22 August Thursday

ബാങ്ക‌് ദേശസാൽക്കരണത്തിന‌് ഇന്ന‌് 50–-ാം പിറന്നാൾ ; സുവർണ ജൂബിലിയിൽ തിളക്കമറ്റ‌് ബാങ്കിങ‌് മേഖല

എം എസ‌് അശോകൻUpdated: Friday Jul 19, 2019

കൊച്ചി
ബാങ്കിങ് രംഗത്ത‌് സാമൂഹ്യ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി നടപ്പാക്കിയ  ബാങ്കുകളുടെ ദേശസാൽക്കരണത്തിന‌് വെള്ളിയാഴ‌്ച 50 വയസ്സ‌്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1969 ജൂലൈ 19ന‌് അർധരാത്രിമുതൽ നടപ്പാക്കിയ ബാങ്കിങ് കമ്പനീസ‌്  ഓർഡിനൻസിലൂടെ രാജ്യത്തെ 14 വൻകിട ബാങ്കുകളെയാണ‌് ദേശസാൽക്കരിച്ചത‌്. രണ്ടു പതിറ്റാണ്ടിന‌ുശേഷം ഡോ. മൻമോഹൻസിങ് ധനമന്ത്രിയായ കോൺഗ്രസ‌് സർക്കാരാണ‌് നവ ഉദാരവൽക്കരണ നയങ്ങളിലൂടെ ബാങ്കിങ‌് രംഗത്തെ തകർച്ചയ‌്ക്ക‌് വഴിമരുന്നിട്ടത‌്.

രാജ്യത്തെ ആകെ ബാങ്ക‌് നിക്ഷേപത്തിന്റെ 85 ശതമാനവും കൈയാളിയിരുന്ന 14 ബാങ്കുകളെയാണ‌് ആദ്യഘട്ടം ദേശസാൽക്കരിച്ചത‌്. അതേവർഷം ആഗസ‌്ത‌് ഒമ്പതിന‌് ബാങ്കിങ് കമ്പനീസ‌് ബിൽ പാർലമെന്റിൽ അവതരിപ്പിച്ച‌് നിയമമാക്കി. ദേശീയ കോൺഗ്രസ‌് രാഷ‌്ട്രീയത്തിൽ രൂപപ്പെട്ട വെല്ലുവിളികളെ നേരിടാനാണ‌് ഇന്ദിരാഗാന്ധി ഈ നടപടിക്ക‌് മുതിർന്നത‌്. 1971 ലെ പാർലമെന്റ‌് തെരഞ്ഞെടുപ്പിലും ’72 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇന്ദിരയും കോൺഗ്രസും മേൽക്കൈ നേടിയത‌് ദേശസാൽക്കരണത്തെ പ്രചാരണായുധമാക്കിയായിരുന്നു എന്നതും ചരിത്രം. മൊറാർജി ദേശായിയായിരുന്നു ധനമന്ത്രി. 482 കോടി രൂപയുടെ നിക്ഷേപവും 673 കോടി രൂപ പ്രതിവർഷ ലാഭവുമുണ്ടായിരുന്ന സെൻട്രൽ ബാങ്കായിരുന്നു ഏറ്റെടുത്തവയിൽ വമ്പൻ. 14 ബാങ്കുകൾക്കുംകൂടി 8740 കോടി രൂപയാണ‌് സർക്കാർ നഷ‌്ടപരിഹാരം നിശ‌്ചയിച്ചത‌്. 1980ലായിരുന്നു രണ്ടാംഘട്ട ദേശസാൽക്കരണം. ആറു ബാങ്കുകളെ രണ്ടാംഘട്ടത്തിൽ ദേശസാൽക്കരിച്ചതോടെ ആകെ 20 എണ്ണമായി.

ബാങ്ക‌് ദേശസാൽക്കരണം പ്രഖ്യാപിച്ച വാർത്തയുമായി പുറത്തിറങ്ങിയ പത്രം‌‌

ബാങ്ക‌് ദേശസാൽക്കരണം പ്രഖ്യാപിച്ച വാർത്തയുമായി പുറത്തിറങ്ങിയ പത്രം‌‌

 

ലോകത്തെ ഏറ്റവും ശക്തവും സുസ്ഥിരവുമായ സംവിധാനമായി ഇന്ത്യൻ ബാങ്കിങ് മേഖല മാറിയെന്നതാണ‌് ദേശസാൽക്കരണത്തിന്റെ പ്രധാന നേട്ടം. സാമ്പത്തിക തകർച്ചകൾ ലോകരാജ്യങ്ങളെ ബാധിച്ചപ്പോഴും ഇന്ത്യൻ ബാങ്കിങ് മേഖലയ‌്ക്ക‌് പരിക്കേൽക്കാതിരുന്നത‌് ശക്തമായ നിയന്ത്രണവും ആവശ്യത്തിന‌് മൂലധനവുമുള്ളതിനാലാണെന്ന‌് വിലയിരുത്തപ്പെട്ടു.

ഉദാരവൽക്കരണനയം അന്നത്തെ ധനമന്ത്രി മൻമോഹൻസിങ് പ്രഖ്യാപിക്കുന്നു

ഉദാരവൽക്കരണനയം അന്നത്തെ ധനമന്ത്രി മൻമോഹൻസിങ് പ്രഖ്യാപിക്കുന്നു

 

മൻമോഹൻസിങ് ധനമന്ത്രിയായിരിക്കെ 1991ൽ നടപ്പാക്കിയ നവ ഉദാരവൽക്കരണ നയങ്ങൾ ബാങ്കിങ് രംഗത്ത‌് അതുവരെയുണ്ടായ എല്ലാ നേട്ടങ്ങളെയും പിന്നോട്ടടിപ്പിച്ചു. ദേശസാൽകൃത ബാങ്കുകളുടെ എണ്ണം കുറയ‌്ക്കുന്ന നടപടിക്ക‌് അതോടെ തുടക്കമായി. 1993ൽ ദേശസാൽകൃത ബാങ്കുകളുടെ ആദ്യ ലയനമെന്ന നിലയിൽ ന്യൂ ബാങ്ക‌് ഓഫ‌് ഇന്ത്യയും പഞ്ചാബ‌് നാഷണൽ ബാങ്കും ഒന്നായതൊടെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം 19 ആയി ചുരുങ്ങി. ജനവിരുദ്ധ ബാങ്ക‌് ലയനങ്ങൾ പിന്നീട‌് തുടർ പരിപാടിയായി. ബിജെപി അധികാരത്തിൽ വന്നശേഷം 2017 ഏപ്രിൽ ഒന്നിന‌് അഞ്ചു സബ‌്സിഡിയറി ബാങ്കുകൾ ഉൾപ്പെടെ ആറു ബാങ്കുകളെ സ‌്റ്റേറ്റ‌് ബാങ്ക‌് ഓഫ‌് ഇന്ത്യയിൽ ലയിപ്പിച്ചു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഏപ്രിൽ ഒന്നിന‌് ദേന, വിജയ ബാങ്കുകളെ ബാങ്ക‌് ഓഫ‌് ബറോഡയിൽ ലയിപ്പിച്ചു. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം അഞ്ചോ ആറോ ആക്കുകയാണ‌് ലക്ഷ്യം. നിലവിൽ 18 ബാങ്കുകളാണ‌് പൊതുമേഖലയിലുള്ളതെങ്കിലും നൂറുശതമാനം സർക്കാർ ഓഹരിയുള്ളത‌് കോർപറേഷൻ ബാങ്കിൽ മാത്രം. പൊതുമേഖലയാകണമെങ്കിൽ സർക്കാരിന‌് 55 ശതമാനം ഓഹരിയുണ്ടാകണം. മറ്റു ബാങ്കുകളിൽ നിലവിൽ 60 മുതൽ 89 ശതമാനംവരെ ഓഹരിയാണ‌് സർക്കാരിനുള്ളത‌്.
 


പ്രധാന വാർത്തകൾ
 Top