22 October Tuesday

കോയമ്പത്തൂർ–-കൊച്ചി വ്യവസായ ഇടനാഴി : കേന്ദ്ര അംഗീകാരമായി

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2019


ന്യൂഡൽഹി
ചെന്നൈ–-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെനിന്ന്‌ കൊച്ചിയിലേക്കും ദീർഘിപ്പിക്കും. ദേശീയപാതയ്‌ക്കരികിൽ സ്ഥലമേറ്റെടുത്ത്‌ വ്യവസായങ്ങൾ തുടങ്ങുന്നതാണ്‌ പദ്ധതി. ഇടനാഴി നീട്ടുന്നതോടെ കേരളത്തിൽ പതിനായിരംപേർക്ക്‌  നേരിട്ട്‌ തൊഴിൽ ലഭിക്കും.  സ്വകാര്യമേഖലയിൽനിന്ന്‌ 10,000 കോടിയുടെ നിക്ഷേപവും പ്രതീക്ഷിക്കുന്നു. ദേശീയ വ്യവസായ ഇടനാഴി വികസന ട്രസ്‌റ്റാണ്‌ (നിക്‌ഡിറ്റ്‌) തീരുമാനം സംസ്ഥാന സർക്കാരിനെ അറിയിച്ചത്‌.

കേരളത്തിന്റെ ദീർഘകാല ആവശ്യമാണ്‌ അംഗീകരിക്കപ്പെട്ടത്‌.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോൾ കേരളം ഒഴിവാക്കപ്പെട്ടു. സംസ്ഥാന സർക്കാർ പദ്ധതിക്കായി ശക്തമായ സമ്മർദം ചെലുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആവശ്യം ഉന്നയിച്ച്‌ കേന്ദ്രസർക്കാരുമായി പലവട്ടം ബന്ധപ്പെട്ടു. കൊച്ചി–- കോയമ്പത്തൂർ വാതക പൈപ്പ്‌ലൈൻ എൽഡിഎഫ്‌ സർക്കാർ വേഗത്തിൽ തീർത്തതും ഇടനാഴിക്കുള്ള കേന്ദ്ര അനുമതി എളുപ്പമാക്കി.

കോയമ്പത്തൂർ–-കൊച്ചി ഇടനാഴിയുടെ ഭാഗമായി വികസിപ്പിക്കുന്ന രണ്ട്‌ സംയോജിത നിർമാണ ക്ലസ്‌റ്ററുകളിൽ (ഐഎംസി) ഒരെണ്ണം പാലക്കാട്ടും അടുത്തത്‌ സേലത്തുമായിരിക്കും.  പ്രത്യേക സാമ്പത്തികമേഖലയുടെ  (സെസ്‌) അടുത്തഘട്ടമാണ്‌ ഐഎംസി. ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയാണ്‌ കമ്പനിയിൽ സംസ്ഥാനത്തിന്റെ ഓഹരി.   870 കോടി രൂപ  ചെലവിട്ട്‌ വ്യവസായങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സ്ഥലം  വികസിപ്പിക്കും.  ഇലക്‌ട്രോണിക്‌സ്‌, ഭക്ഷ്യസംസ്‌കരണം, കൃഷി അധിഷ്‌ഠിത വ്യവസായങ്ങൾ, ഐടി, പരമ്പരാഗത വ്യവസായങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ബഹു ഉൽപ്പന്ന ക്ലസ്‌റ്ററാണ്‌ കേരളം വികസിപ്പിക്കുന്നത്‌. ലോജിസ്‌റ്റിക്‌സ്‌ പാർക്ക്‌, കോൾഡ്‌ സ്‌റ്റോറേജ്‌, സംഭരണശാലകൾ തുടങ്ങിയവയും സ്ഥാപിക്കും.  പാലക്കാട്‌ ക്ലസ്‌റ്റർ, കൊച്ചി തുറമുഖവുമായി അടുത്ത്‌ കിടക്കുന്നതിനാൽ  പുറത്തുനിന്ന്‌ വൻനിക്ഷേപങ്ങൾ വരാൻ സാധ്യതയുണ്ടെന്ന്‌ വ്യവസായവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ പറഞ്ഞു.

വ്യവസായ ഇടനാഴി: കേരളത്തിന്‌ ഉത്തേജനമാകും
ചെന്നൈ‐ - ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചിയിലേക്ക്‌ ദീർഘിപ്പിക്കുന്നത്‌ കേരളത്തിന്റെ വ്യവസായവളർച്ചയ്‌ക്ക്‌ ഉത്തേജനമാകും.  വ്യവസായങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി നിക്ഷേപം ആകർഷിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ നടപ്പാക്കിയ സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ അടുത്ത ഘട്ടമാണ്   വ്യവസായ ഇടനാഴി.
ഇതിന്റെഭാഗമായി പാലക്കാട്‌  സംയോജിത നിർമാണ ക്ലസ്റ്റർ (ഐഎംസി) രൂപീകരിക്കും. ചെന്നൈയിൽനിന്ന്‌ കോയമ്പത്തൂരിലേക്കാണ്‌ ഇടനാഴി ആദ്യം വികസിപ്പിക്കുക. അവിടെനിന്നാണ്‌ കൊച്ചിയിലേക്ക്‌ ദീർഘിപ്പിക്കുക.

സംസ്ഥാനവും കേന്ദ്രവും സംയുക്തമായി രൂപീകരിക്കുന്ന പ്രത്യേക ഉദ്ദേശ്യ കമ്പനിക്കായിരിക്കും (എസ്‌പിവി) ഐഎംസിയുടെ നടത്തിപ്പും നിയന്ത്രണവും.
ഐഎംസി സ്ഥാപിക്കുന്നതിന്‌ 2000 മുതൽ 5000 ഏക്കർവരെ സ്ഥലം വേണമെന്ന്‌ കേന്ദ്ര വ്യവസായ ഇടനാഴി വികസന ട്രസ്‌റ്റ്‌ നേരത്തെ സംസ്ഥാന സർക്കാരിനോട്‌ നിർദേശിച്ചിരുന്നു. എന്നാൽ, കേരളത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള പ്രയാസങ്ങൾ സംസ്ഥാന സർക്കാർ ബോധ്യപ്പെടുത്തിയതിനെ തുടർന്ന്‌ ഐഎംസി സ്ഥാപിക്കാനുള്ള സ്ഥലം 1800 ഏക്കറായി കുറച്ചു.

പാലക്കാട്ടെ കണ്ണമ്പ്ര, ഉഴലപ്പതി, പുതുശ്ശേരി എന്നിവിടങ്ങളിലായി 1800 ഏക്കർ സർക്കാർ കണ്ടെത്തിയിട്ടുണ്ട്‌. ഭൂമിയിൽ ഒരു ഭാഗം നിലവിൽ കിൻഫ്രയുടെ കൈവശമുണ്ട്‌. ബാക്കി ഭൂമി ഏറ്റെടുക്കാൻ നോട്ടീസും നൽകിയിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top