയിരുന്നു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന പല വ്യാജവാർത്തകളെയും അബദ്ധധാരണകളെയും മാറ്റുവാനും ശരിയായ ശാസ്ത്രബോധം വളർത്തുവാനും ഇൻഫോക്ലിനിക്ക് നിതാന്ത ശ്രമം നടത്തുന്നു. ഇതിനുപുറമെ, പല ശാസ്ത്രമേളകൾ, ചാനൽ ചർച്ചകൾ, അഭിമുഖങ്ങൾ, വിവിധ മെഡിക്കൽ കോളേജുകൾ നടത്തിയ പൊതുയോഗങ്ങൾ എന്നിവയിലും അംഗങ്ങൾ ഇൻഫോക്ലിനിക്കിനെ പ്രതിനിധീകരിച്ച് അംഗങ്ങള്‍ പങ്കെടുക്കാറുണ്ട്.

ഇന്‍ഫോ ക്ലിനിക്കിനെ പ്രതിനിധീകരിച്ച് ഡോ. ശബ്ന എസ് ഡോ: ജാവേദ്‌ അനീസ്‌, ഡോ: മിഥുന്‍ ജെയിംസ്, ലദീദ റയ്യ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭാവിയിൽ യൂട്യൂബ്, ട്വിറ്റർ, ടെലിഗ്രാം മുതലായ മാധ്യമങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്താനും, തെരഞ്ഞെടുത്ത ലേഖനങ്ങൾ ഉൾപ്പെടുത്തിയ ഒരു പുസ്തകം പ്രസിദ്ധീകരിക്കാനും പദ്ധതികളുണ്ടെന്ന് ഇവര്‍ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top