Deshabhimani

"മാലു' എന്റെ അമ്മയുടെ കഥ, എന്റെയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 02:31 AM | 0 min read


തിരുവനന്തപുരം
കടുത്ത വിഷാദ രോഗിയായ (ബൈപോളാർ ഡിസീസ്‌)  അമ്മയുടെ മാനസിക സംഘർഷങ്ങളും  അവസാന കാലവും റിയോ ഡീ ജനീറയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ബ്രസിലീയൻ ചിത്രമാണ്‌ "മാലു.' അഭിനേത്രിയായിരുന്ന മാലു റോഷ എന്ന തന്റെ അമ്മയേയും അവരെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളുടെയും തീവ്രാനുഭവമാണ്‌  സംവിധായകനും തിരക്കഥാകൃത്തുമായ പെഡ്രോ ഫ്രെയ്‌റി ഒരുക്കിയ ഈ ചിത്രം.  ഇത്തവണ പ്രേക്ഷകർ കാത്തിരുന്ന്‌ കണ്ട സിനിമ കൂടിയാണിത്‌. വ്യാഴം രാവിലെ ഒമ്പതിന്‌ ടാഗോറിലാണ്‌  അവസാന പ്രദർശനം.

സിനിമ, അനുഭവം
പല ഘട്ടത്തിലും കരഞ്ഞുകൊണ്ടാണ്‌ മാലു എഴുതിത്തീർത്തത്‌. ജീവിതത്തിൽ അനുഭവിച്ച സാഹചര്യങ്ങൾ കടലാസിലാക്കുമ്പോൾ കണ്ണ്‌ നിറയുക സ്വാഭാവികം. "ഫാമിലി ഡ്രാമ' വിഭാഗത്തിലാണ്‌ ഈ സിനിമ. മാലുവും അവരുടെ അമ്മയും മാലുവിന്റെ മകളുമാണ്‌ പ്രധാന കഥാപാത്രങ്ങൾ. ജൊവാന എന്ന സിനിമയിലെ മകൾ എന്റെയും സഹോദരിയുടെയും സമ്മിശ്രരൂപമാണ്‌. ജീവിതത്തിൽ ചില മാനസികാഘാതങ്ങൾ തലമുറകൾ കൈമാറി വരാറുണ്ട്‌. അത്തരം ചില സന്ദർഭങ്ങളും സിനിമയിലുണ്ട്‌. എന്റെ കുട്ടിക്കാലത്തെ അമ്മയുടെയും മുത്തശ്ശിയുടെയും ഓർമകൾ കൂട്ടിയോജിപ്പിച്ചാണ്‌  തിരക്കഥയെഴുതിയത്‌. മോശം ഓർമകളും എഴുതിത്തീർത്തു. മാലു എനിക്കുവേണ്ടി ചെയ്ത ചിത്രമല്ല, പ്രേക്ഷകർക്കുവേണ്ടി, മാലുവെന്ന സ്‌ത്രീയെപ്പറ്റി പറയാൻ ചെയ്ത സിനിമയാണ്‌.

അഭിനേതാക്കൾ
മുമ്പ്‌ കാസ്റ്റിങ്‌ ഡയറക്ടറായി ജോലി ചെയ്തിരുന്നു. എന്റെ സിനിമയിൽ തിയറ്റർ ആർട്ടിസ്റ്റുകളെ മാത്രമേ അഭിനയിപ്പിക്കൂവെന്ന്‌ നേരത്തെ തീരുമാനിച്ചിരുന്നു. ബ്രസീലിലെ തിയറ്റർ മേഖലയിൽ വർഷങ്ങളുടെ അനുഭവമുള്ള അഭിനേത്രികളെയാണ്‌ തെരഞ്ഞെടുത്തത്‌. നാടകങ്ങൾക്ക്‌ സമാനമായി പരിശീലനം നൽകി. കൂടുതൽ ഡയലോഗുകൾ കൂട്ടിച്ചേർക്കുകയും ചെയ്താണ്‌ മാലുവിന്റെ ചിത്രീകരണം അവസാനിച്ചത്‌.

സംവിധാനം
സിനിമയിൽ എനിക്കേറ്റവും പ്രിയപ്പെട്ടത്‌ സംവിധാനമാണ്‌. അതിനായാണ്‌ ഞാൻ സിനിമ ചെയ്യുന്നത്‌. എന്റെ അമ്മയും അച്ഛനും സഹോദരങ്ങളും കലാമേഖലയിലുള്ളവരാണ്‌. സിനിമ കുട്ടിക്കാലംമുതൽ എന്റെ ഇഷ്‌ടമേഖലയാണ്‌. ഈ സിനിമയുമായി ഐഎഫ്‌എഫ്‌കെയിൽ എത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്‌.



deshabhimani section

Related News

0 comments
Sort by

Home