Deshabhimani

ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരം: ഐഎഫ്എഫ്കെയിൽ ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 09:18 PM | 0 min read

തിരുവനന്തപുരം > 29ാമത് ഐഎഫ്എഫ്കെയുടെ ഭാഗമായി 50 ലോക ചലച്ചിത്രാചാര്യര്‍ക്ക് ആദരമര്‍പ്പിക്കുന്ന ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷന്‍ സംഘടിപ്പിക്കും. 'സിനിമാ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്' എന്ന എക്‌സിബിഷന്‍ സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റല്‍ പെയിന്റിങ്ങുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും. ഡിസംബര്‍ 14ന് രാവിലെ മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് പ്രദര്‍ശനം ആരംഭിക്കും.

അകിര കുറോസാവ, അലന്‍ റെനെ, ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്, തര്‍ക്കോവ്‌സ്‌കി, അടൂര്‍, അരവിന്ദന്‍, ആഗ്‌നസ് വാര്‍ദ, മാര്‍ത്ത മെസറോസ്, മീരാനായര്‍ തുടങ്ങി 50 ചലച്ചിത്രപ്രതിഭകള്‍ അണിനിരക്കുന്ന പ്രദര്‍ശനം ഡിജിറ്റല്‍ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂര്‍വ ദൃശ്യവിരുന്നാകും.

ഹോമേജ്

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ചടങ്ങ് മേളയുടെ ഭാഗമായി ഡിസംബര്‍ പതിനാലിന് വൈകിട്ട് ആറു മണിക്ക് നിള തിയേറ്ററില്‍ സംഘടിപ്പിക്കും. അന്തരിച്ച കുമാര്‍ സാഹ്നി, മോഹന്‍, ഹരികുമാര്‍, കവിയൂര്‍ പൊന്നമ്മ, ചെലവൂര്‍ വേണു, നെയ്യാറ്റിന്‍കര കോമളം തുടങ്ങിയവര്‍ക്ക് മേള സ്മരണാഞ്ജലിയര്‍പ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. ഹോമേജ് വിഭാഗത്തില്‍ നാല് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.



deshabhimani section

Related News

0 comments
Sort by

Home