Deshabhimani

കൈയടി നേടാൻ ‘അങ്കമ്മാൾ’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 10:06 AM | 0 min read

തിരുവനന്തപുരം> ‘ആവേ മരിയ’ക്കുശേഷം സംവിധായകൻ വിപിൻ രാധാകൃഷ്‌ണൻ ‘അങ്കമ്മാളു’മായി ഐഎഫ്‌എഫ്‌കെ വേദിയിൽ. ഇന്ത്യൻ സിനിമാ ടുഡേ വിഭാഗത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ചിത്രം കൈരളി തിയറ്ററിൽ ശനി വൈകിട്ട്‌ ആറിന്‌ പ്രദർശിപ്പിക്കും. എഴുത്തുകാരൻ പെരുമാൾ മുരുകന്റെ കോടിത്തുണി എന്ന കഥയാണ്‌ സിനിമയ്ക്ക്‌ ആധാരം. ബ്ലൗസിടാൻ തയ്യാറാകാത്ത അമ്മയും അതിനെതിരെ നിൽക്കുന്ന മകനുമാണ്‌ കേന്ദ്രകഥാപാത്രങ്ങൾ. അങ്കമ്മാളായി ഗീത കൈലാസവും മകനായി ശരൺ ശക്തിയുമാണ്‌ അഭിനയിച്ചിരിക്കുന്നത്‌. കഥയ്ക്ക്‌ ചേരുന്നത്‌ തമിഴ്‌നാട്ടിലെ ഗ്രാമമായതിനാലാണ്‌ സിനിമ തമിഴിലാക്കിയതെന്ന്‌ വിപിൻ രാധാകൃഷ്‌ണൻ പറഞ്ഞു.

കഥയിൽ അങ്കമ്മാൾ എന്ന കഥാപാത്രമില്ല. സിനിമയിൽ അവർക്ക്‌ നൽകിയ പേരാണ്‌ അങ്കമ്മാൾ. ‘അമര’നിൽ ശിവകാർത്തികേയന്റെ അമ്മയുടെ വേഷം ഗീത കൈലാസമാണ്‌ അങ്കമ്മാളായി വേഷമിട്ടത്‌. ‘മെയ്യഴകനി’ൽ അരവിന്ദ്‌ സ്വാമിയുടെ ചെറുപ്പം അഭിനയിച്ച ശരൺ ശക്തിയാണ്‌ അങ്കമ്മാളുടെ മകന്റെ വേഷം ചെയ്‌തത്‌. ഗീത കൈലാസം ചലച്ചിത്രമേളയിൽ ആദ്യദിവസംതന്നെ എത്തി. ഷൂട്ടിങ്‌ തിരക്കിലായതിനാൽ ശരണിന്‌ എത്താൻ കഴിഞ്ഞില്ല.

സിഇടിയിൽ പഠിക്കുന്ന കാലത്ത്‌ ചലച്ചിത്രമേള കാണാൻ സ്ഥിരമായി എത്തുമായിരുന്നുവെന്ന്‌ സംവിധായകൻ വിപിൻ പറഞ്ഞു. അവിടെനിന്ന്‌ സിനിമ കണ്ടാണ്‌ താൻ സിനിമക്കാരനായതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ആവേ മരിയ. 2018 ലെ ഐഎഫ്‌എഫ്‌കെ മേളയിൽ ചിത്രം പ്രദർശിപ്പിച്ചു. അങ്കമ്മാൾ മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയറായിരുന്നു. ഗോവ ഫിലിം ബസാറിൽ ചിത്രത്തിന്‌ പുരസ്‌കാരം ലഭിച്ചിരുന്നു. ഏതാനും ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കും. ഏപ്രിൽ–-മേയിൽ ചിത്രം തിയറ്ററിൽ റിലീസ്‌ ചെയ്യും.
 



deshabhimani section

Related News

0 comments
Sort by

Home