17 January Friday
കെടുകാര്യസ്ഥത

കോഫീ ഹൗസുകള്‍ മലബാറില്‍ വന്‍ലാഭത്തില്‍; തെക്കന്‍ കേരളത്തില്‍ താഴ് വീണേക്കും

കെ പ്രഭാത്‌Updated: Monday Dec 9, 2019

തൃശൂർ > തെക്കൻ കേരളത്തിലെ 45 ഇന്ത്യൻ കോഫീഹൗസുകൾ കരകയറാനാവാത്തവിധം നഷ്ടത്തിൽ. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ കോഫീ ബോർഡ് തൊഴിലാളി സഹകരണ സംഘത്തിന്റെ കീഴിലുള്ള കോഫീഹൗസുകൾക്കാണ്‌ ഈ ദുരവസ്ഥ.  61 കോഫീ ഹൗസുകളാണ്‌ ഈ മേഖലയിലുള്ളത്‌. സഹകരണ വകുപ്പിന്റെ ഈ വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന നഷ്ടക്കണക്കുകൾ പുറത്തുവന്നത്.

2016–17  ൽ 33.87 ലക്ഷം രൂപ ലാഭത്തിലായിരുന്ന സംഘം 2017–- 18ൽ 10.59 കോടിരൂപ നഷ്ടത്തിലായി.  2018–-19  ൽ നഷ്ടം  18.74 കോടിയിലെത്തി.  സംഘത്തിന്റെ  ഈ വൻ കടക്കെണിക്കൊപ്പം ബഹുഭൂരിപക്ഷം കോഫീഹൗസുകളും നഷ്ടത്തിലുമായി. ഗുരുതര നഷ്ടത്തിന്റെ പേരുപറഞ്ഞ് തെക്കൻ മേഖലാ കോഫീഹൗസുകളിൽ ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ വർധിപ്പിച്ചിരുന്നു.  പുതിയ കോഫീഹൗസുകൾ പലയിടത്തും തുടങ്ങിയെങ്കിലും, ഏഴ്‌ കോഫീഹൗസുകൾ പൂട്ടി.

ഭരണസമിതിയുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ്‌ ഈ അവസ്ഥയിലെത്തിച്ചതെന്ന്‌ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. അർഹമായ ബോണസ്, വിദ്യാഭ്യാസ അലവൻസ്, ഫെസ്റ്റിവൽ അലവൻസ്, ലീവ് സാലറി, ടൂർ അലവൻസ് തുടങ്ങിയവ  നൽകുന്നില്ല.  ജീവനക്കാരുടെ വായ്പ അടവ്‌  ശമ്പളത്തിൽനിന്ന് പിടിക്കുന്നുണ്ടെങ്കിലും ബാങ്കിൽ അടച്ചിട്ടില്ല. എൽഐസി പ്രീമിയത്തിന്റെ സ്ഥിതിയും ഇതുതന്നെ. ആറുമാസമായി ജിഎസ്ടിയും അടയ്ക്കുന്നില്ല. എല്ലാമാസവും അഞ്ചിനുമുമ്പ്‌ ശമ്പളം നൽകണമെന്ന ലേബർ ഓഫീസറുടെ നിർദേശവും ലംഘിക്കുകയാണ്‌.

ചുരുങ്ങിയ ചെലവിൽ മികച്ച ഭക്ഷണം നൽകാൻ 60വർഷംമുമ്പ് എകെജിയുടെ നേതൃത്വത്തിൽ തുടങ്ങിയ സ്ഥപനമാണ് തൃശൂരിലെ ഇന്ത്യാ കോഫീ ബോർഡ് തൊഴിലാളി സഹകരണ സംഘം.  രണ്ടുവർഷംമുമ്പാണ്‌ ബിജെപി–- കോൺഗ്രസ് നേതൃത്വത്തിലുള്ള അവിശുദ്ധമുന്നണി തൃശൂർ മുതൽ തിരുവനന്തപുരംവരെയുള്ള സംഘത്തിന്റെ ഭരണം ഏറ്റെടുത്തത്‌. 

അതേസമയം, കണ്ണൂർ ആസ്ഥാനമായ വടക്കൻ മേഖലാ കോഫീഹൗസുകളെല്ലാം വൻ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ചുരുങ്ങിയ വിലയ്ക്ക് മികച്ച ഭക്ഷണം ഈ കോഫീ ഹൗസുകളിൽ ലഭിക്കുന്നുണ്ട്.


പ്രധാന വാർത്തകൾ
 Top