27 June Thursday

ഉദ‌്ഘാടനത്തിനൊരുങ്ങി രാജ്യത്തെ ആദ്യത്തെ ആദിവാസി സാംസ‌്കാരിക സമുച്ചയം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

കൊച്ചി> കേരളത്തിലെ ആദിമ ഗോത്ര ജനതയുടെ സംസ‌്കാരവും പൈതൃകവും സംരക്ഷിക്കുന്നതിനായി നിർമിച്ച രാജ്യത്തെ ആദ്യ ആദിവാസി സാംസ‌്കാരിക സമുച്ചയം കൊച്ചിയിൽ ഉദ‌്ഘാടനത്തിനൊരുങ്ങി. പട്ടിക വർഗ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എട്ട‌് കോടി രൂപ ചെലവിൽ നിർമിച്ച കേന്ദ്രം എറണാകുളം ഫോർ ഷോർ റോഡിലാണ‌് പ്രവർത്തിക്കുന്നത‌്. അടുത്ത മാസം ആദ്യം കേന്ദ്രത്തിന്റെ ഉദ‌്ഘാടനം നടക്കും.

18 ഏക്കർ സ്ഥലത്ത‌് 2229.22 ചതുരശ്ര മീറ്റർ വിസ‌്തൃതിയിൽ നിർമിച്ച കെട്ടിടത്തിൽ ആധുനിക ശബ‌്ദ, ദൃശ്യ സംവിധാനങ്ങളോടെയുള്ള ഓഡിറ്റോറിയം, പട്ടിക വർഗക്കാരുടെ ഉൽപ്പന്നങ്ങളുടെ  പ്രദർശനങ്ങൾക്കുള്ള സ‌്റ്റാളുകൾ, ഭക്ഷണ ശാല, ഡോർമെറ്ററികൾ എന്നിവയൊരുക്കിയിട്ടുണ്ട‌്. മൂന്ന‌് നിലകളുള്ള സമുച്ചയത്തിന്റെ മിനുക്കുപണികളും പൂർത്തിയായി. പട്ടിക വർഗക്കാർ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടത്തുക, ഗോത്ര സമൂഹങ്ങളുടെ കലാരൂപങ്ങൾക്ക‌് വേദിയൊരുക്കുക, വംശീയ ഭക്ഷണത്തിന‌് പ്രചാരം നൽകുക, കേരളത്തിലെ ഗോത്രവർഗ പൈതൃകത്തിന്റെ തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയണ‌് സാംസ‌്കാരിക സമുച്ചയം നിർമിച്ചത‌്. പൈതൃക ടൂറിസം കേന്ദ്രമായി സാംസ‌്കാരിക സമുച്ചയത്തിനെ മാറ്റിയെടുക്കും. പട്ടിക വർഗക്കാർക്ക‌് സ്ഥിരം വരുമാനം ലഭ്യമാക്കുന്ന തൊഴിൽ സംരംഭമാക്കി സ്ഥാപനത്തെ ഉയർത്താനും സർക്കാർ ലക്ഷ്യമിടുന്നു. മന്ത്രി എ കെ ബാലൻ  കേന്ദ്രത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി. ജില്ലാ പട്ടിക വർഗ ഡെവലപ്പ‌്മെന്റ‌് ഓഫീസർ  അനിൽകുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഗോത്ര സമൂഹത്തിന്റെ പാരമ്പര്യ കലാരൂപങ്ങളും അറിവുകളും പുതിയ തലമുറയ‌്ക്ക‌് പകർന്ന‌് നൽകാൻ സാംസ‌്കാരിക സമുച്ചയം സ്ഥിരം വേദിയാകും. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത ദിവസങ്ങളിൽ പരമ്പരാഗത കലകൾ അവതരിപ്പിക്കാനും ആസ്വദിക്കാനും കഴിയും. ഗദ്ദികയുടെ സ്ഥിരം വേദിയായും ഈ കേന്ദ്രം വികസിപ്പിക്കും. സമുച്ചയത്തിലെ എട്ട‌് സ‌്റ്റാളുകളിൽ ആദിവാസി സമൂഹം തയ്യാറാക്കുന്ന മുളകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, തടിയിൽ തീർത്ത ശിൽപ്പങ്ങൾ, വനവിഭവങ്ങൾ, തേൻ, മുളയരി, റാഗി, പാരമ്പര്യ കൃഷി ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുയും വിറ്റഴിക്കുകയും ചെയ്യും. ഇതിലൂടെ പട്ടികവർഗക്കാർക്ക‌് സ്ഥിര വരുമാനമാണ‌് ലക്ഷ്യമിടുന്നത‌്. 300 പേർക്കിരിക്കാവുന്ന ശീതീകരിച്ച  ഓഡിറ്റോറിയത്തിൽ കോംബോ സംവിധാനത്തോടെ അക്വാറ്റിക‌് ട്രീറ്റ‌്മെന്റ‌്, വീഡിയോ പ്രൊജക‌്ടർ എന്നിവയൊരുക്കിയിട്ടുണ്ട‌്. പുരുഷൻമാർക്കും സ‌്ത്രീകൾക്കും പ്രത്യേകം ഡോർമെറ്ററികളുണ്ട‌്. കലാകാരന്മാർക്ക‌ും ഇവിടെ താമസ സൗകര്യമുണ്ട‌്.

സമുച്ചയത്തിൽ നിന്നുള്ള വരുമാനം ആദിവാസി സമൂഹത്തിന്റെ പുരോഗതിക്കാണ‌് വിനിയോഗിക്കുക. കഴിഞ്ഞ എൽഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് നിർമാണം ആരംഭിച്ചുവെങ്കിലും പിന്നീട‌് അധികാരത്തിലെത്തിയ യുഡിഎഫ‌് സർക്കാർ കൂടുതൽ താൽപര്യമെടുക്കാത്തതിനാൽ പദ്ധതി വൈകി. വിവിധ വകുപ്പുകളുടെ അനുമതി ലഭ്യമാക്കി ഇപ്പോൾ എൽഡിഎഫ‌് സർക്കാരാണ‌് കേന്ദ്രം നിർമാണം പൂർത്തിയാക്കി ആദിവാസി സമൂഹത്തിന‌് സമർപ്പിക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top